‘സമ്പദ്ഘടന കൈകാര്യം ചെയ്യുന്നതിൽ പരാജയം’; മോദി സർക്കാരിനെതിരെ ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ്

മോദി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി ധനമന്ത്രി നിർമലാ സീതാരാമന്റെ ഭർത്താവും സാമ്പത്തിക വിദഗ്ധനുമായ പർക്കല പ്രഭാകർ. രാജ്യത്തെ സമ്പദ്ഘടന കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയമാണെന്ന് പർക്കല ആരോപിച്ചു. പല ആഭ്യന്തര കാര്യങ്ങളെ കുറിച്ചും മോദിയ്ക്ക് ധാരണയില്ലെന്നും രാജ്യത്ത് വിഘടന വാദമുയർത്തി ഭിന്നത സൃഷ്ടിക്കുന്നതിലാണ് പ്രധാനമന്ത്രിയ്ക്ക് മികവ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് ആരോപണം. മെയ് 14-ന് പർക്കല പ്രഭാകറിന്റെ ‘ദ ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകം പ്രകാശനം ചെയ്തിരുന്നു. മോദി സർക്കാർ രാജ്യത്തെ സാമ്പത്തികപരവും രാഷ്ട്രീയപരവുമായ മേഖലകളെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്‌.

വികസന മുദ്രാവാക്യം ഉയർത്തി ഭരണത്തിലെത്തിയ ബിജെപി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണെന്ന്‌ പർക്കല ആരോപിക്കുന്നു. നമ്മുടെ രാജ്യം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ജനാധിപത്യ മൂല്യങ്ങളെല്ലാം ഇന്ന് രാജ്യത്തിന് അന്യമാണ്. രാജ്യത്ത് നടക്കുന്ന അന്യായമായ പല കാര്യങ്ങളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കണമെന്ന് തോന്നിയതാണ് പുസ്തകമെഴുതാൻ പ്രചോദനമായതെന്നും പർക്കല പറയുന്നു. ‘മോദി ഭരണത്തിൽ ഇന്ത്യയിൽ മുസ്ലീങ്ങൾ നിരന്തരം വേട്ടയാടപ്പെടുകയാണ്. അന്വേഷണ എജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ തകർക്കാനുള്ള ശ്രമവും മോദി നടത്തുന്നു. 1990-ന് ശേഷം ആദ്യമായി ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം രാജ്യത്ത് വർദ്ധിച്ചു. ഭൂരിഭാഗം സൂചികയിലും ഇന്ത്യയുടെ സ്ഥാനം പിറകിലാണ്’. തൊഴിലിലായ്മ രാജ്യത്ത് രൂക്ഷമാണെന്നും പുസ്തകത്തിൽ പർക്കല പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *