ബിഗ്‌ബോസ് ആടിനെ പട്ടിയാക്കുന്ന ഷോ, വെറും ഉഡായിപ്പ്; ഡോ റോബിന്റെ വെളിപ്പെടുത്തലില്‍ വിവാദം

ബിഗ്‌ബോസ് ഷോ അടിമുടി ഉഡായിപ്പാണെന്ന്, മുന്‍ മത്സരാര്‍ഥി ഡോ റോബിന്‍ രാധാകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ വിവാദമാവുന്നു. നിങ്ങളുടെ ഇമോഷന്‍സിനെ വെച്ചിട്ടാണ് ഇവര്‍ കളിക്കുന്നത്. ഇതില്‍ചെന്ന് വീഴരുതെന്നും, ഡോ വന്ദനയുടെ കൊലപാതകം പോലെയുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളും യുവാക്കളും പ്രതികരിക്കണമെന്നും ഡോ റോബിന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കൊച്ചി: ബിഗ്‌ബോസ് മലയാളം സീസണ്‍ ഫോര്‍ എന്ന ഒറ്റ ഷോകൊണ്ട്, താരമായി ഉയര്‍ന്ന ആളാണ്, ഡോ റോബിന്‍ രാധാകൃഷ്ണന്‍. ഡോക്ടര്‍ മച്ചാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന റോബിന് വലിയ ആരാധകരാണ് എവിടെപ്പോയാലും ഉള്ളത്. ഒരു സിനിമാ നടനുപോലും ലഭിക്കാത്ത താര പദവിയാണ് ഒറ്റ ബിഗ്‌ബോസ് ഷോ കൊണ്ട് ഇദ്ദേഹത്തിന് കിട്ടിയത്. പക്ഷേ ഇപ്പോള്‍ തന്നെ വളര്‍ത്തി വലുതാക്കിയ, ബിഗ്‌ബോസിനെതിരെ തിരിഞ്ഞിരിക്കയാണ് ഡോ റോബിന്‍. സീസണ്‍ ഫൈവില്‍ അതിഥിയായി എത്തി പുറത്താക്കപ്പെട്ട റോബിന്‍ കഴിഞ്ഞ ദിവസം, തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തവേ ബിഗ്‌ബോസ് ഷോക്കെതിരെ ആഞ്ഞടിക്കായായിരുന്നു.

റോബിന്റെ വാക്കുകള്‍ ഇങ്ങനെ. ”ഒരു രണ്ടാഴ്ച മുമ്പ്, ഏഷ്യാനെറ്റിന്റെ ഭാഗത്തുനിന്ന് എന്നെ വിളിച്ചിരുന്നു. ബിഗ്ബോസ് സീസണ്‍ 5ന്റെ റേറ്റിങ്ങ് കുറവാണ്. ടി ആര്‍ പി കുറവാണ്. ആരും കാണുന്നില്ല. നിങ്ങള്‍ ഒന്ന് വരണം. ഗസ്റ്റ് ആയിട്ട് വരാന്‍ പറ്റുമോ എന്നാണ് ചോദിച്ചത്. ഞാന്‍ പറഞ്ഞു പറ്റില്ല. പത്തുദിവസം മുമ്പ് വീണ്ടും വിളിച്ചു. ഗസ്റ്റ് ആയിട്ട് ഒന്ന് വരണം, ഒരു രണ്ടുമൂന്ന് ദിവസത്തേക്കേ, ഉള്ളൂ എന്ന് പറഞ്ഞു. ഞാന്‍ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു. അവര്‍ വീണ്ടും വിളിച്ചു. ഗതികെട്ട് വരാമെന്ന് പറഞ്ഞു. അങ്ങനെയാണ്, അവിടെ ചെന്നത്.

ചെന്നപ്പോള്‍ ഗസ്റ്റ്് എന്ന് മാത്രമാണ് എന്റെ അടുത്ത് പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ ഫൈവിന്റെ ഹൗസിന്റെ അകത്ത് കയറുന്ന സമയത്ത്, കാരവനില്‍വെച്ച് ഇവര്‍ പറഞ്ഞു, അവിടെ ഒരോ കണ്ടസ്റ്റന്‍സിനും ഓരോ ക്യാരക്ടര്‍വെച്ച് കൊടുത്തിരിക്കയാണെന്ന്. അതേ പോലെ എന്റെ അടുത്തും പറഞ്ഞു. ഭയങ്കര സൈലന്റ് ആയിട്ട് അധികം ആക്റ്റീവല്ലാത്ത, ഒരു ഗസ്റ്റ് ആയിരിക്കണമെന്ന്. സൈലന്റായി ഒരോരുത്തരെയും പ്രോവോക്ക് ചെയ്യണം. അതിനോടൊപ്പം സാഗറിനെയും അഖില്‍ മാരാരെയും, ടാര്‍ഗെറ്റ് ചെയ്യണമെന്ന് പ്രത്യേകം പറഞ്ഞു.

അതിനുശേഷം ഞാന്‍ അകത്തേക്ക് കയറി. അവര്‍ പറഞ്ഞ പ്രകാരം ഞാന്‍ എന്റെതായിട്ടുള്ള രീതിയില്‍, ഗെയിം ചെയ്തുകൊണ്ടിരിക്കയായിരുന്നു. അവിടെ പല കാര്യങ്ങളും കാണുമ്പോള്‍, ശരിയല്ല എന്ന് തോന്നിയപ്പോള്‍ ഞാന്‍ ബിഗ്ബോസിന്റെ അടുത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതൊന്നും നിങ്ങള്‍ കാണണം എന്നില്ല. 24 7 എന്ന് പറയുന്ന ലൈവ് പോലും എഡിറ്റഡായുള്ള കാര്യങ്ങള്‍ ആണ്. നിങ്ങള്‍ ഈ പുറമെ കാണുന്നതല്ല അകത്ത് നടക്കുന്നത്. 24 7 പോലും എഡിറ്റിഡാണ്. എപ്പിസോഡ് എന്ന് പറയുന്നത് അതിനേക്കാള്‍ എഡിറ്റഡാണ്. എന്നുവെച്ചാല്‍ ആടിനെ പട്ടിയാക്കുകയും, പട്ടിയെ ആട് ആക്കുകയും ചെയ്യുന്ന പരിപാടിയാണ് ഒരു ഷോയാണിത്. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ഉഡായിപ്പ് ആണ്. ഇത് കാണുന്ന ജനങ്ങള്‍ ഇത് മനസ്സിലാക്കിയാല്‍ നന്നായിരിക്കും. ”- ഡോ റോബിന്‍ വ്യക്തമാക്കി.

”നിങ്ങളുടെ ഇമോഷന്‍സിനെ വെച്ചിട്ടാണ് ഇവര്‍ കളിക്കുന്നത്. ഇതില്‍ചെന്ന് വീഴാതിരിക്കുക. ഞാന്‍ സീസണ്‍ ഫോറിന്റെ അകത്ത് പോയ ഒരു കണ്ടെസ്റ്റന്റ് ആണ്. ഞാന്‍ ഇറങ്ങി. അവസാനനിമഷം നടന്ന പല കാര്യങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. ഇവിടെ നടക്കുന്ന അനീതിക്കെതിരെ ഞാന്‍ നിന്നു. ബിഗ്ബോസിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ എന്നെ പുറത്താക്കുകയാണ് ഉണ്ടായത്. പക്ഷേ മൊത്തം കാര്യങ്ങള്‍ പുറത്ത് വന്നിട്ടില്ല. അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമാണ് പുറത്തുവരിക. എന്നെ നെഗറ്റീവ് ആക്കണമെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല. ഈ ഒരുഷോ വെച്ച് അതിലുള്ള ആളുകളെ ഒരിക്കലും ജഡ്ജ് ചെയ്യരുത്. കാണുന്നവര്‍ക്ക് കാണം. അതുവെച്ച് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങോട്ടും ഇങ്ങോട്ടും, അടികൂടുന്നത് വെറുതെയാണ്. അത്രയേ എനിക്ക് പറയാനുള്ളു.”- റോബിന്‍ പറഞ്ഞു.

ആദ്യ സീസണില്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ചോദ്യത്തിന് റോബിന്‍ ഇങ്ങനെ പറയുന്നു. ” അന്ന് ബിഗ്ബോസ് എന്ന ഷോയെക്കുറിച്ച് ഒന്നും അറിയാതെ പോയ ആളാണ് ഞാന്‍. . അന്ന് എനിക്ക് കോണ്‍ട്രാക്റ്റ് ഉണ്ടായിരുന്നു. ഇന്ന് എനിക്ക് ഒരു കോണ്‍ട്രാക്റ്റുമില്ല. അതുകൊണ്ട് എനിക്ക് പറയണം എന്ന് തോനുന്നു കാര്യങ്ങള്‍ എല്ലാം ഞാന്‍ പറയും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, നിങ്ങള്‍ കാണുന്നവര്‍, കൂടുതല്‍ ഇമോഷണലി അഡിക്റ്റഡ് ആവരുത്. അവര്‍ നമ്മുടെ ഇമോഷന്‍സിനെ വെച്ച് കളിക്കും. അത് കൊണ്ട് വെല്‍ പ്ലെയിഡ് ബിഗ്ബോസ, നിങ്ങള്‍ കാണിക്കുന്ന അനീതി, ചൂണ്ടിക്കാണിച്ച് ഞാന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ നിങ്ങള്‍ എന്നെ വീണ്ടും പുറത്താക്കി. വെല്‍ പ്ലെയിഡ് ബിഗ്ബോസ്”- റോബിന്‍ കൈകള്‍ ഉയര്‍ത്തി കൂപ്പിക്കൊണ്ട് പറഞ്ഞു.

ഇതുപോലുള്ള വിഷയങ്ങളില്‍ അധികം പ്രതികരിക്കാതെ, ഡോ വന്ദനയുടെ കൊലപാതകം പോലെയുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളും യുവാക്കളും പ്രതികരിക്കണമെന്നും ഡോ റോബിന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

വീണ്ടും പുറത്താവുന്നു

ബിഗ് ബോസ് സീസണ്‍ 5വില്‍ ഡോ റോബിന്‍ ഗസ്റ്റായി എത്തിയത്. മോശം റേറ്റിങ്ങില്‍ പോവുകയായിരുന്നു, ബിഗ്ബോസ് 5നെ ഉയര്‍ത്താനാണ്, മൂന്‍ മത്സരാര്‍ഥികളായ ഡോ റോബിനെയും, ഡോ രജത്കുമാറിനെയും ഗസ്റ്റായി ബിഗ്ബോസ് സീസണ്‍ ഫൈവില്‍ എതാനും ദിവങ്ങളിലേക്ക് കൊണ്ടുവന്നത്. പക്ഷേ ആ നാലുദിവസം പോലും ബിഗ്ബോസില്‍ നില്‍ക്കാതെ ഡോ റോബിന്‍ വീണ്ടും പുറത്തായി. അഖില്‍ മാരാര്‍, ജൂനൈസ് എന്ന മത്സരാര്‍ഥിയെ ഒരു തര്‍ക്കത്തിനിടെ മുട്ടിയത്, ശാരീരിക ആക്രമണമാണെന്നും അതിനാല്‍ മാരാരെ പുറത്താക്കാതെ ഇനി ഗെയിം കളിക്കാന്‍ സമ്മതിക്കില്ല എന്ന റോബിന്റെ നിലപാട് ആണ് വിവാദമായത്. അതോടെ എല്ലാം കൈയില്‍നിന്ന് പോയി ഇനി ഒരു ഗെയിമും കളിക്കില്ല, ഇവിടെ ഒന്ന് കളിക്കാനും സമ്മതിക്കില്ല എന്ന നിലപാട് റോബിന്‍ എടുത്ത്. ഇതേ തുടര്‍ന്നാണ് റോബിനെ ബിഗ്ബോസ് പുറത്താക്കിയത്.

ബിഗ് ബോസ് മലയാളം പതിപ്പില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും രണ്ട് തവണ പുറത്താക്കപ്പെട്ട വ്യക്തി എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലും റോബിന് ട്രോളുകള്‍ നിറയുകയാണ്. പക്ഷേ ബിഗ്ബോസിലെ കള്ളത്തരങ്ങള്‍ വെളിപ്പെടുത്തി റോബിന്‍ തിരിച്ചിടിച്ചതോടെ, ട്രോള്‍ ഏഷ്യാനെറ്റിനും ബിഗ്ബോസിനും നേരെയായി.

നേരത്തെ ബിഗ്ബോസ് സീസണ്‍ ഫോറില്‍നിന്ന് പുറത്തായ, സംവിധായകന്‍ ഒമര്‍ ലുലുവും പുറത്ത് നടക്കുന്ന പല കാര്യങ്ങളും ബിഗ്ബോസ് തന്നെ കണ്ടസ്റ്റന്‍സിനെ അറിയിക്കുന്നുവെന്ന്, വെളിപ്പെടുത്തിയിരുന്നു. ഇതിനുപുറമേ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുന്നവര്‍, സ്വിമിങ്ങ് പൂളില്‍വെച്ചും പുറത്ത് നടക്കുന്നതിനെ കുറിച്ച് സൂചന കൊടുക്കും. സ്വിമ്മിങ്ങ് പൂളില്‍ ഇറങ്ങുമ്പോള്‍ മൈക്ക് ഉപയോഗിക്കാറില്ല. അതിനാല്‍ പറയുന്നത് ആരും കേള്‍ക്കില്ല എന്നാണ് ഒമര്‍ ലുലു പറയുന്നത്. അതേസമയം റോബിനും ചെയ്തത് ശരിയല്ലെന്നും, വരുന്നുപോയ വീട്ടില്‍ ബഹളമുണ്ടാക്കിയാല്‍ വീട്ടുകാര്‍ പുറത്താകുമെന്നും, ബിഗ്‌ബോസ് സ്‌ക്രിപ്പറ്റഡ് ആയ ഷോ അല്ലെന്നുമാണ്, റോബിന്റെ കുടെ സീസണ്‍ ഫൈവില്‍ അതിഥിയായി എത്തിയ ഡോ രജത്കുമാര്‍ പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് രജത്കുമാറും മാധ്യമങ്ങളെ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *