ബംഗാള്‍ ഗവര്‍ണറുടെ പുസ്തകം സര്‍ക്കാര്‍ ചെലവില്‍

മലയാളിയായ ഡോ സി വി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറായത് തന്നെ വലിയ വാര്‍ത്തയായിരുന്നു. 2022 നവംബര്‍ 17ന് ചുമതലയേറ്റ അദ്ദേഹം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഒരു പുസത്കം പ്രസിദ്ധീകരിച്ചു. ‘സി വി ആനന്ദബോസിന്റെ സര്‍ഗ പ്രപഞ്ച’മെന്ന പുസ്തകം രാജ്ഭവന്റെ സര്‍ക്കാര്‍ മുദ്ര പതിച്ചാണ് പുറത്തിറങ്ങിയത്. 2023 ജനുവരിയില്‍ രണ്ടാമത്തെ എഡിഷനും പ്രസിദ്ധീകരിച്ചു. ഇത് കണ്ട് ആരെങ്കിലും അതേക്കുറിച്ച് വിമര്‍ശിക്കാനിറങ്ങിയെങ്കില്‍ തെറ്റു പറയാനാവില്ല. തന്നെ കുറിച്ചുള്ള പുസ്തകം രാജ്ഭവന്‍ ചിലവില്‍ അച്ചടിക്കാനാണോ ആനന്ദബോസ് ഗവര്‍ണറായതെന്നാണ് പലരും ചോദിക്കുന്നത്.

പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും താത്പര്യപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ ഗവര്‍ണ്ണര്‍ സ്ഥാനമെന്ന് എല്ലാവര്‍ക്കും അറിയാം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിടിച്ചു കെട്ടാന്‍ വേണ്ടിയാണ് ഈ നിയമനമെന്നത് രഹസ്യമായ കാര്യമല്ല. പക്ഷെ ഈ പുസ്തകത്തിന്റെ ആദ്യ പേജില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമൊത്തുള്ള ആനന്ദ ബോസിന്റെ ഫോട്ടോയാണ് കൊടുത്തിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഗവര്‍ണ്ണര്‍ ആനന്ദ ബോസിന്റെ ഫോട്ടോ പുസ്തകത്തിന്റെ അകത്തെ പേജിലാണ് നല്‍കിയിരിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണ്ണര്‍ സി വി ആനന്ദ ബോസും തമ്മില്‍ ഒരു രഹസ്യധാരണയുണ്ടെന്ന് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് ആരോപിച്ചു കഴിഞ്ഞു.

‘സി.വി ആനന്ദ ബോസിന്റെ സര്‍ഗ പ്രപഞ്ച’മെന്ന പുസ്തകത്തില്‍ ആനന്ദ ബോസിനെക്കുറിച്ച് കേരളത്തിലുള്ള മുഴുവന്‍ ഉന്നത വ്യക്തികളെക്കൊണ്ട് പ്രശംസിച്ച് മുഖസ്തുതി പറയിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇന്ത്യയിലെ പ്രമുഖ വ്യക്തികളെക്കൊണ്ടും അദ്ദേഹം പറയിപ്പിക്കുന്നുണ്ട്. ഗവര്‍ണ്ണറുടെ മഹിമകള്‍ പാടിപ്പുകഴ്ത്തുന്ന പുസ്തകം സര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ത്യയിലെ ഒരു ഗവര്‍ണ്ണറും ഇന്നുവരെ ചെയ്യാത്തതാണെന്നാണ് പ്രധാന ആരോപണം.

ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍പിള്ള രചിച്ച ‘എന്റെ പ്രിയ കഥകള്‍’ എന്ന 194ാമത്തെ പുസ്തകം 2023 മെയ് 8ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. ഈ 194 പുസ്തകങ്ങളില്‍ ഒന്നുപോലും സര്‍ക്കാര്‍ ചെലവിലല്ല പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാം വിവിധ പബ്ലിഷര്‍മാരാണ് പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ‘സി.വി ആനന്ദബോസിന്റെ സര്‍ഗപ്രപഞ്ച’മെന്ന പുസ്തകം സര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകരിച്ചതിലൂടെ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ് അദ്ദേഹം നടത്തിയെന്ന ആരോപണത്തിൽ കഴമ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *