ഡിവൈഎഫ്ഐയുടെ ഗതികേട്!
ഡിവൈഎഫ്ഐ ക്ക് എന്തു പറ്റി? ഈ ചോദ്യം ചോദിക്കാനിട വരുത്തിയത് അവര്‍ തന്നെയാണ്. ഉശിരുള്ള ചെറുപ്പക്കാര്‍, എവിടെയും എപ്പോഴും ജനകീയ ആവശ്യങ്ങള്‍ക്ക് കൈമെയ് മറന്നു പ്രവര്‍ത്തിച്ച് പാരമ്പര്യമുള്ളവര്‍. ഒരിക്കലും അധികാരത്തിന്റെയോ മത ജാതി വര്‍ഗ വ്യത്യാസമോ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്നവർ. ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ), അംഗത്വ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ യുവജനസംഘടനയാണ്. 1980ല്‍ രൂപം കൊണ്ട ഈ സംഘടന സിപിഎമ്മിന്റെ യുവജന സംഘടന എന്ന നിലയ്ക്കാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യപരമായ ഇടപെടലുകളിലൂടെയും സേവനപ്രവര്‍ത്തനങ്ങളിലൂടെയും മികച്ച ഒരു പൊതുജനാഭിപ്രായം കുറച്ച് നാളുകള്‍ കൊണ്ട് സംഘടന നേടിയെടുത്തു. എന്നാല്‍ കുറച്ച് നാളുകളായി പാര്‍ട്ടിയുടേയും പാര്‍ട്ടി നേതാക്കളുടേയും പാവകളായി ഈ സംഘടന പ്രവര്‍ത്തിക്കുന്നതാണ് കാണുന്നത്. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന അനീതികള്‍ക്കെതിരെയും ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ക്കെതിരെയും മുന്നില്‍ നിന്ന് പ്രതിഷേധിക്കുന്ന ഇവര്‍ പക്ഷേ കേരളത്തില്‍ അപചയത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന ഒരു യുവജന പ്രസ്ഥാനമായി മാറി എന്ന് ആരോപിക്കുന്നവര്‍ക്ക് വടി എടുത്തു കൊടുക്കുകയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ സംഭവം.
തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ തൂങ്ങിമരിച്ച പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ പേരിൽ ഒരു പോസ്റ്റര്‍ ഇറങ്ങി. എല്ലാവരും ആ പോസ്റ്റര്‍ കണ്ട് ജനാധിപത്യത്തിന്റെ ഭംഗിയേയും സംഘടനയുടെ കാര്യപ്രാപ്തിയേയും വാതോരാതെ പുകഴ്ത്തി. പക്ഷേ പിന്നെയല്ലേ സത്യം മനസ്സിലാവുന്നത്. ആ പോസ്റ്റര്‍ വ്യാജമായിരുന്നു പോലും. ഡിവൈഎഫ്‌ഐ തന്നെയാണ് കേട്ടോ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സത്യം പുറത്തുവിട്ടത്. ബാലരാമപുരത്തെ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ കേരള
എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്യാജ പോസ്റ്ററിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. പ്രസ്തുത പോസ്റ്ററുമായി ഡിവൈഎഫ്‌ഐക്ക് ബന്ധമില്ല എന്നായിരുന്നു വിശദീകരണം. അതായത് സംഭവത്തില്‍ തങ്ങള്‍ക്ക് പ്രതിഷേധമൊന്നുമില്ല എന്ന്. പോസ്റ്റിന്റെ താഴെ പ്രതിഷേധങ്ങളും ട്രോളുകളും നിറഞ്ഞു. ഇസ്ലാമിക വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള വെള്ളപൂശലാണ്, ഇങ്ങനെ പേടിച്ചാലോ എന്നൊക്കെ നീളുന്നു കമന്റുകള്‍. സംഭവം കയ്യില്‍ നിന്ന് പോയി എന്ന് സഖാക്കള്‍ക്ക് പിടികിട്ടിയതോടെ പെണ്‍കുട്ടിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 24 മണിക്കൂറിന് ശേഷം പുതിയ പോസ്റ്റര്‍ പുറത്തിറക്കി വിഷയം പരിഹരിച്ചു. ഒരു മതപഠനശാല പ്രതിസ്ഥാനത്ത് വരുന്ന സംഭവത്തില്‍ പ്രതികരിക്കാന്‍ മുട്ടു വിറയ്ക്കുകയാണ് ഡിവൈഎഫ്‌ഐക്ക്. അനീതിക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കാന്‍ കഴിയാത്ത ഗതികേടിലേക്ക് ഡിവൈഎഫ്‌ഐയെ എത്തിച്ചത് ആരാണ് എന്ന ചോദ്യം ബാക്കി നിൽക്കുന്നു.