ഓരോ മാസവും മൂന്നിലേറെ പീഡനങ്ങള്‍; എല്ലാ മദ്രസകളിലും സിസിടിവി വേണമെന്ന് നോണ്‍ റിലീജിയസ് സിറ്റിസണ്‍സ്
2022 ലെ പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ കണക്കെടുപ്പില്‍ മാത്രം ഒരു വര്‍ഷം നടന്നത് നാല്‍പ്പത്തി ഒന്ന് മദ്രാസ പീഡനങ്ങളാണ്. ഇവിടെ ഓരോ ഉസ്താദ് എന്ന തോതില്‍ ആണ് കണക്ക് എടുത്തത്. അതില്‍ ഉസ്താദ് പീഡിപ്പിച്ച കുട്ടികളുടെ എണ്ണം എടുത്തിട്ടില്ല. അതും കൂടെ ചേര്‍ത്താല്‍, ഒരു വര്‍ഷം നൂറില്‍ മുകളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു.
സ്വന്തം ലേഖകന്‍
കൊച്ചി: ഒരു വര്‍ഷം കേരളത്തില്‍ നടക്കുന്നത്, 40ലേറെ മദ്രസ പീഡനങ്ങള്‍ ആണെന്നും, ഈ രീതിയിലുള്ള മതവിദ്യാഭ്യാസം നിര്‍ത്താന്‍ കഴിയില്ലെങ്കില്‍ സിസിടിവികള്‍ അടക്കം സ്ഥാപിക്കണമെന്നും, ശാസ്ത്ര സ്വതന്ത്രചിന്താ പ്രസ്ഥാനമായ, നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് ഇന്ത്യ ( എന്‍ ആര്‍ സി) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ‘2022 ലെ പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നടത്തിയ കണക്കെടുപ്പില്‍ മാത്രം ഒരു വര്‍ഷം നടന്നത് നാല്‍പ്പത്തിഒന്ന് പീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത്, മാസം 3.4 പീഡനങ്ങള്‍ വീതം. ഇതെല്ലം പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം ഉള്ളതായതിനാല്‍, നിങ്ങള്‍ക്ക് സ്വയം തന്നെ തീര്‍ച്ചപ്പെടുത്താവുന്ന കണക്കാണ്്. അതേസമയം, റിപ്പോര്‍ട്ട് ചെയ്യാതെ പോയതും മറ്റുവഴികളിലൂടെ അറിഞ്ഞതും ഒക്കെ ചേര്‍ത്താല്‍ അറുപത്തിനും മുകളില്‍ ആണ് മദ്രസ്സ പീഡനങ്ങള്‍ നടക്കുന്നത്. മാത്രമല്ല, ഇവിടെ ഓരോ ഉസ്താദ് എന്ന തോതില്‍ ആണ് കണക്ക് എടുത്തത്. അതില്‍ ഉസ്താദ് പീഡിപ്പിച്ച കുട്ടികളുടെ എണ്ണം എടുത്തിട്ടില്ല. അതും കൂടെ ചേര്‍ത്താല്‍, ഒരു വര്‍ഷം നൂറില്‍ മുകളില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതായാണ് മനസ്സിലാകുന്നത്, അതില്‍ വളരെ കുറച്ച് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യെപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും. ” എന്‍ആര്‍സിയുടെ വക്താവും സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ഡോ ആരിഫ് ഹെൈുസന്‍ തെരുവത്ത്് ചൂണ്ടിക്കാട്ടുന്നു.
”പതിനെട്ട് വയസ്സിനു താഴെ ഉള്ള കുട്ടികള്‍ ആണ് കൂടുതലും പീഡിപ്പിക്കപ്പെടുന്നത്. ഇത് വെച്ച് നോക്കുകയാണ് എങ്കില്‍, ഓരോ മാസവും ഏഴോ, എട്ടോ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നു എന്ന് വേണം മനസ്സിലാക്കാന്‍”ആരിഫ് പറയുന്നു.
പീഡനം തടയാനുള്ള വഴികള്‍
മദ്രസ പീഡനങ്ങള്‍ തടയാനുള്ള വഴിയും എന്‍ ആര്‍ സി നിര്‍ദേശിക്കുന്നുണ്ട്. കഴിയുന്നതും മദ്രസ്സകള്‍ ഓണ്‍ലൈന്‍ ആക്കുക, പതിനെട്ട് വയസ്സിനു മുന്നേ ഉള്ള താമസിച്ചുള്ള മദ്രസ്സ ദര്‍സ് പഠനം നിരോധിക്കുക, പതിനെട്ട് വയസിനു താഴെ ഉള്ള കുട്ടികള്‍ പഠിക്കുന്ന മദ്രസകളില്‍ വനിതാ അധ്യാപകരെ നിയമിക്കുന്നത് നിര്‍ബന്ധമാക്കുക, എല്ലാ മദ്രസകളിലും മതപാഠ ശാലകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക. രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ കാണാനുള്ള ലൈവ് സ്ട്രീം സൗകര്യം ഒരുക്കുക, ആറുമണിക്ക് ശേഷം രാത്രികാലങ്ങളിലുള്ള മദ്രസ്സ പഠനം നിരോധിക്കുക, എല്ലാ മദ്രസകളിലും മാസത്തില്‍ ഒരിക്കല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിശോധന ഉറപ്പാക്കുക, അവരുമായി കുട്ടികള്‍ക്ക് ബന്ധപ്പെടാനുള്ള ടോള്‍ഫ്രീ ഹോട്ട്‌ലൈന്‍ നമ്പറും, പരാതിപ്പെട്ടിയും സ്ഥാപിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
മദ്രസകളില്‍ നിലവില്‍ തൊഴിലെടുക്കുന്ന എല്ലാ അധ്യാപകരുടെയും ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധിക്കുക, കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മത പാഠശാലകളുടെയും കണക്കെടുത്ത്, അനധികൃതമായവയും, ചട്ടങ്ങള്‍ പാലിക്കാത്തവയും, മതിയായ അഫിലിയേഷനോ റജിസ്‌ട്രേഷനോ ഇല്ലാത്തവയും പൂട്ടി കെട്ടുക, ഇത്തരം ചെറുതോ വലുതോ ആയ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്ന അധ്യാപകരെ പിന്നീട് കുട്ടികള്‍ക്ക് മുന്നില്‍ വീണ്ടും വരുന്ന വിധം മദ്രസ്സ അധ്യാപകരായി നിയമിക്കുന്നത് തടയുക തുടങ്ങിയ നിര്‍ദേശങ്ങളും എന്‍ ആര്‍ സി മുന്നോട്ടുവെച്ചു.
ആരിഫ് ഹൂസൈന്‍ തെരുവത്ത്, എന്‍ആര്‍സി ജില്ലാസെക്രട്ടറി മൊയ്തീന്‍, എകിസ്‌ക്യൂട്ടീവ് അംഗം മുഹമ്മദ് ബാദുഷ എന്നിവരും ഡോ ആരിഫ് ഹെൈുസന്‍ തെരുവത്തിനൊപ്പം പങ്കെടുത്തു.