യുവനടി നന്ദിത ശങ്കരയോട് മോശമായി പെരുമാറി; പ്രതി റിമാൻഡിൽ
പട്ടാപ്പകൽ കെഎസ്ആർടിസി ബസിൽ യുവനടി നന്ദിത ശങ്കരയോട് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവം വിവരിച്ച് തൃശൂർ സ്വദേശിനിയായ നന്ദിത സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ വലിയ ചർച്ചയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കായക്കൊടി സ്വദേശി സവാദിനെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇതുവരെ 12 ലക്ഷത്തിലധികം പേരാണ് സംഭവത്തെ കുറിച്ചുള്ള വീഡിയോ കണ്ടത്. നന്ദിതയെ പിന്തുണച്ച് നിരവധിപ്പേർ രംഗത്തെത്തുകയും സമാന അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത.
പ്രതി സവാദ് അങ്കമാലിയിൽ നിന്നാണ് ഈ ബസിൽ കയറിയത്. സ്ത്രീകൾക്ക് മുൻഗണന ഉള്ള സീറ്റിൽ നന്ദിതയ്ക്കും മറ്റൊരു യാത്രക്കാരിക്കും ഇടയിലായിരുന്നു സവാദ് ഇരുന്നത്. ബസ് അങ്കമാലി വിട്ടതോടെ യുവാവ് മോശമായി പെരുമാറി തുടങ്ങി. ആദ്യം നന്ദിത കാര്യമാക്കിയില്ല. ഇതോടെ സവാദ് നഗ്നത പ്രദർശിപ്പിക്കാൻ ഒരുങ്ങിയതോടെ നന്ദിത ബഹളം വച്ച് സീറ്റിൽ നിന്ന് ചാടിയെണീറ്റു. ഉടനെ സീറ്റിൽ നിന്ന് എഴുന്നേറ്റ സവാദ് അത്താണിയിലെ ട്രാഫിക് സിഗ്നലിൽ ബസ് നിർത്തിയപ്പോൾ ചാടി പുറത്തിറങ്ങി ഓടി. പിന്നാലെ ഓടിയ കണ്ടക്ടർ കടന്നു പിടിച്ചെങ്കിലും സവാദ് കുതറിയോടി. ഇതോടെ കൂടുതൽ യാത്രക്കാരും നാട്ടുകാരും എത്തി പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിനു കൈമാറി. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ തോന്നിയതിൽ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും നന്ദിത വീഡിയോയിൽ പറഞ്ഞു. ഇനി അവൻ പാന്റിന്റെ സിബ്ബ് തുറക്കാൻ പേടിക്കണമെന്ന് പറഞ്ഞാണ് നന്ദിത വീഡിയോ അവസാനിപ്പിക്കുന്നത്.