ടൊവിനോയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം; ‘അജയന്റെ രണ്ടാം മോഷണം’ ടീസർ എത്തി
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ബ്രഹ്മാണ്ഡ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ ത്തിന്റെ ത്രീഡി ടീസർ പുറത്ത് വിട്ടു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ഒരു മിനിറ്റിന് പുറത്ത് ദൈർഘ്യമുള്ള ടീസർ അതിമനോഹര ദൃശ്യവിസ്മയമാണ്. തമിഴിൽ സംവിധായകൻ ലോകേഷ് കനകരാജും ആര്യയും, മലയാളത്തിൽ പൃഥ്വിരാജ്, ഹിന്ദിയിൽ ഹൃത്വിക് റോഷൻ, തെലുങ്കിൽ നാനി, കന്നഡയിൽ രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് ടീസറുകൾ പുറത്തിറക്കിയത്. പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ബിഗ് ബജറ്റ് ചിത്രത്തിൽ ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളിൽ എത്തുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പീരിയോഡിക്കൽ എന്റർടെയ്നറായ ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും സുജിത് നമ്പ്യാർ എഴുതുന്നു.
ചിയോതി വിളക്ക് കട്ട കള്ളൻ മണിയന്റെ കഥയാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. 60 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. 118 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൻ ടൊവിനോയുടെ നായികമാരായി എത്തുന്നത്. കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂർണമായും 3ഡിയിൽ ഒരുക്കുന്ന ചിത്രത്തിൽ ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതകൾ ഉണ്ട്. ബേസിൽ ജോസഫ്, ജഗദീഷ് ഹരീഷ് ഉത്തമൻ, അജു വർഗീസ്, ശിവജിത്ത് പത്മനാഭൻ, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടറായ ദിപു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം ഈ വർഷം അവസാനത്തോടെ റിലീസിനെത്തുമെന്നാണ് സൂചന.