‘മകനെ പൊലീസ് പൂര്‍ണ്ണ നഗ്‌നനാക്കി മര്‍ദ്ദിച്ചു, ശ്വാസം മുട്ടിച്ചു’; നൊമ്പരമായി ജോസഫ് മാഷിന്റെ അനുഭവങ്ങള്‍

പ്രവചകനിന്ദയുടെ പേരില്‍ കൈവെട്ടി മാറ്റപ്പെട്ട, തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫസര്‍ ടി ജെ ജോസഫ് സഫാരി ടീവിയിലുടെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. തന്നെ കിട്ടാത്തതിന് പൊലീസ് മകനെ ക്രൂരമായി മര്‍ദിച്ച സംഭവം അദ്ദേഹം പറയുന്നുണ്ട്. അതോടെ കുറ്റവാളികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയില്‍ കാമ്പയില്‍ ഉയരുകയാണ്.

അപ്പനെ കിട്ടിയില്ലെങ്കില്‍ മകനെ ക്രൂരമായി മര്‍ദിക്കുക. കേരളാ പൊലീസിന്റെ വികൃതമായ മുഖം അനാവരണം ചെയ്ത പ്രൊഫസര്‍ ടി ജെ ജോസഫിന് സോഷ്യല്‍ മീഡിയയുടെ വലിയ പിന്തുണ. ചെയ്യാത്ത കുറ്റത്തിന് ജീവിതം നഷ്ടമായി, കേരള മനസാക്ഷിയുടെ നൊമ്പരമായ വ്യക്തിയാണ് പ്രൊഫസര്‍ ടി ജെ ജോസഫ്, വിശ്വസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ സഫാരി ടീവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലൂടെ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ ഒന്നൊന്നായി പറയുകയാണ്.

പി ടി കുഞ്ഞുമുഹമ്മദിന്റെ ‘തിരക്കഥയുടെ രീതിശാസ്ത്രം’ എന്ന പുസ്തകത്തില്‍നിന്ന് ഭ്രാന്തനും പടച്ചോനും തമ്മിലുള്ള സംഭാഷണ ശകലം എടുത്ത്, ഡിഗ്രി ക്ലാസിലെ കുട്ടികള്‍ക്ക് കൃത്യമായ ചിഹ്നം ഇടാനുള്ള ഒരു ചോദ്യം ഇടുമ്പോള്‍ അദ്ദേഹം അത് പ്രവാചക നിന്ദയായി വ്യാഖ്യാനിക്കപ്പെടുമെന്ന് സ്വപ്നത്തില്‍പോലും കരുതിയില്ല. മുഹമ്മദ് എന്ന പേര് ഭ്രാന്തനിടുമ്പോള്‍ അത് പ്രവാചകന്‍ മുഹമ്മദ് നബിയായി വ്യാഖ്യാനിക്കപ്പെടും എന്ന് മാഷ് കരുതിയിരുന്നില്ല. പക്ഷേ ഒരു ചോദ്യം കൊണ്ട് അദ്ദേഹത്തിന് നഷ്ടമായത് സ്വന്തം കൈപ്പത്തിയാണ്.

ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഇസ്ലാമിക മതമൗലികാവാദികള്‍ ഇളകിയപ്പോള്‍ അയാള്‍ക്ക് ഒളവില്‍ പോവേണ്ടി വന്നു. അപ്പോള്‍ തന്നെ കിട്ടാത്തതിലുള്ള ദേഷ്യം പൊലീസ് തീര്‍ത്തത് മകനെ ക്രൂരമായി മര്‍ദിച്ചും, ഭാര്യയെ അസഭ്യം പറഞ്ഞും, സഹൃത്തുക്കളെ പീഡിപ്പിച്ചുമായിരുന്നുവെന്ന് ജോസഫ് മാഷ് ‘ചരിത്രം എന്നിലൂടെ’ പരിപാടിയിലൂടെ വിലയിരുത്തുന്നു.

മകനെ ക്രൂരമായി മര്‍ദിച്ചു

ജോസഫ് മാഷ് സഫാരി ടിവിയില്‍ ആ അനുഭവങ്ങള്‍ ഇങ്ങനെ പറയുന്നു. ഒളിവില്‍ പോയ ജോസഫ് മാഷിനെ പിടിക്കാനായി അദ്ദേഹത്തിന്റെ മകന്‍ മിഥുനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രേഖാമൂലമല്ലാതെ ഒരിടത്തും അറസ്റ്റ് രേഖപ്പെടുത്താതെ ബിടെക് ബിരുദധാരിയായ 21വയസ്സുള്ള ആ യുവാവിനെ തൊടുപുഴ പൊലീസ് മൂന്നാംമുറയ്ക്ക് വിധേയനാക്കി. മിഥുനെ പൂര്‍ണ്ണനഗ്‌നനാക്കി കാല്‍ നീട്ടിയിരുത്തിയിട്ട് തൊടുപുഴ എസ്‌ഐ ഷിന്റോ പി കുര്യന്‍ ക്രൂരമായി ചൂരല്‍ കൊണ്ട് അടിച്ചു. പയ്യനെ മുട്ടുകുത്തിയിരുത്തി, ഷിന്റോ കസേരയില്‍ ഇരുന്ന് മിഥുന്റെ തല കൈമുട്ടുകള്‍ക്കിടയിലാക്കി ഞെരിച്ചു. ഉവൈസ് എന്നുപേരുള്ള പൊലീസുകാരന്‍ കഴുത്തിന് കുത്തി മുകളിലോട്ട് ഉയര്‍ത്തിയപ്പോള്‍ മിഥുന് ശ്വാസം നിലച്ചു. കുര്യക്കോസ് എന്ന ഡിവൈസ്പി പലപ്പോഴും ഭ്രാന്ത് എടുത്തപോലെ കാണിന്നിടത്തുവെച്ച് ഈ പയ്യനെ ഉന്തിയിടുകയും, ആക്രാശിക്കയും ചെയതു.

ഷിന്റോ പി കുര്യന്റെ നേതൃത്വത്തില്‍ പൊലീസ് വീട് റെയ്ഡ് ചെയ്തപ്പോള്‍, കരകൗശല വസ്തുക്കള്‍ അടക്കമുള്ള പല സാധനങ്ങളും കാണാതെയായി എന്നും ജോസഫ് മാഷ് പറയുന്നു. ഭാര്യയോട് നിന്റെ ഭര്‍ത്താവ് ഉടനെ പടമാവും എന്നായിരുന്നു പൊലീസ് പറഞ്ഞത്. വീടിന് പുറത്ത് എത്തിയിട്ടും നാട്ടുകാര്‍ കാണ്‍കെ എസ്‌ഐ ഷിന്റോ പി കുര്യന്‍ അസഭ്യ വര്‍ഷം നടത്തിയതും അദ്ദേഹം എടുത്തു പറയുന്നു. ഒരു മകനും താങ്ങാനാവത്ത മാനസിക പീഡനങ്ങളും പൊലീസ് നടത്തി. എവിടെയെങ്കിലും അജ്ഞാത മൃതദേഹം കണ്ടെത്തിയാല്‍ അത് ജോസഫ് മാഷിന്റെതാണ് എന്നായിരുന്നു, വെറും 21 വയസ്സ് മാത്രമുള്ള മകനെ പറഞ്ഞ് പേടിപ്പിച്ചത്. മറ്റൊരു സ്ത്രീക്ക് ഒപ്പം ജീവിക്കയാണെന്നും പൊലീസ് പറഞ്ഞു. പച്ചവെള്ളംപോലും കൊടുക്കാതെ രാപ്പകല്‍ മകനെ പലയിടത്തും കൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് മിഥുന്‍ ആശുപത്രിയില്‍ ആയ അനുഭവവും മാഷ് പറയുന്നുണ്ട്.

നടപടി വേണമെന്ന് സോഷ്യല്‍ മീഡിയ

ഷിന്റോ കുര്യനും, ഉവൈസും, കുര്യാക്കോസും അടക്കം ജോസഫ് മാഷിനെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയില്‍ ശക്തമായ കാമ്പയില്‍ ഉയര്‍ന്നു കഴിഞ്ഞു. അതേസമയം ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായിട്ടും ഷിന്റോ കുര്യന്‍ അടക്കമുള്ളവര്‍ ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്. നേരത്തെ ഫ്രാങ്കോമുളക്കനുവേണ്ടി നിലകൊണ്ടു എന്നതിന്റെ പേരിലും ഷിന്റോ ആരോപണ വിധേയനായിട്ടുണ്ട്. 2020ലാണ് സംഭവം. കന്യാസ്ത്രീയുടെ പരാതിയില്‍ പൊലീസ് ബിഷപ്പിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സമയത്ത് കുറവിലങ്ങാട് എസ്‌ഐ ആയിരുന്നു ഷിന്റോ പി. കുര്യന്‍. ഇതിന് തൊട്ടുമുന്‍പ് ബിഷപ് അനുകൂലികള്‍ നല്‍കിയ പരാതിയില്‍ ഇരയായ കന്യാസ്ത്രീക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് ആദ്യം കേസെടുത്തത്. ഇത് വലിയ വിവാദമായിരുന്നു. പക്ഷേ പരാതികള്‍ വരുന്നതിന് മുന്‍പ് ഷിന്റോ അവധിയിലും പ്രവേശിച്ചു.

ഒന്നര മാസത്തിനു ശേഷമാണ് തിരികെ എത്തിയത്. ഈ സമയമാണ് കുര്യനാട് സെന്റ് ആന്‍സ് ആശ്രമം പ്രിയോര്‍ ഫാ. ജയിംസ് ഏര്‍ത്തയില്‍ സാക്ഷികളില്‍ ഒരാളായ കന്യാസ്ത്രീയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസില്‍ നിന്ന് പിന്മാറാന്‍ ഭൂമിയും പണവും എര്‍ത്തയില്‍ വാഗ്ദാനം ചെയ്തു. വൈക്കം ഡിവൈഎസ്പി ഇത് സംബന്ധിച്ച അന്വേഷണം നടത്തവെ ഷിന്റോയുടെ ഔദ്യോഗിക വാഹനം എര്‍ത്തയിലിന്റെ കുര്യനാട്ട് ആശ്രമത്തില്‍ കണ്ടെത്തി. തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷിന്റോയെ സസ്‌പെന്‍ഡ് ചെയ്തത്. ഇതേതുടര്‍ന്ന് ഇയാള്‍ സസ്‌പെഷനിലായി. പക്ഷേ വൈകാതെ തന്നെ മരങ്ങാട്ടുപള്ളി എസ്എച്ച്ഒയായി പ്രമോഷനോടെ നിയമനം കിട്ടി. ഇത്രയും ആരോപണങ്ങള്‍ നേരിട്ടിട്ടും അയാള്‍ പുല്ലുപോലെ സര്‍വീസില്‍ തുടരുകയാണ്. ജോസഫ് മാഷിന്റെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തില്‍ ഷിന്റോ പി കുര്യനെതിരെ നടപടി വേണമെന്നാണ് അവശ്യം.

Leave a Reply

Your email address will not be published. Required fields are marked *