ആപ്പായി മാറുന്ന ലോൺ ആപ്പുകൾ

മലയാളികള്‍ക്ക് ഇന്ന് പറ്റുന്ന ഏറ്റവും വലിയ ചതി ഏതെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം അത് ഓണ്‍ലൈന്‍ തട്ടിപ്പുകളാണ്. ബാങ്കുകള്‍ കയറിയിറങ്ങാതെ ഒറ്റ ക്ലിക്കില്‍ അക്കൗണ്ടില്‍ പണമെത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്ക് പിന്നാലെ പായുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. ഇത്തരം കെണികളില്‍ കുടുങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും ചെറുതല്ല. അത്യാവശ്യക്കാര്‍ക്ക്  സഹായകമാകുന്നു എന്ന വ്യാജേന എത്തുന്ന ‘ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പു’കള്‍ ഭാവിജീവിതത്തിനു തന്നെ ആപ്പുവയ്ക്കുന്ന അവസ്ഥയായതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസും രംഗത്തെത്തിയിരുന്നു.

പണം കടമെടുക്കുന്നയാള്‍ തിരിച്ചടവില്‍ വീഴ്ചവരുത്തിയാലോ, മൊത്തം തുക പലിശ സഹിതം തിരിച്ചടച്ചാലോ സ്മാര്‍ട് ഫോണില്‍ നിന്ന് ഫോട്ടോകള്‍ ഉള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് ബ്ളാക്ക് മെയില്‍ ചെയ്യുന്ന തരത്തിലേക്ക് ലോണ്‍ ആപ്പുകളുടെ ഭീഷണി വളര്‍ന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഫോണിലെ കോണ്‍ടാക്ട്‌സ്, ഗാലറി എന്നിവ ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ കൈക്കലാക്കും. ലോണ്‍ ലഭിക്കാന്‍ ഫോട്ടോ, ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് വാങ്ങും. ലോണ്‍ തുകയില്‍ നിന്ന് വലിയൊരു തുക കിഴിച്ചശേഷം ബാക്കി തുകയായിരിക്കും നല്‍കുന്നത്. കൃത്യമായി തിരിച്ചടച്ചാലും ലോണ്‍ മുടങ്ങിയെന്ന പേരില്‍ പണവും പലിശയും ആവശ്യപ്പെടും. ലോണ്‍ വാങ്ങിയ ആളുടെ കോണ്‍ടാക്ട് ലിസ്റ്റ് ഉപയോഗിച്ച് സ്ത്രീകളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നതാണ് പ്രധാന കെണി. മോര്‍ഫ് ചെയ്ത ചിത്രം ലോണ്‍ എടുത്തയാള്‍ക്കും കോണ്‍ടാക്ട് ലിസ്റ്റിലുള്ളയാള്‍ക്കും അയയ്ക്കുന്നതോടെ ബ്‌ളാക്ക്‌മെയിലിംഗിന്റെ ആദ്യ ഘട്ടം തുടങ്ങും. പിന്നീട് ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഉപഭോക്താവ് വഴങ്ങിയില്ലെങ്കില്‍ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കും. ഫേക്ക് ഐഡികളില്‍ നിന്നും വ്യാജമായി സൃഷ്ടിച്ച വാട്‌സാപ്പ് നമ്പറുകളില്‍ നിന്നുമായിരിക്കും ഇത്തരക്കാര്‍ മെസേജുകള്‍ അയയ്ക്കുന്നത്. ഇരയാകുന്നവര്‍ നാണക്കേട് ഓര്‍ത്ത് പരാതിപ്പെടില്ല. ഇതോടെ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യും.

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഒരു ദിവസം മലയാളിക്ക് നഷ്ടമാകുന്നത് ശരാശരി 70 ലക്ഷം രൂപയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. പണം നഷ്ടമായെന്നു കാട്ടി കേരളത്തില്‍ സൈബര്‍ പോലീസിന് ദിവസവും ലഭിക്കുന്നത് 80 മുതല്‍ 90 വരെ പരാതികളാണ്. 2022ല്‍ 600ഓളം ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ ഇത് 300 ആയിരുന്നു. ഈ വര്‍ഷം ഇതുവരെ 150ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം പറയുന്നു. ബാങ്കുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകളിലുടെ വരുന്ന നഷ്ടം ഭീകരമാണ്.പലരും അപമാനം പേടിച്ച് പുറത്തുപറയുകയുമില്ല.

 ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാനുള്ള നടപടിക്രമങ്ങളുടെ നൂലാമാലകളും അതിന് പിന്നാലെ നടക്കേണ്ടിവരുന്ന സമയനഷ്ടവുമൊക്കെ ഇത്തരം ആപ്പുകളെ ആശ്രയിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നു. എളുപ്പത്തില്‍ കടം വാങ്ങാമെങ്കിലും സമയത്ത് തിരിച്ച് അടയ്ക്കാനായില്ലെങ്കില്‍ ജീവന്‍ വെടിയേണ്ട അവസ്ഥയിലെത്തിക്കുമെന്നതാണ് ഈ ആപ്പുകളുടെ ദുരന്തം.  ഓണ്‍ലൈന്‍ വായ്പയെടുത്ത് വാഹനം വാങ്ങുന്നവരുടെയും ഫോണെടുക്കുന്നവരുടെയും എണ്ണം ദിനംപ്രതി കൂടി വരുകയാണ്. ഫോണിലൂടെ കെവൈസി വിവരങ്ങള്‍ നല്‍കിയാല്‍ പെട്ടെന്ന് വായ്പ കിട്ടുമെന്നതിനാല്‍ ഇത്തരം ആപ്‌ളിക്കേഷനില്‍ കൂടുതല്‍ പേര്‍ ആകൃഷ്ടരാകുന്നു. ആപ്പുകളിലൂടെ പണമെടുക്കുമ്പോള്‍ വലിയ പലിശ നിരക്കിനെക്കുറിച്ച് ആരും ചിന്തിക്കാറുമില്ല. റിസര്‍വ് ബാങ്കിന്റെ അനുമതിയുള്ള ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമേ ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ നിയമപരമായി പണം നല്‍കാന്‍ കഴിയൂ. പലിശയും അത് ഈടാക്കാനുള്ള രീതിയും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമാണ്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഓണ്‍ലൈന്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ഓരോരുത്തരും മനസിലാക്കണം. അതിനാല്‍ ഇവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കാര്യമായി അധികാരികള്‍ക്ക് ഇടപെടാനാവില്ല.

അനധികൃത ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനം തടയാന്‍ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും ഏജന്‍സികളോടും കേന്ദ്രം ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. വ്യാജ ചൈനീസ് ലോണ്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ക്യാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തരം ആപ്പുകള്‍ക്കെതിരേ സാദ്ധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയെങ്കിലും കാര്യമായ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ബംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പ്രാദേശികമായി നിയമിക്കുന്ന വ്യാജ ഡയറക്ടര്‍മാരെയും കമ്പനികളെയും മറയാക്കിയാണ് ചൈനീസ് കമ്പനികള്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പു വഴികളിലൂടെ സഞ്ചരിക്കാന്‍ തയാറായി നില്‍ക്കുന്നവരുടെ നീണ്ട നിരയുള്ളടത്തോളം ആപ്പ് നിരോധന നീക്കങ്ങളും ഫലപ്രദമാകില്ല.

വായ്പയും പലിശയും പെരുകി തിരിച്ചടയ്ക്കാന്‍ ഗതിയില്ലാതെ ആവുന്നതോടെ മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശമെത്തും. അതിലൂടെ പുതിയൊരു വായ്പകൂടി പാസാക്കി നല്‍കും.  ഈ തുകയും ആദ്യത്തെ വായ്പയില്‍ വരവുവച്ച് കൂടുതല്‍ കടക്കെണിയിലാക്കും. ചൈനീസ് പശ്ചാത്തലത്തിലുള്ള ആപ്പുകളാണ് ഇതിന് പിന്നിലെന്ന് മനസിലായതോടെയാണ് ചില ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍, അവര്‍ വീണ്ടും വേഷം മാറി രംഗത്തെത്തുകയാണ്. അതിനാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. ആപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരമുണ്ടോയെന്ന് ഉറപ്പു വരുത്തുന്നത് തട്ടിപ്പ് ഒരുപരിധി വരെ തടയാന്‍ സഹായിക്കുമെന്ന കാര്യം ഓരോരുത്തരും ഓര്‍ക്കണം.

Leave a Reply

Your email address will not be published. Required fields are marked *