We Talk

വന്യമൃഗങ്ങളെ കാടിറക്കുന്നതാര്

കാട്ടുപോത്തിനെ വെടിവച്ചുകൊല്ലില്ലെന്ന് വനംവകുപ്പ്, കൊല്ലാമെന്ന് കളക്ടർ, മൃതദേഹവുമായി പ്രതിഷേധിക്കാൻ നാട്ടുകാർ

പത്തനംതിട്ട ജില്ലയിലെ എരുമേലിയിൽ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലില്ലെന്ന് വനംവകുപ്പ്. കാട്ടുപോത്തിനെ മയക്കു വെടിവെക്കാനാണ് വനംവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ വെടിവച്ചുകൊല്ലാമെന്ന് കളക്ടർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. അതേത്തുടർന്നാണ് സമരത്തിൽനിന്ന് പിന്മാറിയതെന്നും കർഷകരും നാട്ടുകാരും വിശദീകരിക്കുന്നു. വനംവകുപ്പ് വെടിവച്ചുകൊല്ലില്ലെന്ന് പറഞ്ഞതിനെ തുടർന്ന് മരിച്ച തോമസിന്റെ മൃതദേഹവുമായി കണമലയിൽ വീണ്ടും പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് പ്രതിഷേധക്കാർ പറയുന്നു. വനംവന്യജീവി നിയമപ്രകാരം ഷെഡ്യൂൾഡ് 1 ൽപ്പെടുന്ന കാട്ടുപോത്തിനെ വെടിവച്ചു കൊല്ലുന്നതിന് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതി വേണം. കാട്ടുപോത്ത് ആക്രമണത്തിനു പിന്നാലെ അക്രമകാരികളായ ജീവികളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള ആവശ്യങ്ങൾ നേരത്തേ കളക്ടർ പി കെ ജയശ്രീയുടെ മുന്നിൽ നാട്ടുകാർ അവതരിപ്പിച്ചിരുന്നു. ജനങ്ങളുമായി സംസാരിച്ച് കളക്ടർ സർക്കാരിന്റെ തീരുമാനങ്ങൾ അറിയിക്കുകയും ചെയ്തു. സിആർപിസി 133 പ്രകാരം കളക്ടറുടെ ഉത്തരവ് വന്നു. എന്നാൽ ഇൗ വകുപ്പിൽ വന്യജീവി എന്നു പറയുന്നില്ല. അക്രമകാരികളായ ജീവികളെ വെടിവച്ചു കൊല്ലാമെന്നാണ് അതിൽ പറയുന്നത്. അതുകൊണ്ടു തന്നെ കളക്ടറുടെ ഉത്തരവിൽ അവ്യക്തത നിലനിൽക്കുന്നു. അതേസമയം, കാട്ടുപോത്തിനെ കണ്ടെത്താനും ജനവാസമേഖലയിൽ എത്താതിരിക്കാനുമുള്ള മുൻകരുതലെടുക്കുന്നതിനുമായി വനം വകുപ്പും പോലീസും വിവിധ മേഖലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനായി തേക്കടിയിൽനിന്നുള്ള പ്രത്യേക വനംവകുപ്പ് സംഘം സ്ഥലത്തെത്തി. വന്യജീവി എന്ന പരിരക്ഷയുള്ളതിനാൽ ഇവയെ കാട്ടിൽ കണ്ടെത്തിയാൽ വെടിവയ്ക്കാനാവില്ല. എന്നാൽ, ജനവാസമേഖലയിലെത്തിയാൽ വെടിവയ്ക്കാൻ കഴിയുമെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *