ബിന്ദു അമ്മിണി സഹികെട്ട് കേരളം വിട്ടു

ബരിമലയിൽ പ്രവേശിച്ച് വിവാദം സൃഷ്ടിച്ച ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിട്ടു. ഡൽഹിയിലേക്ക് ജീവിതം പറിച്ചു നടുന്ന ബിന്ദു സുപ്രീം കോടതിയില്‍ അഭിഭാഷകയായി എൻറോൾ ചെയ്ത വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ലീഡിങ് ലോയർ ആയ മനോജ്‌ സെൽവന്റെ ഓഫീസിൽ ആണ് ബിന്ദു അമ്മിണി ജോയിൻ ചെയ്തിരിക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ ആണ് കേരളം വിട്ടുപോകാൻ തീരുമാനിച്ചതെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കിയിരുന്നു. കേരളത്തെക്കാൾ മുകളിലാണ് ഡൽഹി എന്ന്‌ പറഞ്ഞിട്ടില്ലെന്നും, എന്നാൽ ആദിവാസി ദളിത്‌ മുസ്ലിം അതിക്രമങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുരോഗമനപരമാണന്ന അഭിപ്രായം തനിക്കില്ലെന്നും ബിന്ദു അമ്മിണി പറയുന്നു. കേരളം വിട്ടുപോകാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും എന്നാൽ കേരളത്തില്‍ നില്‍ക്കാന്‍ കാരണങ്ങള്‍ ഒന്നു പോലും ഇല്ലെന്നും അവർ പറ‍ഞ്ഞിരുന്നു. പ്രിവിലേജുകളില്‍ കഴിയുന്നവര്‍ക്കു സുരക്ഷിതമാണ് കേരളം, അതില്ലാത്ത എന്നെ പോലെ ഉള്ളവര്‍ക്ക് എവിടെ ആയാലും ഒരു പോലെയാണെന്നും അവർ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ പരിപൂർണ പിന്തുണയോടെയായിരുന്നു സുപ്രീംകോടതി വിധിക്ക് പിന്നാലെ ബിന്ദു അമ്മിണി ശബരിമലയിൽ പ്രവേശിച്ചത്. ശബരിമലയിൽ പ്രവേശിച്ചതിന് പിന്നാലെ ഇവർക്കെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും വലിയ പ്രതിഷേധങ്ങളും ആക്രമണങ്ങളുമാണ് ഉണ്ടായത്. എന്നാൽ സർക്കാരിന്റെ യാതൊരു പിന്തുണയും പിന്നീട് അവർക്ക് ലഭിച്ചില്ല. ഇപ്പോഴും അത്തരം ആക്രമണങ്ങളും അപമാനങ്ങളും അവർക്ക് തുടർച്ചയായി നേരിടേണ്ടി വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളം വിടാനുള്ള തീരുമാനം ബിന്ദു അമ്മിണി എടുത്തത്.

പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപെട്ടവരെ ഞാൻ ഇന്നലെയാണ് ഡൽഹിയിൽ എത്തിയത്. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ലീഡിങ് ലോയർ ആയ മനോജ്‌ സെൽവൻ സർന്റെ ഓഫീസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 2011 ഫെബ്രുവരിയിൽ വക്കീൽ ആയി കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്‌തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതൽ കൂടുതൽ ശ്രദ്ധ അദ്ധ്യാപനത്തിൽ ആയിരുന്നു.2023 മാർച്ച്‌ മാസം വരെ. എന്നാൽ എൻറോൾമെന്റ് നിലനിർത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. സ്ഥിരം അധ്യാപിക അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമപരമായ തടസ്സമൊന്നും ഇല്ലായിരുന്നു. എന്നാൽ പ്രേത്യേക സാഹചര്യത്തിൽ കേരളം വിട്ടു പോരാൻ തീരുമാനിക്കുകയും, ഡൽഹിയിൽ എത്തി എന്ത് ചെയ്യും എന്ന്‌ പോലും ഉറപ്പില്ലാതെ ആണ് ഇവിടെ എത്തിയത്. എന്നാൽ അതിനൊക്കെ ഒരുപാട് മുകളിൽ ആണ് ഞാൻ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
കേരളത്തെക്കാൾ മുകളിലാണ് ഡൽഹി എന്ന്‌ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ ആദിവാസി ദളിത്‌ മുസ്ലിം അതിക്രമങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുരോഗമന പരം ആണ് എന്ന്‌ എനിക്ക്‌ അഭിപ്രായം ഇല്ല. അത് എന്റെ അനുഭവം കൂടി ആണ്. ഞാൻ ഒരു ഇടതു പക്ഷ ചിനന്താഗതിക്കാരി ആയിരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല. അതിനർത്ഥം ഞാൻ ആന്റി മാർക്സിസ്റ്റ്‌ ആണ് എന്നല്ല.

ഒരു കമ്മ്യൂണിസ്റ്റ്‌കാരി ആയി ഇരിക്കുന്നത് സിപിഎം എന്നോട് എന്ത് സമീപനം സ്വീകരിച്ചു എന്നത് അടിസ്ഥാനപ്പെടുത്തി അല്ല. ഇപ്പോഴും കേരളത്തിൽ സിപിഎംനെ പിന്തുണക്കുന്ന ആളാണ്‌ ഞാൻ. ഞാൻ പാർട്ടി മെമ്പർ അല്ല. എനിക്ക്‌ ശരി അല്ല എന്ന്‌ തോന്നുന്ന കാര്യങ്ങൾ പറയാൻ അവകാശം ഉള്ള ഒരു ഇന്ത്യൻ പൗരയാണ്. എന്നെ ആക്രമിക്കുന്നവരുടെ ഒപ്പം മാർക്സിസ്റ്റ്‌ സൈബർ പോരാളികളും ഉണ്ട്. ഞാൻ എന്റെ ശരികൾക്കൊപ്പം ആണ്. തെറ്റാണ് എന്ന്‌ ബോധ്യപ്പെട്ടാൽ അത് തിരുത്താൻ സന്നദ്ധയുമാണ്. എനിക്ക്‌ ശരി എന്ന്‌ തോന്നുന്നത് മാത്രം ആണ് ഞാൻ ചെയ്‌ത് കൊണ്ടിരിക്കുന്നത്. കേരളത്തിൽ എന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സിപിഎം, സിപിഐ, ലിബറൽ സ്പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ്‌ തുടങ്ങി എല്ലാവരും ഉണ്ട്. പാർട്ടികൾക്ക് അതീതമായി ചിന്തിക്കുന്നവരുടവയും, ലിബറൽ സ്പേസിൽ തന്നെ ഉള്ള ചിലരുടെയും പുതു തലമുറയിൽ പെട്ടവരുടെയും മറ്റും സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പിന്തുണക്കുന്നവരുടെ സ്നേഹം തിരസ്കരിച്ചിട്ടല്ല ഞാൻ കേരളം വിട്ടത്. ആ സ്നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത്. ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *