മടിയിലെ കനം തന്നെ ലീഗിന്റെ പ്രശ്‌നം
മുസ്‌ലിം ലീഗ് യു ഡി എഫ് വിട്ടു എൽ ഡി എഫിലേക്കു പോകുമോ എന്ന ചർച്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ നേതാക്കൾ പുട്ടിനു തേങ്ങ ഇടുന്നതു പോലെ ഇടയ്ക്കിടെ ലീഗിനെ പ്രശംസിച്ചു കൊണ്ടേയിരിക്കുന്നു. താനൂർ ബോട്ട് ദുരന്തം നടന്ന ശേഷം ലീഗിനെ പൊക്കിയടിക്കൽ സിപിഎം നേതാക്കൾ ഒരു ഫാഷനാക്കി മാറ്റിയിട്ടുണ്ട്.. ലീഗിൽ ഒരു വിഭാഗം ഇത് കേട്ട് കോരിത്തരിക്കുമ്പോൾ സിപിഎം വിരുദ്ധരായ ഏതിർചേരി രോഷാകുലരാണ്. സിപിഎം അനുകൂല വിഭാഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയും പി എം എ സലാമും എതിർ ചേരിയിൽ എം കെ മുനീറും കെ എം ഷാജിയും കെ പി എ മജീദുമൊക്കെ എന്നതാണ് ഇപ്പോഴത്തെ നില. പാർട്ടി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കു സിപിഎം അനുകൂല പക്ഷത്തോടാണ് ആഭിമുഖ്യം. താനൂരിൽ മുഖ്യമന്ത്രി എത്തിയപ്പോൾ മന്ത്രിമാരെ പിൻ നിരയിലേക്ക് മാറ്റി തന്നെയും കുഞ്ഞാലിക്കുട്ടിയെയും ഇടത്തും വലത്തും നിർത്തി വാർത്താ ലേഖകരെ കണ്ടതിന്റെ ഹാങ്ങോവർ സാദിഖലി തങ്ങൾക്കു ഇനിയും വിട്ടുമാറിയിട്ടില്ല.
വികസനത്തിൽ രാഷ്ട്രീയം വേണ്ട, , ദുരന്തത്തിൽ രാഷ്ട്രീയം വേണ്ട എന്നൊക്കെ സിപിഎം വിധേയത്വത്തിനു കുഞ്ഞാലിക്കുട്ടി കാരണങ്ങൾ കണ്ടെത്തുമെങ്കിലും സംഗതി വേറെയാണ്. കുഞ്ഞാലിക്കുട്ടിയുടെ തല കുറച്ചായി പിണറായി വിജയന്റെ കക്ഷത്തിലാണ്. വിഷയം മറ്റൊന്നുമല്ല. എ ആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുകൾ. കുഞ്ഞാലിക്കുട്ടിയെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ മാത്രം ബാധിക്കുന്ന ഒന്നല്ല ഇത്.. മുസ്‌ലിം ലീഗ് എന്ന പാർട്ടിയെ ഒന്നാകെ പ്രതി സ്ഥാനത്തു നിർത്തുന്നതാണ്.. . കാരണം , ഒന്നും അറിയാത്ത, നിരപരാധികളായ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രാദേശിക തലത്തിലുമുള്ള ലീഗിന്റെ നേതാക്കന്മാർ അവരറിയാതെ ഈ കെണിയിൽ പെട്ട് കിടക്കുകയാണ്. അവർ അറിയാതെ അവരുടെ പേരിൽ എ ആർ നഗർ ബാങ്കിൽ വ്യാജ അക്കൗണ്ടുകളും അതിൽ ലക്ഷങ്ങളുടെ നിക്ഷേപവും ഉണ്ട്. . സഹകരണ വകുപ്പിന്റെ ഇൻസ്‌പെക്ഷൻ വിഭാഗം രണ്ടു കൊല്ലം മുൻപ് പരിശോധന നടത്തി ഇത് കണ്ടു പിടിച്ചിരുന്നു. ആദായ നികുതി വകുപ്പിന്റെ പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തി. എന്നാൽ, നിയമ നടപടികൾ ഒന്നും ഇതേവരെ കൈക്കൊണ്ടിട്ടില്ല. പോലീസ് ഇതുവരെ ഒരു എഫ് ഐ ആർ ഇട്ടിട്ടില്ല. എഫ് ഐ ആർ ഇട്ടാൽ പിറ്റേന്ന് അവിടെ ഇ ഡി കയറി നിരങ്ങുമെന്നതാണ് ഭയം.. സിബി ഐ യുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കേണ്ട അത്രയും ഗൗരവമുള്ള ഒന്നായിട്ടും സംഗതി ഒതുക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ.
പത്തു വർഷത്തിനിടയിൽ 1021 കോടിയുടെ കള്ളപ്പണ ഇടപാട് എ ആർ നഗർ ബാങ്ക് കേന്ദ്രീകരിച്ചു നടന്നതായാണ് കണക്കാക്കപ്പെടുന്നത്. നൂറു കണക്കിന് വ്യാജ ഐ ഡികൾ. വ്യാജ അക്കൗണ്ടുകൾ..ഹവാല, റിവേഴ്‌സ് ഹവാല ഇടപാടുകൾ. ബാങ്കിലെ ജീവനക്കാരുടെ പേരിൽ വരെ കോടികളുടെ നിക്ഷേപം. ദീർഘകാലം ബാങ്കിൽ സെക്രട്ടറിയും പിന്നീട് ഡയറക്ടറും ആയ ഹരികുമാറിനെ മുന്നിൽ നിർത്തി നടത്തിയ ഈ കള്ളപ്പണ കുംഭകോണം ആദ്യം പുറത്തു പറഞ്ഞത് ഡോ കെ ടി ജലീൽ ആയിരുന്നു. തുടർച്ചയായി അദ്ദേഹം അതേക്കുറിച്ചു ഫേസ്‌ബുക്കിൽ എഴുതുകയും വാർത്താ സമ്മേളനങ്ങൾ നടത്തുകയും ചെയ്‌തു . മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ജലീൽ പരാതി നൽകി. സഹകരണ ഇൻസ്‌പെക്ഷൻ വിങ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സഹിതമാണ് 7 / 9 / 21 നു മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. വിജിലൻസ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ജലീൽ വെളിപ്പെടുത്തുകയും ചെയ്‌തു . എന്നാൽ, പൊടുന്നനെ അഴിമതിക്കെതിരായ കുരിശു യുദ്ധത്തിൽ നിന്ന് ജലീൽ യു ടേൺ അടിച്ചു. കുറ്റിപ്പുറത്തെ ഒരു വ്യവസായ പ്രമുഖന്റെ വീട്ടിൽ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നായിരുന്നു അത്. മുസ്‌ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിക്കുന്നതിന്റെ മുൻനിരയിൽ ഇപ്പോൾ ജലീലും ഉണ്ട്.
കുഞ്ഞാലിക്കുട്ടിയുടെയും കുടുംബത്തിന്റെയും കള്ളപ്പണമാണ് എ ആർ നഗർ ബാങ്കിൽ കുമിഞ്ഞു കൂടിയതെന്നാണ് ജലീൽ പരസ്യമായി ആരോപിച്ചത്. വാർത്താ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്യുകയും സമൂഹ മാധ്യമങ്ങൾ അലക്കി വെളുപ്പിക്കുകയും ചെയ്തു. എന്നാൽ അതിന്റെ പേരിൽ ഒരാൾക്കെതിരെയും കുഞ്ഞാലിക്കുട്ടി മാനനഷ്ടത്തിന് കേസ് കൊടുത്തതായി അറിവില്ല. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സെക്രട്ടറി എം അബ്ബാസ് മുതൽ തെക്കേ അറ്റത്തുള്ള കഴക്കൂട്ടം മണ്ഡലം ലീഗ് സെക്രട്ടറി നാസർ തെന്നിവിള വരെയുള്ളവർ എങ്ങിനെയാണ് മലപ്പുറം ജില്ലയിലെ എ ആർ നഗർ സഹകരണ ബാങ്കിൽ അക്കൗണ്ട് എടുക്കുകയും അതിൽ ലക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്തതെന്ന് വിശദീകരിക്കേണ്ട ബാധ്യത പി കെ കുഞ്ഞാലിക്കുട്ടിക്കുണ്ട്. കാരണം അന്നും ഇന്നും ലീഗിന്റെ സുപ്രധാന നേതാവാണദ്ദേഹം. ലക്ഷങ്ങളും കോടികളുമാണ് ഇവരുടെ പേരിലുള്ളത്. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും അക്കൂട്ടത്തിലുണ്ട്. അന്തരിച്ച മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണൂർ സ്വദേശി വി കെ അബ്ദുൽ ഖാദർ മൗലവിയുടെ പേരിൽ 12 അക്കൗണ്ടുകളാണ് എ ആർ നഗർ ബാങ്കിൽ ഉണ്ടായിരുന്നത്. അതിലെ ആറു അക്കൗണ്ടുകളിലായി ഒന്നര കോടിക്ക് മുകളിൽ നിക്ഷേപം ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ 15804707 രൂപ. മറ്റു ആറു അക്കൗണ്ടുകളിലെ തുക കംപ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്‌തു .മൗലവി എ ആർ നഗർ ബാങ്കിൽ പോകുകയോ അവിടെ അക്കൗണ്ട് തുടങ്ങുകയോ ചെയ്തിട്ടില്ല. കണ്ണൂരിൽ നിരവധി ബാങ്കുകൾ ഉണ്ടായിരിക്കെ മലപ്പുറത്ത് പോയി പണം നിക്ഷേപിക്കേണ്ട കാര്യം അദ്ദ്ദേഹത്തിനില്ല. വ്യാജ അക്കൗണ്ടുകളുടെ വിവരം അറിഞ്ഞത് മുതൽ കള്ളപ്പണത്തിന്റെ പേരിൽ ഇ ഡി തന്റെ വീട്ടിൽ കയറി വരുമോ എന്ന ആശങ്കയിലായിരുന്നു അദ്ദേഹം. വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു. .
മുൻ മന്ത്രി കൂടിയായ മുതിർന്ന ലീഗ് നേതാവ് പികെകെ ബാവ രോഗ ഗ്രസ്തനായി കോഴിക്കോട് കാപ്പാട്ടെ വീട്ടിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ പേരിൽ അഞ്ചു അക്കൗണ്ടുകളാണ് ഉള്ളത്. അതിലെ നിക്ഷേപം രണ്ടേകാൽ കോടിക്കടുത്തു വരും. കൃത്യമായി 22206938 രൂപ. മുസ്‌ലിം ലീഗ് മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാലയുടെ പേരിലും ആറ് അക്കൗണ്ടുകളുണ്ട്. അതിലുള്ളത് 8630558 രൂപ. ഉമ്മർ പാണ്ടികശാലക്കു ഇതേപ്പറ്റി ഒരറിവുമില്ല. കേരളത്തിന്റെ ചരിത്രത്തിൽ ഇതു പോലൊരു സാമ്പത്തിക കൃത്രിമം ഒരു സഹകരണ ബാങ്ക് കേന്ദ്രീകരിച്ചു നടന്നതായി അറിവില്ല. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളുടെ പേരിൽ ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അതിൽ ലക്ഷകണക്കിന് ,കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം നിക്ഷേപിക്കുക എന്നത് കേട്ടറിവ് പോലും ഇല്ലാത്തതാണ്. ഇത്തരത്തിലുള്ള 102 അക്കൗണ്ടുകളുടെ വിവരങ്ങൾ വീ ടോക്ക് പുറത്തു വിടുകയാണ്. അക്കൗണ്ടുള്ള ചില ലീഗ് നേതാക്കളുമായി ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ അതേപ്പറ്റി യാതൊരറിവുമില്ലെന്നും ഒരിക്കൽ പോലും എ ആർ നഗർ ബാങ്കിൽ പോയിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചത്.












രണ്ടു കൊല്ലം മുൻപ് സഹകരണ വകുപ്പിന്റെ പരിശോധനാ വിഭാഗം എ ആർ നഗർ ബാങ്കിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ലീഗ് നേതാക്കളുടെയോ കമ്മിറ്റികളുടെയോ പേരിൽ മാത്രമല്ല, നൂറു കണക്കിന് വ്യാജ പേരുകളിലും അക്കൗണ്ടുകൾ തുറന്നു പണം നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 257 കസ്റ്റമർ ഐ ഡികളും 862 അക്കൗണ്ടുകളും വ്യാജമായി ഉണ്ടാക്കിയെന്നാണ് കണ്ടെത്തിയത്. 1021 കോടി രൂപയുടെ കള്ളപ്പണം അതുവഴി ഒഴുകിപ്പോയി. . സർക്കാരിന് പരിശോധനാ റിപ്പോർട്ട് ലഭിച്ചെങ്കിലും നടപടിയെടുക്കേണ്ടവർ അതിനു മേൽ അടയിരിക്കുകയാണ്. ഒരു ഘട്ടത്തിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിന് മുന്നിൽ സമരം നടത്തിയിരുന്നു. പിന്നീട് സിപിഎമ്മും റിവേഴ്‌സ് ഗിയറിലേക്കു മാറി. സെക്രട്ടറി ആയിരുന്ന ഹരികുമാർ പത്തു വർഷത്തിനിടെ ബിനാമി അക്കൗണ്ടുകളിലൂടെ 114 കോടിയുടെ ഇടപാട് നടത്തിയതായാണ് പരിശോധനയിൽ കണ്ടെത്തിയത്. മലപ്പുറത്തെ പ്രമുഖ സിപിഎം നേതാവിന്റെ അടുത്ത ബന്ധുവാണു ഹരികുമാർ . ഇത്രയും വലിയൊരു സാമ്പത്തിക അഴിമതി ശ്രദ്ധയിൽ പെട്ടിട്ടും സർക്കാർ അതിന്മേൽ അന്വേഷണം പ്രഖ്യാപിക്കുന്നതിരുന്നത് എന്ത് കൊണ്ട് എന്ന ചോദ്യം ഉത്തരം കിട്ടാതെ നിൽക്കുന്നു. മുസ്‌ലിം ലീഗ് കുറച്ചായി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ചാഞ്ചാട്ടമാണ് അതിനുള്ള ഉത്തരം. ഇതേപ്പറ്റി അടുത്ത ദിവസങ്ങളിൽ കൂടുതൽ വിവരങ്ങളുമായി വീ ടോക്ക് നിങ്ങളുടെ മുന്നിൽ എത്തുന്നു.