ലഹരി വിറ്റ് സമ്പന്നമാവുന്ന താലിബാന്‍; ഇന്ത്യയെ വിഴുങ്ങുന്ന യഥാര്‍ഥ നാര്‍ക്കോട്ടിക്ക് ജിഹാദിന്റെ കഥ

എം റിജു

കുറച്ചുകാലം മുമ്പ് പാലാ ബിഷപ്പ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന ഒരു വാക്ക് പറഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ വലിയ കോലാഹലം ഉണ്ടാക്കിയിരുന്നു. ചിലര്‍ ലഹരി വസ്തുക്കള്‍ നല്‍കി മതംമാറ്റുകയായിരുന്നുവെന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. വസ്തുതാവിരുദ്ധമായതുകൊണ്ടുതന്നെ കേരളം അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു.

പക്ഷേ നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന സാധനം വേറെ ഒരു അര്‍ഥത്തില്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിഎന്‍എനും ബിബിസിയും അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതായത് അഫ്ഗാന്റെയും പാക്കിസ്ഥാന്റെയും താലിബാന്‍ സ്വാധീന മേഖലകളില്‍നിന്ന് ഓപ്പിയം ഉണ്ടാക്കി അത് വിവിധ തീവ്രവാദ സംഘടനകള്‍ക്ക് നല്‍കുക എന്ന വിധ്വംസക രീതി ഇപ്പോള്‍ ലോകത്ത് പ്രചരിക്കയാണ്. കുറച്ച് ദിവസം മുമ്പ് കൊച്ചി കടല്‍ത്തീരത്ത് 25,000 കോടി വിലവരുന്ന രാസലഹരി പിടിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹാജി സലീം നെറ്റ്‌വര്‍ക്ക് നടത്തുന്നത് ശരിക്കും, നാര്‍ക്കോട്ടിക്ക് ജിഹാദ് തന്നെയാണെന്നാണ് സിഎന്‍എന്നും ചാനല്‍ ഫോര്‍ത്തും പോലുള്ള മാധ്യമങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ഇക്കാര്യം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്പ്രസ് പറയുന്നു.

നാര്‍ക്കോട്ടിക്‌സിന്റെ അസംസ്‌കൃത വസ്തുക്കള്‍ പാക്കിസ്ഥാനും അഫ്ഗാനും ഉണ്ടാക്കും. ഇത് ലോകത്ത് മുഴുവന്‍ പ്രത്യേകിച്ച് ഇന്ത്യയിലേക്ക് കടത്തിയെത്തിക്കാനുള്ള ചുമതല ഹാജി സലീമിനാണ്. വരുമാനത്തിന്റെ പകുതി അയാള്‍ ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന സംഘടനകള്‍ക്ക് നല്‍കും. ഒരു ഉദാഹരണത്തിന് അഫ്ഗാനില്‍ തഴച്ചുവരുന്ന ഓപ്പിയത്തിന് ഒരു കിലോക്ക് വെറും ഒരുലക്ഷം രൂപയാണ് കിട്ടുക. അത് ഹെറോയിനും മറ്റ് രാസലഹരിയുമായി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയാല്‍ വില കിലോക്ക് ആറുകോടി രൂപവരെ പോകും! ഇന്ത്യയാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍ എന്നതും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.

ആരാണ് ഹാജി സലീം

ദിവസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2023 മെയ് 13ന് കൊച്ചിക്ക് സമീപത്തെ ആഴക്കടലില്‍ നിന്ന് 25,000 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയതോടെയാണ് ഹാജി സലിം വീണ്ടും വാര്‍ത്തകളില്‍നിറയുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പറേഷന്‍ സമുദ്രഗുപ്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയും, ഏറ്റവും വലിയ മെത്താഫെറ്റമിന്‍ വേട്ടയുമാണിതെന്നാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ( എന്‍സിബി) പറയുന്നത്. എന്‍സിബിക്കു പുറമേ എന്‍ഐഎയും, ഐബിയും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ സുത്രധാരനാണ് പാക്കിസ്ഥാന്‍ സ്വദേശിയായ ഹാജി സലീം എന്നാണ് പറയുന്നത്.

ലൂസിഫറിലെ അബ്രം ഖുറൈശി അബ്രത്തെപ്പോലെ ഒരു കഥാപാത്രം ഇയാളുടെ വ്യക്തിപരമായ വിവരങ്ങള്‍ കാര്യമായി ലഭ്യമല്ല. പുര്‍ണ്ണമായി സ്ഥിരീകരിച്ച ഒരു ചിത്രംപോലുമില്ല. പക്ഷേ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഇയാള്‍ കടന്നുവരുന്നത് ഡി കമ്പനിയില്‍ നിന്നാണ്. നാല്‍പ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള ഇയാള്‍ ദാവൂദിന് വേണ്ടി പല ഓപ്പറേഷനുകളും നടത്തിയിട്ടുണ്ടെന്നും, അങ്ങനെ ദാവൂദ് വഴിയാണ് ഐഎസ്‌ഐയുമായി അടുക്കുന്നത് എന്നുമാണ്, ചില ലേഖനങ്ങളില്‍ കാണുന്നത്. പിന്നെ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് ആണ് ഇയാള്‍ നാര്‍ക്കോട്ടിക്ക് ജിഹാദിലേക്ക് കടക്കുന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വന്തമായി കോഡ് ഭാഷയും ഒരു ചെറു സൈന്യവും പോലും ഇയാള്‍ക്കുണ്ട്. ഇറാന്‍ കടല്‍ത്തീരത്തുന്നിന്നാണ് ലഹരിക്കടത്ത്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് ഹാജി സലീം നെറ്റ്വര്‍ക്കിന്റെ മയക്കുമരുന്ന് പ്രോസസിങ്് യൂണിറ്റുകള്‍ ഉള്ളത് എന്നാണ് വിദേശ മാധ്യമങ്ങള്‍ എഴുതുന്നത്. ഇവിടെ നിരവധി രഹസ്യ ലബോറട്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇനി പരസ്യമായും ആരും ഒരു നടപടിയും എടുക്കില്ല. ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് ഈ പരിപാടിയെന്ന് എല്ലാവര്‍ക്കും അറിയാം. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹെറോയിന്‍ വ്യത്യസ്ത ചിഹ്നങ്ങളോ ലിഖിതങ്ങളോ ഉപയോഗിച്ച് ലേബല്‍ ചെയ്യുന്നത് ഇവിടെ വച്ചാണ്.

ക്രഡിറ്റില്‍ മയക്കുമരുന്ന് നല്‍കുമെന്നാണ് ഹാജി സലിം ഗ്രൂപ്പിന്റെ പ്രത്യേകത. പിന്നെ അത് വിറ്റിട്ട് പണത്തിന്റെ പകുതി നല്‍കിയാല്‍ മതിയെന്നാണ് ഇയാള്‍ ആവശ്യപ്പെടാറുള്ളത് എന്നാണ് എന്‍സിബി പറയുന്നത്. കാശ്മീരിലെ ലഷ്‌കര്‍ ഇ ത്വയ്യിബയും, ജെയ്‌ഷെ മുഹമ്മദും അടക്കമുള്ള സംഘടനകള്‍ ഇയാളുടെ കസ്റ്റമേര്‍സ് ആണെന്നും പറയുന്നു. അതായത് ലഷ്‌ക്കര്‍ ഇ ത്വയിബക്ക് മുമ്പ് പാക്ക് ഐഎസ്‌ഐയായിരുന്നു ഫണ്ട് നല്‍കിയിരുന്നത്. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് പതിനായിരം കോടിവേണമെങ്കില്‍, ഇരുപതിനായിരം കോടിയുടെ രാസലഹരി ഹാജി സലിം നെറ്റ്‌വര്‍ക്ക് നല്‍കും. അത് വിറ്റ് പകുതി എടുക്കാം!

ലഹരി വിറ്റ് സമ്പന്നമാവുന്ന താലിബാന്‍

ഇസ്ലാം കര്‍ശനമായി വിലക്കിയ കാര്യമാണ് മദ്യവും മയക്കുമരുന്നുമന്നാണ് കേരളത്തില്‍ അടക്കമുള്ള ഇസ്ലാമിസ്റ്റുകള്‍ പറയുക. പക്ഷേ ഇസ്ലാമിനെ അണുവിട തെറ്റാതെ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന ഇറാനോ, താലിബാനോ ഒന്നും ഡ്രഗ് മണിയോട് യാതൊരു എതിര്‍പ്പുമില്ല. ‘ബുഷിനോടെ ഞങ്ങള്‍ക്ക് എതിര്‍പ്പുള്ളൂ, ഡോളറിനോട് ഇല്ല’ എന്ന് പണ്ട് ഒരു ലീഗ് നേതാവ് പറഞ്ഞതാണ് ഓര്‍മ്മവരിക.

മലയാളത്തില്‍ കറുപ്പ് എന്നും ഇംഗ്ലീഷില്‍ ഓപ്പിയം എന്നും ഉര്‍ദുവില്‍ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരി പദാര്‍ത്ഥമാണ്. ഇതേ ചെടിയില്‍ നിന്നാണ് നമ്മള്‍ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഓപ്പിയം ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കള്‍ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടില്‍ നിന്ന് ശേഖരിക്കുന്ന കറയില്‍ നിന്നാണ് കറുപ്പ് എന്ന ലഹരി വേര്‍തിരിച്ചെടുക്കുന്നത്. ഈ ഓപ്പിയം സിറപ്പില്‍ നിന്ന് ഹെറോയിന്‍ വാറ്റിയെടുക്കയാണ് ഇന്ന് താലിബാന്റെ പ്രധാന വരുമാന മാര്‍ഗം.

ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാന്‍ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ട് കണ്ടെത്തുന്നത്. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെ ഹെറോയിന്‍ വാറ്റ് കുടില്‍ വ്യവസായം പോലെയായി. എന്നാല്‍ ഹറാമായതുകൊണ്ട് താലിബാന്‍ ഇതൊന്നും സ്വന്തം രാജ്യത്ത് ഉപയോഗിക്കില്ല. വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്ന് മാഫിയ വഴി കടത്തുകയാണ് ചെയ്യുക. ഈ കടത്തിന്റെയും മറ്റ് രാസലഹരിയാക്കുന്നതിന്റെ ചുമതലയാണ്, ഹാജി സലീമിന്. അതുവഴി അയാള്‍ക്കുകിട്ടുന്ന ശതകോടികളുടെ പകുതി ജിഹാദി സംഘടനകള്‍ക്ക് കൂടിയാണ് പോകുന്നത്. ഇറാന്‍, ശ്രീലങ്ക, മാലദ്വീപ്, എന്നിവിടങ്ങളിലും ഇയാള്‍ക്ക് വേരുകള്‍ ഉണ്ട്. ശ്രീലങ്കയിലെ മൂന്‍ തമിഴ്പുലികളെയും കടത്തിന് ഉപയോഗിക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുമ്പ് പഞ്ചാബില്‍ ഉണ്ടായിരുന്നതുപോലെ രാസലഹരിയുടെ ഹബ്ബായി മാറുകയാണ് കേരളം എന്ന് സംശയമുണ്ട്. സ്‌കുള്‍ കുട്ടികള്‍ തൊട്ട് സിനിമാക്കാര്‍ വരെയുള്ളവരില്‍ നമ്മുടെ ചര്‍ച്ച ചെന്ന് നില്‍ക്കുന്നത് ലഹരിയിലാണ്. രാസലഹരി ഉപയോഗിക്കുന്ന ന്യജന്‍ താരങ്ങള്‍ ആരൊക്കെ എന്ന് ചോദിച്ച് വലിയ ചര്‍ച്ച നടക്കുന്ന സമയമാണ്. അതിനിടെ ഹാജി സലിം നെറ്റ് വര്‍ക്കി’ന്റെ ഏജന്റുമാര്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ പരിശോധനകള്‍ ശക്തമാക്കുന്നുണ്ട്. ഇവിടുത്തെ ചില സംഘടനകളും സംശയത്തിന്റെ നിഴലിലാണെന്ന് എന്‍സിബിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *