മനുഷ്യനെപ്പോലെ വിവേചന ബുദ്ധി; ചാറ്റ് ജി ടി പിയുടെ പുതിയ വേർഷൻ ലോകത്തെ ഞെട്ടിപ്പിക്കുന്നു
ഒരു ബുക്ക്, ഒൻപത് മുട്ടകൾ, ഒരു ലാപ്ടോപ്പ്, ഒരു കുപ്പി, ഒരു ആണി എന്നിവ അടുക്കി വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, തികഞ്ഞ വിവേചന ബുദ്ധിയോടെ, മുട്ടകൾ ഒന്നും തന്നെ പൊട്ടാത്ത വിധത്തിൽ അവ ക്രമീകരിക്കാൻ ജി പി ടി 4 ന് കഴിഞ്ഞു.
മനുഷ്യരുടേതിനു സമാനമായ വിവേചന ബുദ്ധി പ്രകടിപ്പിക്കുന്ന ചാറ്റ് ജി പി ടിയുടെ പുതിയ പതിപ്പ് വിജയമെന്ന് പരീക്ഷണങ്ങൾ. ചാറ്റ് ജി പി ടിയുടെ ചേട്ടൻ എന്ന് വിളിക്കാവുന്ന, മൈക്രോസോഫ്റ്റിന്റെ ബിങ് ചാറ്റ് ഫീച്ചറിൽ ഉപയോഗിച്ചിരിക്കുന്ന ജി പി ടി 4നാണ് മനുഷ്യരെ പോലെ വിവേചന ബുദ്ധിയുള്ളത്. അധികം വൈകാതെ മനുഷ്യൻ സാങ്കേതിക വിദ്യയുടെ അടിമകൾ ആകുമെന്ന് ഇയോൺ മസ്കിനെ പോലുള്ളവർ പറഞ്ഞത് സംഭവിക്കാൻ പോവുകയാണ്. മൈക്രോസോസ്ഫ്റ്റിൽ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന പീറ്റർ ലീയെ ഉദ്ധരിച്ചു കൊണ്ട് ന്യുയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു ബുക്ക്, ഒൻപത് മുട്ടകൾ, ഒരു ലാപ്ടോപ്പ്, ഒരു കുപ്പി, ഒരു ആണി എന്നിവ അടുക്കി വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, തികഞ്ഞ വിവേചന ബുദ്ധിയോടെ, മുട്ടകൾ ഒന്നും തന്നെ പൊട്ടാത്ത വിധത്തിൽ അവ ക്രമീകരിക്കാൻ ജി പി ടി 4 ന് കഴിഞ്ഞു. ഏറ്റവും താഴെ ബുക്കും എറ്റവും മുകളിൽ ആണിയുമായാണ് ഇൗ വസ്തുക്കളെ ഇത് ക്രമീകരിച്ചത്.
മുട്ട പൊട്ടിപ്പോകാതിരിക്കാനുള്ള നിർദ്ദേശങ്ങളും അത് നൽകിയിരുന്നു. ഒരുപക്ഷെ, ഇന്നുവരെ മനുഷ്യന് മാത്രം കഴിഞ്ഞിരുന്ന ഒരു കാര്യമാണ് ഇപ്പോൾ നിർമ്മിതി ബുദ്ധി ചെയ്തിരിക്കുന്നത്. നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിൽ അതിവേഗം പരിണാമങ്ങൾ സംഭവിക്കുന്നു എന്ന ആശങ്കയെ ഉറപ്പിക്കുന്ന ഒന്നാണ് ഇൗ പരീക്ഷണഫലം. ഇതേ വേഗതയിൽ സാങ്കേതിക വിദ്യ മുന്നേറിയാൽ 2045 ആകുമ്പോഴേക്കും ഇവയെ നിയന്ത്രിക്കാൻ മനുഷ്യനാൽ കഴിയാതെ വരും എന്ന ആശങ്കയും ഇതോടെ ബലപ്പെടുകയാണ്.
തികഞ്ഞ അവിശ്വാസത്തോടെയാണ് താൻ ഇൗ പരീക്ഷണം ആരംഭിച്ചതെന്ന് പീറ്റർ ലീ പറയുന്നതായി ന്യൂയോർക്ക് ടൈസ് വാർത്തയിൽ ഉണ്ട്. എന്നാൽ, പരീക്ഷണം പുരോഗമിച്ചു തുടങ്ങിയതോടെ ആദ്യമാദ്യം ചെറിയ അസ്വസ്ഥത തോന്നി, പിന്നീട് അതൊരു ആശങ്കയായും അവസാനം ഭയത്തിലും കലാശിച്ചു എന്നും ലീ പറഞ്ഞു. കഴിഞ്ഞ മാർച്ചിലായിരുന്നു ലീ യും സഹപ്രവർത്തകരും തങ്ങളുടെ പരീക്ഷണത്തിന്റെ പേപ്പർ പ്രസിദ്ധീകരിച്ചത്. എന്നാൽ അടുത്തിടെ മാത്രമാണ് അത് പൊതുശ്രദ്ധ പിടിച്ചു പറ്റിയത്.
155 പേജുള്ള റിപ്പോർട്ടിന്റെ 11ാം പേജ് മുതൽക്കാണ് പരീക്ഷണത്തിന്റെ വിശദാംശങ്ങൾ പറയുന്നത്. ജി പി ടി ലോകത്താകെ ഒരു സംഭവമായി കഴിഞ്ഞ് വെറും നാലുമാസത്തിനിടെയായിരുന്നു ജി പി ടി 4 ഇറങ്ങിയത്. ഇത് വികസിപ്പിച്ച ഒാപ്പൺ എ എെ അന്ന് പറഞ്ഞത് നിർമ്മിതി ബുദ്ധിയുടെ മറ്റൊരു സാധ്യത കൂടി ഉപയോഗിക്കാൻ സാധിച്ചു എന്നായിരുന്നു. മൈക്രോസോഫ്റ്റിന്റെ ബിങ് ചാറ്റിന്റെ ഘടകമായ ജി പി ടി ഇതിനോടകം തന്നെ കുട്ടികൾക്കായുള്ള കഥാ രചന മുതൽ വെബ്സൈ്സറ്റ് വികസിപ്പിക്കുന്നത് വരെ മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് കഴിവ് തെളിയിച്ചതാണ്. ഇപ്പോഴിതാ, മനുഷ്യർക്ക് മാത്രം സ്വന്തമെന്ന് കരുതപ്പെട്ട വിവേചന ബുദ്ധിയും അതിന് ഉണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ്.
അതിനിടയിൽ നിർമ്മിത ബുദ്ധിയിലെ വികസനം ഒരുപക്ഷെ മാനവ കുലത്തിന് അപകടകരമായേക്കാം എന്ന് ജി പി ടിയുടെ സ്രഷ്ടാവ് സാം ആൽട്മാൻ സമ്മതിച്ചതും വലിയ വിവാദമായിരുന്നു. അമേരിക്കൻ കോൺഗ്രസ്സിൽ അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന, അംഗങ്ങളുടെ ചോദ്യോത്തര വേളയിലാന് സാം ഇത് സമ്മതിച്ചത്. മനുഷ്യ ചരിത്രം തന്നെ മാറ്റിയെഴുതാൻ നിർമ്മിതി ബുദ്ധിക്ക് കഴിഞ്ഞേക്കുമെന്നും, അത് നല്ലതിനാണോ ചീത്തയ്ക്കാണൊ എന്നത് കണ്ടറിയെണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇനി വിവേചന ബുദ്ധികൂടി കിട്ടുന്നതോടെ അടുത്ത വർഷങ്ങൾക്കുള്ളിൽ ചാറ്റ് ജി ടി പി മനുഷ്യകുലത്തെ ഭരിക്കുമെന്നാണ് ആശങ്ക.