മോദിപ്പേടി, ഗ്രൂപ്പിസം; കൂലിപ്പണിയെടുത്ത് പഠിച്ചു ഐപിഎസ് നേടി താരമായ ഐ ജി പി വിജയന്റെ സസ്‌പെന്‍ഷന് പിന്നിലെന്ത്?
ചേലേമ്പ്ര ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെ പ്രമാദമായ കേസുകള്‍ തെളിയിച്ച ഉദ്യോഗസ്ഥന്‍, രാജ്യത്തിന് മാതൃകയായ സ്റ്റുഡന്റ് പൊലിസ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍, പ്രധാന മന്ത്രിപോലും പ്രശംസിച്ച ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലക്കാരന്‍, അങ്ങനെ സേനയെ പല മേഖലയില്‍ പ്രശസ്തിയിലേക്ക് നയിച്ച ഐജി പി വിജയനെതിരായ കടുത്ത നടപടിയിലെ അമ്പരപ്പിലാണ് പൊലീസുകാര്‍
കോഴിക്കോട്: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുക പണ്ട് മുതല്‍ക്കേ പൊലീസിന്റെ രീതിയാണ് . പക്ഷേ ഇപ്പോള്‍ അതേ രീതി, റാങ്ക്‌പൊലും നോക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ പ്രയോഗിച്ചു തുടങ്ങിയിരിക്കയാണ് . പി വിജയന്‍ എന്ന ഐപിഎസ് ഓഫീസറുടെ സസ്‌പെഷന്‍ സൂചിപ്പിക്കുന്നത് അതാണ്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ സഞ്ചാരവിവരം ചോര്‍ന്നതിന്റെ പേരിലാണ് ഐജി പി. വിജയനെ പിണറായി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ തലവന്‍ കൂടിയായ വിജയന്‍, എലത്തൂര്‍ തീവെപ്പ് കേസിലെ പ്രതിയെ കൊണ്ടുവരുമ്പോള്‍ പൊലീസുകാരെ വിളിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രതിയുടെ റൂട്ട് വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് വിജയന്‍ ആണെന്നാണ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. ഒരു ഐജി തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവെന്നതിന്റെ നടപടി എടുത്തതു കേട്ടുകേള്‍വിയില്ലാത്തതാണെന്നാണ് പൊലീസ് സേനയ്ക്കുള്ളില്‍ നിന്നുയരുന്ന വിമര്‍ശനം .
പി .വിജയനെതിരായ നടപടിക്ക് പിന്നാലെ സേനയിലെ ചേരിതിരിവും പടലപിണക്കങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്. എലത്തൂരില്‍ ട്രെയിനില്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സേനയുടെ തലവനായ വിജയനും കോഴിക്കോടെത്തിയിരുന്നു. എടിഎസ് അന്വേഷണം തുടങ്ങിയ ശേഷമാണ് , എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. അന്വേഷണം തുടങ്ങിയ ശേഷവും ഏകോപനത്തെ ചൊല്ലി എഡിജിപിയും ഐജിയും തമ്മില്‍ തര്‍ക്കമുണ്ടായി.. ഇതിനിടെയാണ് പ്രതിയെ കൊണ്ടുവന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തിയത്. അതിന്റെ പേരില്‍ മാതൃഭൂമി ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കേസും എടുത്തു.
വിജയനെ സ്‌സ്‌പെന്‍ഡ് ചെയ്യാനുള്ള യാഥാത്ഥ കാരണം രാഷ്ട്രീയ വൈരാഗ്യവും ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ ചരടുവലിയുമാണെന്നാണ് സേനക്ക് അകത്തെ സംസാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരെ വിജയന് അടുപ്പമുണ്ടെന്നും രാഷ്ട്രീയമായി ബിജെപിക്ക് ഒപ്പമാണെനും സിപിഎമ്മിനു സംശയമുണ്ട്. . നേരത്തെ പ്രധാനമന്ത്രിയുടെ മന്‍കിബാത്തിന്റെ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ വിജയനു ക്ഷണം ലഭിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിരസിച്ചിരുന്നു. വൈകാതെ വിജയന്‍ ബിജെപിയില്‍ ചേരുമെന്ന് സിപിഎം സംശയിക്കുന്നതായി ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വി ടോക്കിനോട് പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപിയെ നയിക്കുന്നത് മുന്‍ ഐപിഎസുകാരനായ അണ്ണാമലൈയാണ്. വലിയ ജനക്കൂട്ടത്തെയാണ് അണ്ണാമലൈ ആകര്‍ഷിക്കുന്നത്. കേരളത്തിലും സമാന രീതിയില്‍ സിവില്‍ സര്‍വ്വീസുകാരെ ബിജെപി പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും വിജയന്‍ അക്കൂട്ടത്തില്‍ ഉണ്ടാകുമെന്നുമാണ് സിപിഎം കണക്കു കൂട്ടുന്നത്. . മന്‍ കി ബാത്തിലേക്ക് മോദിയുടെ ടീം വിജയനെ ക്ഷണിക്കുകയും അതില്‍ പങ്കെടുക്കാന്‍ അനുമതി തേടി വിജയന്‍ സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തതോടെ സംശയങ്ങള്‍ ഇരട്ടിച്ചു.
ഇതോടൊപ്പം കേരളാ പൊലീസിനെ ചേരിപ്പോരും വിജയന് വിനയായി. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിജയനെതിരെ അവസരം നോക്കി നടക്കുയാണെന്ന വിമര്‍ശനം സേനയിലുണ്ട്. മാത്രല്ല അടുത്ത മാസങ്ങളിലായി കൂടുതല്‍ പേര്‍ വിരമിക്കുമ്പോള്‍, എഡിജിപി തസ്തികയിലേക്ക് എത്തേണ്ട ഓഫീസര്‍ കൂടിയാണ് വിജയന്‍. ഇത് വൈകിപ്പിക്കുകയോ തടയുകയോ ചെയ്യുക എന്ന ലക്ഷ്യം കൂടി സസ്‌പെന്‍ഷന് പിന്നിലുണ്ട്.
ചേലേമ്പ്ര ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെ പ്രമാദമായ കേസുകള്‍ തെളിയിച്ച ഉദ്യോഗസ്ഥന്‍, രാജ്യത്തിന് മാതൃകയായ സ്റ്റുഡന്റ് പൊലിസ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍, പ്രധാന മന്ത്രി പോലും പ്രശംസിച്ച ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലക്കാരന്‍, അങ്ങനെ സേനയെ പല മേഖലയില്‍ പ്രശസ്തിയിലേക്ക് നയിച്ച പോലീസ്പി ഓഫീസറാണ് വിജയന്‍. . സസ്‌പെന്‍ഷനെതിരേ പൊലീസ് സേനയിലുള്ള അമര്‍ഷം സമൂഹമാധ്യമങ്ങളിലേക്കും എത്തുകയാണ്. ‘സ്റ്റാന്‍ഡ് വിത്ത് പി. വിജയന്‍ ഐ.പി.എസ്.’ എന്നെഴുതിയ പലതരം പോസ്റ്ററുകളാണ് പ്രചരിക്കുന്നത്.
‘പി. വിജയനെതിരേ ചൊറിപ്പട’ എന്ന തലക്കെട്ടില്‍ ഒരുകുറിപ്പും പ്രചരിക്കുന്നുണ്ട്. വിജയനെതിരേ ഉണ്ടായ നടപടിയില്‍ ഉന്നത പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് ഇതില്‍ ആരോപിക്കുന്നു. ‘എവറസ്റ്റിന്റെ സൗന്ദര്യത്തെ ഏച്ചുകെട്ടിയ ഏണികൊണ്ട് അളക്കാനാവില്ല’ എന്ന ക്യാപ്ഷനോടെയാണ് ഒരു പോസ്റ്റര്‍. ‘മുട്ടുകുത്തിനിന്ന് ജീവിക്കുന്നതിനെക്കാള്‍ നല്ലത് നിവര്‍ന്നുനിന്ന് മരിക്കുന്നതാണ്’ എന്നാണ് മറ്റൊരെണ്ണം. ‘തെച്ചിക്കോട്ടുകാവ് രാമനെ എഴുന്നള്ളിപ്പുകളില്‍നിന്നും മാറ്റാം. ജനഹൃദയങ്ങളില്‍നിന്നും മാറ്റാനാവില്ല’ മറ്റൊന്നു പറയുന്നു.
കൂലിപ്പണിയെടുത്ത് വളര്‍ന്ന മനുഷ്യന്‍
വളരെ താഴെ തട്ടില്‍നിന്ന് പഠിച്ച് വളര്‍ന്ന ആളാണ് പി വിജയന്‍. വീട്ടിലെ സാഹചര്യവും മറ്റുമായി പഠിക്കാന്‍ ചെറുപ്പത്തില്‍ പിന്നോട്ടായിരുന്നു താന്‍ എന്ന അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയന്‍ പൊലീസ് സര്‍വീസില്‍ എത്തിയത് അതിയായ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമായിരുന്നു.
പഠിക്കുന്ന കാലത്തു മുതല്‍ക്കു വിജയന്‍ കെട്ടിടം പണിക്കു പോയിരുന്നു. കൂട്ടുകാര്‍ പത്താം ക്ലാസ് പരീക്ഷയെഴുതുമ്പോള്‍ വിജയന്‍ പത്തില്‍ പഠിപ്പു നിര്‍ത്തി കോഴിക്കോട്ടെ പുത്തൂര്‍മഠമെന്ന ഗ്രാമത്തില്‍ കല്ലുചെത്തി ചുമരു കെട്ടുകയായിരുന്നു.
കുറേനാളുകള്‍ക്കു ശേഷം നാട്ടില്‍ എസ്എസ്എല്‍സിക്കു രാത്രികാല ക്ലാസ് തുടങ്ങിയെന്നറിഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി പരീക്ഷ എഴുതാന്‍ മോഹം മനസിലുദിച്ചു. ജോലി കഴിഞ്ഞു രാത്രി എട്ടു മുതല്‍ പത്തു മണി വരെ ക്ലാസ്. രണ്ടു മാസം മാത്രം ക്ലാസിലിരുന്ന വിജയന്‍ നന്നായി പഠിച്ചുതന്നെ പരീക്ഷയെഴുതി. ശരാശരി മാര്‍ക്കോടെ ജയം. പ്രീഡിഗ്രിക്കു ചേര്‍ന്നപ്പോഴും റഗുലര്‍ ക്ലാസില്‍ പോയില്ല. പകല്‍ കൂലിപ്പണിയായിരിക്കും. രണ്ടു വിഷയത്തിനു ട്യൂഷനു പോയി. നല്ല മാര്‍ക്കോടെ വിജയിച്ചു. ബിഎ ഇക്കണോമിക്‌സ് പഠിക്കാന്‍ കോളജില്‍ ചേര്‍ന്നപ്പോള്‍ കെട്ടിടനിര്‍മ്മാണം അവസാനിപ്പിക്കേണ്ടിവന്നു. പകരം, ബന്ധുവിനൊപ്പം സോപ്പ് നിര്‍മ്മാണവും കിടക്ക നിര്‍മ്മാണവും ആരംഭിച്ചു.
പുസ്തകവായന വിജയന്റെ ശീലമായിരുന്നു. ആദ്യം ഒന്നും തലയില്‍ കയറിയില്ല. പക്ഷേ, വായന നിര്‍ത്തിയില്ല. പതിയെ വലിയൊരു ലോകം വിജയനു മുന്നില്‍ തുറന്നു. പരീക്ഷ കഴിഞ്ഞപ്പോഴേക്കും സോപ്പു കമ്പനി എട്ടുനിലയില്‍ പൊട്ടി, വിജയന്‍ നല്ലനിലയില്‍ പാസായി. തുടര്‍ന്ന് എംഎയും തുടര്‍ന്നു യുജിസി പരീക്ഷയും വിജയിച്ചു. കഷ്ടപ്പാടുകളില്‍ നിന്നു പഠിച്ച് ഐഎഎസ് ആയ ഡോ.വി.പി.ജോയിയുടെ ജീവിതകഥ വായിച്ചതാണു ജീവിതത്തില്‍ വഴിത്തിരിവായത്. ആദ്യത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഐഎഎസും ഐപിഎസുമൊന്നും ലഭിച്ചില്ല. കേന്ദ്ര സര്‍വീസില്‍ ചെറിയൊരു ജോലി. നിരാശനാകാതെ വീണ്ടും പരീക്ഷയെഴുതി. അത്തവണ ആര്‍പിഎഫില്‍ കിട്ടി. അതിനിടയില്‍ കോളജ് അദ്ധ്യാപകനായും ഒരു കൈ നോക്കി.
അപ്പോഴേക്കും താന്‍ ഏതു പരീക്ഷയിലും വിജയിക്കുമെന്ന ആത്മവിശ്വാസം വിജയനു കൈവന്നു. ആ ലഹരിയുമായി അടുത്ത തവണ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയെങ്കിലും തീരെ താഴ്ന്ന മാര്‍ക്ക് ആയിരുന്നു . അടുത്തതവണ പരീക്ഷയെഴുതി ഐപിഎസ് നേടി. പിന്നീട് സ്റ്റുഡന്‍സ് പോലീസിന്റെ ചുമതലക്കാരനായി വന്നപ്പോള്‍ വിജയന്‍ ഈ കഥ കുട്ടികളോട് പറഞ്ഞിട്ടുണ്ട്. 1999 ബാച്ചില്‍ ഐപിഎസ് ഉദ്യോഗസ്ഥനായി.ഐഎഎസ് ഉദ്യോഗസ്ഥയായ എം ബീനയാണ് പി വിജയന്റെ ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളാണ് .
പ്രതികൂല ജീവിതസാഹചര്യങ്ങളെ പൊരുതി തോല്‍പ്പിച്ച് സ്വപ്രയത്‌നത്തില്‍ വളര്‍ന്ന ഒരാളെയാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ നോക്കുന്നത്. എലത്തൂര്‍ കേസിലെ പ്രതിയെ പിടിക്കുന്നതിനു കേന്ദ്ര ഏജന്‍സികളെ വിജയന്‍ ഇടപെടുവിച്ചതാണ് സ്റ്റേറ്റ് പൊലീസിലെ ചിലര്‍ക്കും സര്‍ക്കാരിനും അനിഷ്ടമായത്. പ്രതി കേരളം വിട്ടെന്ന സംശയത്തില്‍ ഭീകര വിരുദ്ധ സേനയുടെ മുന്‍ തലവനും നിലവില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ അനൂപ് കുരുവിള ജോണിന്റെ സഹായം വിജയന്‍ തേടിയിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ഏകോപനത്തോടെ പെട്ടെന്ന് പ്രതിയെ പിടിക്കാന്‍ ഇത് സഹായകമായി. എന്നാല്‍, വിജയന്റെ ഇടപെടല്‍ സുരക്ഷാ വീഴ്ച ഉണ്ടാക്കി എന്നാണ് എ ഡി ജി പി അജിത്കുമാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതി ഷാരൂഖിന്റെ ഫോട്ടോയും വിവരങ്ങളും പുറത്തു വിട്ടത് മഹാരാഷ്ട്ര എ ടി എസ് ആയിരിക്കെ , അത് വിജയന്റെ അക്കൗണ്ടിലാക്കാന്‍ ആസൂത്രിത ശ്രമം നടന്നതായി ആരോപണമുണ്ട്. ഡിസംബറില്‍ എ ഡി ജി പി യായി ലഭിക്കേണ്ട പ്രമോഷനും സിബിഐ യിലേക്കുള്ള ഡെപ്യൂട്ടേഷനും സസ്‌പെന്‍ഷന്‍ കാരണം തടസ്സപ്പെടും.