പി ഇ ഉഷ മുതൽ നന്ദിത വരെ; മാറിയോ കേരളം?
എം റിജു
23 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ജീവനക്കാരിയായ പി ഇ ഉഷക്ക് ബസ്സില്‍വെച്ചുണ്ടായ ലൈംഗികാതിക്രമം. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ ബസ്സില്‍ ചുമലില്‍ ചാരി നിന്നിരുന്ന ഒരാള്‍ ലൈംഗികാതിക്രമം നടത്തിയത് ഞെട്ടലോടെയാണ് പി ഇ ഉഷ വെളിപ്പെടുത്തിയത്. മലയാളമനോരമയുടെ സണ്‍ഡേ സപ്ളിമെന്റില്‍ കവര്‍ സ്‌റ്റോറിയായി ഉഷ ഈ അനുഭവം എഴുതിയതോടെ വലിയ ചര്‍ച്ചയായി. പക്ഷേ ഈ സംഭവം മൂലം താനാണ് വേട്ടയാടപ്പെട്ടത് എന്നാണ് പി ഇ ഉഷ ഇന്നും പറയുന്നത്. ഉഷയെ ബസ്സില്‍ ഉപദ്രവിച്ച പ്രതി രമേശനെതിരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് എടുത്തത്. ഒരു വേള പ്രതി ഉഷയാവുന്ന രീതിലായി കാര്യങ്ങള്‍. ‘ബസില്‍ ഒരുത്തന്‍ ഇത്രനേരം ചാരി നിന്നിട്ട് അറിഞ്ഞില്ലേ, പരമാവധി സഹകരിച്ചശേഷം ഇപ്പോള്‍ പരാതി പറയുന്നോ’ എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.
ജോലിചെയ്ത യൂണിവേഴ്‌സിറ്റിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇതിന്റെ പേരില്‍ ഉഷയെ നിരന്തരം മാനസികമായി പീഡിപ്പിച്ചു. പൊലീസില്‍നിന്നും, അധികൃതരില്‍നിന്നും, പൊതുസമൂഹത്തില്‍നിന്നും എന്തിന് സ്വന്തം കുടുംബത്തില്‍നിന്ന് പോലും താന്‍ ഒറ്റപ്പെട്ടുവെന്നാണ് പി ഇ ഉഷ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഒടുവില്‍ നിരന്തരമായ പരാതികളെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയില്‍ ആന്റി ഹറാസ്‌മെന്റ് സമിതി തന്നെ ഉണ്ടാക്കേണ്ടി വന്നു. പക്ഷേ ഇടതു ട്രേഡ് യൂണിയനുകള്‍ ഉഷക്കെതെിരെ അപവാദം പറയാന്‍ നേതൃത്വം കൊടുത്തയാളെ സംരക്ഷിക്കുകയായിരുന്നു. 2001ല്‍ അധികാരമേറ്റെടുത്ത ശേഷം എ കെ ആന്റണി ആദ്യമായി ഒപ്പുവെച്ച ഫയല്‍, ഉഷയെ ഹരാസ് ചെയ്യാന്‍ കൂട്ടു നിന്ന പ്രകാശന്‍ എന്ന യൂണിവേഴ്‌സിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടുകൊണ്ടായിരുന്നു.
പക്ഷേ പി ഇ ഉഷ സംഭവം ഒരു തുടക്കമായിരുന്നു. ഒരുപാട് സ്ത്രീകള്‍ ഇതുസംബന്ധിച്ച് തുടര്‍ച്ചയായി വെളിപ്പെടുത്തലുകള്‍ നടത്തി. ‘അന്വേഷി’യെപ്പോലുള്ള വനിതാ കൂട്ടായ്മകള്‍ ഇവര്‍ക്ക് പിന്തുണ നല്‍കി. ബസ്സിലും, ട്രെയിനിലും, ആള്‍ക്കൂട്ടത്തിലും സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ വലിയ ചര്‍ച്ചയായി. അടിവസ്ത്രം ധരിക്കാതെ, സ്ഥിരമായി മുണ്ടുടുത്ത് തിരക്കേറിയ സിറ്റി ബസില്‍ കയറുന്ന കിളവന്‍മ്മാരും, സ്ത്രീകള്‍ നടന്നുപോവുമ്പോള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന ഹോസ്റ്റലേഴ്‌സും, ട്രെയിനില്‍ സ്വയംഭോഗം ചെയ്യുന്ന ഞരമ്പുരോഗികളുമൊക്കെ അങ്ങനെ എക്‌സ്‌പോസ്ഡ് ആയി. നമ്മുടെ പൊതുവിടങ്ങളില്‍ പോലും സ്ത്രീകള്‍ എത്രമാത്രം പീഡനം അനുഭവിക്കുന്നുവെന്നതിന്റെ തെളിവായി ആ അനുഭവസാക്ഷ്യങ്ങള്‍. പി ഇ ഉഷ സംഭവത്തിനുശേഷം കോഴിക്കോട്ട് നടന്ന ഒരു സെമിനാറില്‍, കുട്ടിയുടെ ചോറ്റുപാത്രത്തിലേക്ക് ഒരു ബസ്സില്‍നിന്ന് ശുക്ളം തെറിച്ചുവീണ അനുഭവം വരെ ഒരു സത്രീ പറഞ്ഞിരുന്നു! ശരീരത്തില്‍ സ്പര്‍ശിച്ചുകാെണ്ട് ഒരു ക്യൂവില്‍ നില്‍ക്കുക മലയാളി മാത്രമാണെന്നും, ഇത് ഒരു ശീലമായിപ്പോയതുകൊണ്ടാവാം എന്നുമാണ് പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മാഷ് ആ യോഗത്തില്‍ പരിഹസിച്ചത്.
ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പരാതിപ്പെടണമെന്നും, നിശബ്ദം സഹിക്കേണ്ടതില്ല എന്ന ബോധമൊക്കെ സ്ത്രീകളിലേക്ക് എത്തിക്കാനുള്ള വലിയ കാമ്പയിനായി പി ഇ ഉഷ സംഭവം മാറി. പക്ഷേ അതിനുശേഷവും സമാനമായ എത്രയോ സംഭവങ്ങള്‍ ആവര്‍ത്തിച്ചു. ശ്വേതാമേനോന്‍ എന്ന നടിയെ ഒരു ആള്‍ക്കൂട്ടത്തിനിടയില്‍, ഒരു നേതാവ് മുട്ടിയിരുമ്മിയതും, അവതാരക രഞ്ജിനി ഹരിദാസ് മാറഡോണ കേരളത്തില്‍ വന്നപ്പോള്‍ ആള്‍ക്കൂട്ട അതിക്രമത്തിന് വിധേയയായതും അടക്കമുള്ള നിരവധി സംഭവങ്ങള്‍ കേരളം കണ്ടു. മിക്കയിടത്തും പ്രതികളുടെ സ്വാധീനം മൂലം കേസുകള്‍ തേച്ച് മായ്ക്കപ്പെടുകയാണ്. അതുപോലെ മനോരോഗിയെന്ന് പറഞ്ഞും പലരും രക്ഷപ്പെടുന്നു. നടന്‍ ശ്രീജിത്ത് രവി നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് രണ്ടാം തവണയാണ് ഇതുപോലെ ഒരു കേസില്‍ പിടിക്കപ്പെടുന്നത്. എക്‌സിബിഷനിസം, നെക്രാഫീലിയ, തുടങ്ങിയ ഗുരുതരമായ മനോരോഗങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും, പിടിക്കപ്പെട്ടാല്‍ രോഗം മറയാക്കി രക്ഷപ്പെടുന്നവരുമുണ്ട്.
പക്ഷേ പി ഇ ഉഷ സംഭവം നടന്ന് 23 വര്‍ഷത്തിന് ശേഷം കേരളം വല്ലാതെ മാറിയെന്ന് നന്ദിത എന്ന മോഡലും നടിയുമായ യുവതിക്ക് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ ലേഡീസ് സീറ്റില്‍ രണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇരുന്ന് സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച, കോഴിക്കോട് കുറ്റ്യാടി പയമ്പറ്റ സവാദ് പിടിയിലായതിന് പിന്നില്‍ തൃശൂര്‍ സ്വദേശി നന്ദിത ശങ്കരയുടെ ഇടപെടലാണ്. ഇയാളുടെ അതിക്രമം നന്ദിത മൊബൈലില്‍ ചിത്രീകരിച്ചു. ബസ് കണ്ടക്ടര്‍ കെ കെ പ്രദീപും അവസരത്തിന് ഒത്ത് ഉയര്‍ന്നു. ഒടുവില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
ഇവിടെ പി ഇ ഉഷക്ക് ഉണ്ടായപോലെ ആരും വാദിയെ പ്രതിയാക്കാന്‍ ശ്രമിച്ചില്ല. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും നന്ദിത ഹീറോയായി. സംഭവം വിവരിച്ച് നന്ദിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ 15 ലക്ഷത്തിലധികംപേര്‍ കണ്ടു. പെണ്‍കുട്ടിയോട് പരാതിയുണ്ടോ എന്ന് ചോദിച്ച് കണ്ടക്ടര്‍ കെ കെ പ്രദീപും, മാറുന്ന കാലത്തിന്റെ പ്രതിനിധിയായി. ഒരിക്കലും പ്രതികരിക്കാത്ത, അല്ലെങ്കില്‍ ‘ഈ പൊല്ലാപ്പിനൊക്കെ പോണോ മോളേ’ എന്ന് ചോദിക്കുന്നവരെയാണ് പൊതുവെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ കാണാറുള്ളത്. പി ഇ ഉഷക്കാലത്തുനിന്ന് വ്യത്യസ്തമായി മൊബൈല്‍ ഫോണ്‍ എന്ന ആധുനികതയുടെ അനുഗ്രഹം നന്ദിതക്ക് കിട്ടി. പിന്നെ എന്തും സ്വന്തമായി ലോകത്തെ അറിയിക്കാന്‍ കഴിയുന്ന സോഷ്യല്‍ മീഡിയയും. പക്ഷേ കാലം ഇത്രമാത്രം മാറിയിട്ടും ബസ്സിലും,ട്രെയിനിലുമൊക്കെ അഴിഞ്ഞാടുന്ന ഞെരമ്പന്‍മ്മാര്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ലെന്നതും നമ്മെ ഞെട്ടിപ്പിക്കുന്നു.