ഐഎഎസ് തലപ്പത്തു അഴിച്ചുപണി നാടകം.
തിരുവനന്തപുരം : കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും സ്ഥാനചലനം.ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിന്റെ അധിക ചുമതല നല്‍കി നിയമിച്ചു. .നേരത്തെ ഇതേ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഹനീഷിനെ ആരോഗ്യവകുപ്പിലേക്ക് മാറ്റിയിരുന്നു.ആ ഉത്തരവിന് മുമ്പ് റവന്യുവകുപ്പിലേക്കായിരുന്നു മാറ്റം. സി.പി.ഐ യുടെ എതിര്‍പ്പിനെ തുടര്‍ന്നു ഹനീഷിനെ ആരോഗ്യവകുപ്പിലേക്ക് തന്നെ മാറ്റി . ഇപ്പോള്‍ വീണ്ടും വ്യവസായ വകുപ്പിന്റെ അധിക ചുമതല നല്‍കിയതോടെ അഴിച്ചുപണി നാടകത്തിനു താത്കാലിക അന്ത്യം.
എഐ ക്യാമറ വിവാദത്തിന് കാരണമായ ഉത്തരവ് പുറപ്പെടുവിച്ചത് മൂഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് സെക്രട്ടറിയായിരിക്കുമ്പോഴാണ്. കെല്‍ട്രോണിന്റെ വിവാദ ഉപകരാര്‍ നല്‍കിയതും ഹനീഷ് വ്യവസായ വകുപ്പ് സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു.എന്നിട്ടും ഉപകരാര്‍ വിവാദം ഉയര്‍ന്നപ്പോള്‍ അതന്വേഷിക്കാന്‍ അദ്ദേഹത്തെ തന്നെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
അന്വേഷണം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ഹനീഷ് അവധിയില്‍ പോയി. തിരിച്ചു വന്ന് റിപ്പോര്‍ട്ട് നല്‍കും മുമ്പെ അദ്ദേഹത്തെ ആരോഗ്യവകുപ്പിലേക്ക് മാറ്റി. അവിടെയിരുന്നാണ് ഹനീഷ് എ.ഐ ക്യാമറ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. കെല്‍ട്രോണിനെ വെളളപൂശുന്നതായിരുന്നു റിപ്പോര്‍ട്ട്. .അതു നല്‍കി രണ്ടുദിവസത്തിനുള്ളില്‍ തന്നെ അദ്ദേഹത്തെ വീണ്ടും വ്യവസായവകുപ്പിന്റെ അധിക ചുമതല നല്‍കി നിയമിച്ചു.
മറ്റു ചില വകുപ്പുകളില്‍ കൂടി ഇതൊടൊപ്പം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
എം.ജി.രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. വി. വിഘ്‌നേശ്വരി കോട്ടയം കളക്ടര്‍ ആയി ചുമതയേല്‍ക്കും. സ്‌നേഹില്‍ കുമാറിന് കെഎസ്‌ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയും ശിഖ സുരേന്ദ്രനു കെറ്റിഡിസി മാനേജിംഗ് ഡയറക്ടര്‍ ചുമതലയും നല്‍കി. ആയുഷ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന കേശവേന്ദ്ര കുമാറിനെ ഫിനാന്‍സ് സ്‌പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു.