സ്വയം നാടുകടത്തപ്പെട്ട ദളിത് സ്ത്രീയും നവോത്ഥാന കേരളവും
ചരിത്രം ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആവർത്തിക്കും എന്നു പറഞ്ഞ സമയത്ത് മഹാനായ കാൾമാർക്സിന്റെ നാവിൽ ഗുളികൻ ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. കാരണം ചരിത്രത്തിന്റെ പിന്നീടുള്ള പോക്ക് അണുവിട തെറ്റാതെ അങ്ങനെയാണ്. പ്രത്യേകിച്ച് പാർട്ടിയുടെ ചരിത്രം. പാർട്ടിക്ക് ജ്യോതിഷത്തിലും ഗുളികനിലും കണ്ടകശനിയിലും രാഹുകാലത്തിലുമൊന്നും വിശ്വാസമില്ലെങ്കിലും വിശ്വാസികളുടെ കാര്യങ്ങളിൽ എപ്പോഴൊക്കെ ഇടപെട്ടുവോ, അപ്പോഴെല്ലാം പാർട്ടിക്ക് കണ്ടകശനിയായിരുന്നു എന്നാണ് ചരിത്രം. ‘ഉണ്ടിരിക്കണ നായർക്കൊരു വിളിതോന്നി’ എന്നൊരു ചൊല്ല് മലയാളികൾക്കിടയിൽ പണ്ടുപണ്ടേയുണ്ട്. കാലം മാറുന്നതിനനുസരിച്ച് നായരും നായരും പിടിച്ച വാലിന്റെ ഉടമയായ പുലിയും മാറും എന്നുമാത്രം.
2018 സെപ്തംബർ 28ന് ഇതുപോലൊരു വിളിതോന്നിയത് കേരളത്തിലെ പിണറായി വിജയൻറെ സർക്കാരിനാണ്. വിളി വന്നതാകട്ടെ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിൽ നിന്നും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കാമെന്നും ജൈവികമായ പ്രത്യേകതകൾ വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമാകരുതെന്നും സുപ്രീം കോടതി പറഞ്ഞു. കോടതിവിധി സമയത്ത് പിണറായി വിജയൻ ക്ലിഫ് ഹൗസിൽ ഊണുകഴിച്ച് ഏതോ ഒരു വിളി കാത്തിരിക്കുകയായിരുന്നു എന്ന് വേണം കരുതാൻ. വിളികേട്ടയുടൻ അദ്ദേഹം ഓടിച്ചെന്ന് ആ പുലിവാല് പിടിച്ചു. പിണറായി വിജയൻ അന്ന് പറഞ്ഞ കാര്യങ്ങൾ ദേശാഭിമാനി പത്രം തങ്കലിപികളിൽ എഴുതിവെച്ചത് ഇപ്രകാരമാണ്…‘എൽഡിഎഫ് എല്ലായ്‌പ്പോഴും ലിംഗസമത്വത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. അതിനാൽ ശബരിമലയിലേക്കുള്ള തീർത്ഥാടകർക്ക് സൗകര്യമൊരുക്കും’. പിന്നീടുണ്ടായ കാര്യങ്ങൾ സംസ്ഥാനത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നാഴികക്കല്ലുകളായി മാറുകയായിരുന്നു.
സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണപരമായ കർത്തവ്യത്തിന് പുറമെ നാട്ടിൽ നവോത്ഥാനം കൊണ്ടുവരാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം കൂടി ഏറ്റെടുത്താണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. വിശ്വാസികളിൽ ചിലരെങ്കിലും വിചാരിച്ചുകാണും , ഇതു പറഞ്ഞ സമയത്ത് പിണറായിയുടെ നാക്കിൽ ഗുളികൻ കയറി ഇരിപ്പുണ്ടായിരുന്നു എന്ന്.
ഒരുകാലത്തും നവോത്ഥാനം സെറ്റുമുണ്ടുടുത്ത് പുഞ്ചിരിച്ചു വന്ന ചരിത്രമില്ല. വൈക്കം സത്യഗ്രഹമായാലും ഗുരുവായൂർ സത്യഗ്രഹമായാലും നിവർത്തനപ്രക്ഷോഭമായാലും ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ സവർണ്ണഗുണ്ടകളുടെ അടികൊണ്ടും പൊലീസിന്റെ ഇടിമേടിച്ചുമാണ് നവോത്ഥാനം കൊണ്ടുവന്നത്. ഇവിടെയും അതുതന്നെ സംഭവിച്ചു. ഹർത്താലിന്റെ കാര്യത്തിൽ കുത്തക പുലർത്തിയിരുന്ന സിപിഎം ഒഴികെയുള്ള എല്ലാ പാർട്ടികളും ഈർക്കിൽ സംഘടനകളും ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ ഹർത്താൽ നടത്തി. ദിവസങ്ങൾ ഇടവിട്ടും ആഴ്ചകൾ ഇടവിട്ടും ഹർത്താലുകളാൽ സമൃദ്ധമായി കേരളം.
എന്നാൽ, സഖാക്കൾ അടങ്ങിയിരുന്നില്ല. ആശയങ്ങളെ ആയുധം കൊണ്ട് നേരിടുക എന്ന പഴഞ്ചൻ ശൈലി മാറ്റി പാർട്ടിയും പരിവാരങ്ങളും ആശയങ്ങളുമായി മുന്നിട്ടിറങ്ങി. സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിന് നവോത്ഥാനമൂല്യ സംരക്ഷണ സമിതി ഉണ്ടാക്കി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കി.മീ ദൂരത്തിൽ വനിതാ മതിൽ തീർത്തു. എന്നാൽ , ഇതിനിടയ്ക്ക് ഇങ്ങ് മലബാറിൽ കൊയിലാണ്ടിയിൽ ഉണ്ടിരിക്കുന്ന ആക്റ്റിവിസ്റ്റിനു വിളി വന്ന കാര്യം അധികമാരും അറിഞ്ഞില്ല. സർക്കാരിന്റെ നവോത്ഥാന മുദ്രാവാക്യങ്ങളും സ്തീ-പുരുഷസമത്വം നൽകുന്ന സുന്ദര ലോകവും സ്വപ്നം കണ്ടിരുന്ന 40 വയസ്സുകാരി അഡ്വ. ബിന്ദു അമ്മിണിക്ക് വിളി വന്നത്. അതേ സമയത്തുതന്നെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശി കനകദുർഗ എന്ന യുവതിക്കും സമാന അനുഭവം ഉണ്ടായി. പിന്നെ കാത്തുനിന്നില്ല. സുപ്രീംകോടതി വിധിയുടെ കോപ്പി ബാഗിൽവെച്ച് പൊലീസുകാരുടെ ലാത്തിയുടെ തുമ്പും പിടിച്ച് ഇരുവരും ശബരിമലയിൽ എത്തി ദർശനം നടത്തി. സംസ്ഥാനത്ത് നവോത്ഥാനം പൊട്ടി മുളച്ചതറിഞ്ഞ് കോരിത്തരിച്ച മുഖ്യമന്ത്രി സംരക്ഷണം ആവശ്യപ്പെടുന്ന ആർക്കും അത് നൽകാൻ തന്റെ പോലീസ് ഒരുക്കമാണെന്ന് പ്രഖ്യാപിച്ചു.
കാലം ഒന്നിനും കാത്തുനിന്നില്ല. ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമല പ്രവേശം നടത്തി എന്നുവെച്ച് ആഗോള പകർച്ചവ്യാധിയായ കേവിഡ് കേരളത്തെ ഒഴിവാക്കിയില്ല. കോവിഡ് കേരളത്തിലും വന്നു. ലോക്ക് ഡൌൺ വന്നതോടെ വൈക്കം സത്യഗ്രഹത്തിലൂടെ നേടിയെടുത്ത ‘സഞ്ചാര സ്വാതന്ത്ര്യം’ താൽക്കാലികമായെങ്കിലും നഷ്ടമായി. റോഡുകൾ വിജനമായി. കോവിഡ് മരണങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തി. സ്വാഭാവികമായും അവർ നവോത്ഥാനം മറന്നു. പിന്നീട് കോവിഡ് കെട്ടടങ്ങി ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്രം വീണ്ടുകിട്ടിയെങ്കിലും ഒരാൾക്ക് മാത്രം അത് കിട്ടിയില്ല. ബിന്ദു അമ്മിണിക്ക്. . പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. റോഡിൽ അവരെ കണ്ടാൽ കുങ്കുമക്കുറിയിട്ട വിപ്ലവകാരികൾ തെറിപറയാനും ദേഹത്ത് തുപ്പാനും കണ്ണിൽ കുരുമുളക് സ്പ്രേ അടിക്കാനും തുടങ്ങി. അവരുടെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. റോഡിലൂടെ നടന്നുപോകുമ്പോൾ ഓട്ടോയിടിച്ചു കൊല്ലാൻ ശ്രമിച്ചു. ദളിത് സ്ത്രീ ആക്രമണത്തിനിരയാകുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ട പ്രത്യയശാസ്ത്ര സംവിധാനങ്ങൾക്ക് ഒട്ടും സമയം കിട്ടിയില്ല. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾക്ക് പോലും മറുപടിപറയാൻ സമയം തികയാത്ത അവസ്ഥ. അക്രമികളെ പിടികൂടി തടവിലിടാനുള്ള സംവിധാനങ്ങളാവട്ടെ ഇതൊന്നും അറിഞ്ഞമട്ടില്ല. കാരണം അവരൊരു സ്ത്രീയാണ്, ദളിത് സ്ത്രീ. പാർട്ടിയുടെ നവോത്ഥാന മുദ്രാവാക്യങ്ങൾ കേട്ട് എടുത്തുചാടി ചവിട്ടുകൊള്ളേണ്ടിവന്ന ദളിത് സ്ത്രീ. സ്വപ്നയ്ക്കോ സരിതയ്ക്കോ ലഭിക്കുന്ന പ്രിവിലേജ് അവർക്ക് ലഭിക്കില്ല. നവേത്ഥാനം നൂറു വട്ടം വന്നുപോയാലും ജാതികേരളത്തിലെ വാല് കുഴലിലിട്ട പോലെയാണ്.
ഒടുവിൽ ബിന്ദു അമ്മിണി നവോത്ഥാന കേരളത്തോട് യാത്രപറഞ്ഞ് ഡൽഹിയിലേക്ക് പുതിയ ജോലിതേടി പോയിരിക്കുന്നു. ‘കേരളത്തിൽ എന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സിപിഎം, സിപിഐ, ലിബറൽ സ്പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ് തുടങ്ങി എല്ലാവരും ഉണ്ട്’എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് അവർ കേരളം വിട്ടത്. വൈക്കം സത്യഗ്രഹത്തിന് അവർണ്ണർക്ക് എതിരുനിന്ന, ഗാന്ധിജിക്ക് പോലും പ്രവേശനം നിഷേധിച്ച ‘ഇണ്ടംതുരുത്തി മന’ ഇന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസാണെന്ന് ഊറ്റംകൊള്ളുമ്പോളും നവോത്ഥാന പാർട്ടിക്ക് ജാതികേരളത്തെ പേടിയാണെന്ന് സമ്മതിച്ചേ തീരു. അതിനുള്ള എക്കാലത്തെയും ഉദാഹരണമാണ് ബിന്ദു അമ്മിണി എന്ന ദളിത് സ്ത്രീയുടെ സ്വയം നാടുകടത്തൽ.