സാറ്റലൈറ്റ് റൈറ്റ് മറന്നു; പി കെ ആര്‍ പിള്ള സിനിമയിലെ ചതിയുടെ ഇര

ഴിഞ്ഞ ദിവസം അന്തരിച്ച പി.കെ.ആര്‍ പിള്ള മലയാള സിനിമയുടെ ചതിയുടെ ഇര കൂടിയാണ്.അദ്ദേഹം നിര്‍മ്മിച്ച പല ചിത്രങ്ങളും ചാനലുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പക്കാറുണ്ട്. പക്ഷേ അതിന്റെ വരുമാനം ഒന്നും പി കെ ആര്‍ പിള്ള എന്ന, ഒരു കാലത്ത് ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച പ്രൊഡ്യുസര്‍ക്ക് ജീവിത സായന്തനത്തില്‍ കിട്ടിയിരുന്നില്ല. കാരണം അവയുടെയുക്കെ റൈറ്റ് ആര്‍ക്കാണ് കൊടുത്തതെന്ന് അദ്ദേഹം മറന്നുപോയിരുന്നു. 92ാം വയസ്സില്‍ അന്തരിച്ച, പരിശപ്പറമ്പില്‍ കുഞ്ഞന്‍പിള്ള രാമചന്ദ്രന്‍ പിള്ള എന്ന പി കെ ആര്‍ പിള്ള, അങ്ങിനെ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തിന് കീഴടങ്ങി.

.ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി മലയാളം എക്കാലവും ഓര്‍ക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച സൂപ്പര്‍ നിര്‍മ്മാതാവിനു പക്ഷേ ജീവിത സായാഹ്നത്തില്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയുമായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധികളും മകന്റെ അപ്രതീക്ഷിത മരണവുമെല്ലാം അദ്ദേഹത്തെ തളര്‍ത്തി കളഞ്ഞിരുന്നു. ഈ സമയത്താണ് അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം ബന്ധുക്കളുടെ ഓര്‍മ്മയില്‍വന്നത്. ഭാര്യ രമ ഈ സിനിമകളുടെ സാറ്റലൈറ്റ് അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നല്‍കിയെങ്കിലും ഒരു നടപടിയുണ്ടായില്ല. ആര്‍ക്കാണ് താന്‍ സാറ്റലൈറ്റ് എഴുതിക്കൊടുത്തതെന്ന് പി കെ ആര്‍ പിള്ളയും മറന്ന് പോയിരുന്നു.

ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനര്‍ ഒരുകാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകള്‍ പതിവായി നിര്‍മ്മിച്ചവരായിരുന്നു. പക്ഷേ ഇടക്ക് അദ്ദേഹത്തിന് അടിതെറ്റി. ഈ സാറ്റലൈറ്റ് റൈറ്റ് പോലെ തന്നെ വേറെ പലരും സിനിമയില്‍ അദ്ദേഹത്തിന് പണം നല്‍കാനുള്ളതായി പറയുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന് ഒന്നും ഓര്‍ത്തെടുക്കാന്‍ ആയില്ല. സിനിമപോലെ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു കുതിരപ്പന്തയങ്ങള്‍. സ്വന്തമായി രണ്ടു ഡസനിലേറെ കുതിരകളും ഉണ്ടായിരുന്നു. ഈ വഴിക്കും അദ്ദേഹം ലക്ഷങ്ങള്‍ നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

20 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ 22 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു. പത്തു വര്‍ഷം മുമ്പ് ബിസിനസ് തകര്‍ന്നതോടെ മുംബൈ വിട്ട് തൃശൂരില്‍ താമസമാക്കി. അതിനിടെ സിനിമയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നതായും പലവട്ടം അതിനായി ശ്രമിച്ചിരുന്നതായും ഭാര്യ രമ മുന്‍പ് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഓര്‍മക്കുറവുണ്ടെന്നതൊഴിച്ചാല്‍ അദ്ദേഹം അദ്ദേഹം ആരോഗ്യവാനായിരുന്നു.

നാല് വര്‍ഷം മുമ്പ് നിര്‍മ്മാതാവ് സജി നന്ത്യാട്ട് വഴിയാണ് പി.കെ.ആര്‍. പിള്ളയുടെ ജീവിതാവസ്ഥയെക്കുറിച്ച് പുറംലോകം അറിയുന്നത്. ഇന്ത്യയിലെ വമ്പന്‍ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങളുണ്ടായിരുന്നു പി.കെ.ആര്‍. പിള്ളയ്ക്ക്. ഒപ്പം നിന്നവര്‍ അവയെല്ലാം തന്ത്രപൂര്‍വം കൈവശപ്പെടുത്തിയതോടെയാണ് തകര്‍ച്ച ആരംഭിച്ചത്. അക്കാലത്ത് ആറുകോടിയിലധികം രൂപ വിലമതിക്കുന്ന വീട് വെറും 70 ലക്ഷത്തിനു വിറ്റെന്നും വാര്‍ത്തകള്‍ വന്നിരുന്നു. സാമ്പത്തികമായി തകര്‍ന്നപ്പോള്‍ സിനിമയില്‍ നിന്നുള്ള പല ബന്ധങ്ങളും അകന്നു.

പിള്ളയുടെ നാല് മക്കളിലൊരാളായ സിദ്ധു ആര്‍.പിള്ള ദുരൂഹസാഹചര്യത്തില്‍ ഗോവയില്‍ വച്ചു മരിച്ചിരുന്നു. ദുല്‍ഖര്‍ ചിത്രം സെക്കന്‍ഡ് ഷോയില്‍ സിദ്ധു അഭിനയിച്ചിരുന്നു. മകന്റെ മരണവും പിള്ളയുടെ കുടുംബത്തെ തളര്‍ത്തി. സിദ്ധാര്‍ത്ഥിന്റെ മരണം അദ്ദേഹത്തെ ആകെ ഉലച്ചു. അഭിനേതാവ് എന്ന നിലയില്‍ മകന്‍ സജീവമാകുന്നതിനിടെയായിരുന്നു ആ അപകടം. അതോടെ പി.കെ.ആര്‍. പിള്ള മുറിയില്‍നിന്നിറങ്ങാതെയായി. മകനെ ഇപ്പോഴും അദ്ദേഹം കാത്തിരിക്കയായിരുന്നു.

1984ല്‍ നിര്‍മ്മിച്ച വെപ്രാളം ആയിരുന്നു പി.കെ.ആര്‍. പിള്ളയുടെ ആദ്യചിത്രം. പിന്നീട് ഓണത്തുമ്പിക്കൊരൂഞ്ഞാല്‍, പുലി വരുന്നേ പുലി, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ തുടങ്ങി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 2002 ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവലാണ് അവസാനം നിര്‍മ്മിച്ച ചിത്രം.

സഹായിച്ചത് മോഹന്‍ലാല്‍

തൃശൂര്‍ പട്ടിക്കാട്ട് ഭാര്യയും മക്കളും നടത്തുന്ന ഒരു തുണിക്കടയില്‍നിന്നുള്ള ചെറിയ വരുമാനത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മകളുടെ വിവാഹത്തിനും മറ്റും ഏറെ ബുദ്ധിമുട്ടി. പക്ഷേ നന്ദികേടിന്റെ ചലച്ചിത്രലോകത്ത് വേറിട്ട് നിന്നത് മോഹന്‍ലാല്‍ മാത്രമായിരുന്നു. അവസാനകാലത്ത്, ഭീമമായ ചികിത്സാച്ചെലവു വഹിക്കേണ്ടി വന്നപ്പോള്‍ പഴയ സൂപ്പര്‍ നിര്‍മ്മാതാവിനു കൈത്താങ്ങായത് അദ്ദേഹത്തിന്റെ സ്വന്തം സൂപ്പര്‍താരം മോഹന്‍ലാലായിരുന്നു. പക്ഷേ, ഇക്കാര്യം അധികരമാരും അറിഞ്ഞില്ല. മോഹന്‍ലാലും അധികമാരും അറിയാന്‍ താല്‍പ്പര്യപ്പെട്ടതുമില്ല.

സാമ്പത്തിക ഞെരുക്കമുണ്ടായിരുന്നെങ്കിലും അപ്പാടെ തകര്‍ന്ന അവസ്ഥയിലായിരുന്നില്ല പിള്ളയുടെ കുടുംബം. എല്ലാ മാസവും ഭീമമായ തുക ചികിത്സക്കായി വേണ്ടി വന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇക്കാര്യം അറിഞ്ഞ മോഹന്‍ലാല്‍ അദ്ദേഹത്തെ സഹായിക്കാന്‍ മുമ്പോട്ടു വന്നു. എല്ലാ മാസവും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ചെലവിനുമുള്ള തുക മുടങ്ങാതെ അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ പഴയ നിര്‍മ്മാതാവിനോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിച്ചത്.

എണ്‍പതുകളില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സിനിമകള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയിലുണ്ട്. ചിത്രം എന്ന സിനിമ നിര്‍മ്മാതാവ് എന്ന നിലയില്‍ പിള്ളയുടെ തലവര മാറ്റിക്കുറിച്ചു. ഒരു വര്‍ഷം തുടര്‍ച്ചയായി തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമയാണ്, മോഹന്‍ലാലിന് സൂപ്പര്‍ താര പദവിയിലേക്ക് ചവിട്ടുപടിയായത്. പിന്നാലെ വന്ദനം, അര്‍ഹത, കിഴക്കുണരും പക്ഷി, അഹം തുടങ്ങിയ ചിത്രങ്ങളും പുറത്തുവന്നു. പക്ഷേ ഈ ചിത്രങ്ങളൊക്കെ ചാനലുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴു പത്തുപൈസ അദ്ദേഹത്തിന് പ്രതിഫലം കിട്ടിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *