ഫർഹാന ചിത്രം വിവാദത്തിൽ; നടി ഐശ്വര്യ രാജേഷിന് പോലീസ് സുരക്ഷ

റിലീസായതിന് പിന്നാലെ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളുമാണ് നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ഫർഹാന എന്ന ചിത്രത്തിനെതിരെ ഉയരുന്നത്. ചിത്രത്തിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് നായിക ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. മുസ്ലിം മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം എന്ന് ആരോപിച്ച് ഇന്ത്യൻ നാഷണൽ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്‌ക്കെതിരെ രം​ഗത്തു വന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഐശ്വര്യക്ക് പോലീസ് സംരക്ഷണം നൽകിയത്. വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വളരെ വലിയ സാമൂഹിക ഉത്തരവാദിത്വം പുലർത്തിക്കൊണ്ടാണ് തങ്ങൾ ഓരോ സിനിമയും ഇറക്കുന്നതെന്നാണ് അവർ പ്രസ്താവനയിൽ പറയുന്നത്. മതസൗഹാർദം, സാമൂഹിക ഐക്യം, സ്‌നേഹം തുടങ്ങിയ വികാരങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സിനിമകൾ നിർമ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നതെന്നും സർക്കാർ കൃത്യമായി സെൻസർ ചെയ്ത ഫർഹാന എന്ന ചിത്രത്തെക്കുറിച്ച് ഒരു വിഭാ​ഗം ആളുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ വേദനാജനകമാണെന്നും നിർമാതാക്കൾ പ്രസ്താവനയിൽ പറയുന്നു.

ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫർഹാന.’ ഒരിക്കൽ ഇത്തരത്തിൽ ഫോണിൽ സംസാരിക്കുന്ന യുവാവുമായി അവർ ആത്മബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംവിധായകൻ സെൽവരാഘവൻ, ജിതൻ രമേഷ്, അനുമോൾ, ഐശ്വര്യ ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഇതിവൃത്തം മുസ്ലീം സമുദായത്തെ അപകീർത്തിപ്പെടുന്നതാണെന്നും റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സിനിമ ചെന്നൈയിലെ കോൾ സെൻ്ററിൽ ജോലി ചെയ്യുന്ന ഒരു മുസ്ലീം സ്ത്രീ നേരിടുന്ന പ്രശ്നങ്ങളാണ് പറയുന്നതെന്നും മതവികാരം വൃണപ്പെടുത്തുന്നതല്ലെന്നും സംവിധായകൻ നെൽസൺ വിശദീകരിച്ചു. മെയ് 12 നാണ് സിനിമ തീയേറ്ററുകളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *