2000 പിൻവലിക്കൽ ബാധിക്കുക കള്ളപ്പണ , ഹവാല സംഘങ്ങളെ

രാജ്യത്തു പ്രചാരത്തിലുള്ള 2000 രൂപ കറൻസി പിൻവലിക്കുകയാണെന്നു റിസർവ് ബാങ്ക് അറിയിച്ചതോടെ അതിന്റെ സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതത്തെയും 2016 ലെ നോട്ട് നിരോധനത്തെയും കുറിച്ച ചർച്ചകൾ കൊഴുക്കുകയാണ്. കർണാടക തെരഞ്ഞെടുപ്പിലെ തോൽവിയുടെ ജാള്യത മറയ്ക്കാനുള്ള നടപടികളായാണ് 2000 രൂപ പിൻവലിക്കലും സുപ്രിം കോടതി വിധി മറികടന്നു ഡൽഹി സംസ്ഥാന ഭരണ നിയന്ത്രണം നില നിർത്താനുള്ള മോദി സർക്കാരിന്റെ ഒാർഡിനൻസും വിലയിരുത്തപ്പെടുന്നത്.
2016 ലെ നോട്ട് നിരോധവും ഇപ്പോഴത്തെ നടപടിയും ഒന്നല്ല. രണ്ടും തമ്മിൽ സാമ്യവുമില്ല. എന്നാൽ, രാജ്യം എങ്ങോട്ടു പോകണമെന്നറിയാതെ സ്തംഭിച്ചു പോയ നാളുകളെ അത് വീണ്ടും ഒാർമ്മയിൽ കൊണ്ടുവന്നു. യാതൊരു ബദൽ മാർഗവും ഒരുക്കാതെയാണ് 500 , 1000 നോട്ടുകൾ 2016 നവംബർ 8 നു രാത്രി നിരോധിച്ചത്. . റിസർവ് ബാങ്കിനെയും കേന്ദ്ര മന്ത്രിസഭയെയും, കേന്ദ്ര ധനകാര്യ മന്ത്രിയെ പോലും ഇരുട്ടത്ത് നിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ രാഷ്ട്രീയ തീരുമാനമായിരുന്നു അത്. ബിജെപിയെ നിയന്ത്രിക്കുന്ന ആർ എസ് എസിന്റെ ബുദ്ധികേന്ദ്രത്തിൽ ഉടലെടുത്ത ആശയമായിരുന്നു അതെന്നു പിന്നീട് വിലയിരുത്തപ്പെട്ടിട്ടുണ്ട്. . രാജ്യം അതിനു കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. എ ടി എമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ ക്യൂ നിന്ന് കുഴഞ്ഞു വീണു മരിച്ചവരുടെ എണ്ണം ഒൗദ്യോഗികമായി 105 ആണ്. സാമ്പത്തിക തകർച്ചയിൽ വേവലാതിപ്പെട്ട് കുറേപ്പേർ ആത്മഹത്യ ചെയ്തു. ജനജീവിതം നിശ്ചലമാവുകയും ലക്ഷകണക്കിന് തൊഴിൽ നഷ്ടം ഉണ്ടാവുകയും ചെയ്തു. . “എനിക്ക് 50 ദിവസം തരൂ, ശരിയായില്ലെങ്കിൽ പച്ചക്കു കത്തിച്ചു കൊള്ളൂ “എന്ന മോദിയുടെ പ്രഖ്യാപനം വൃഥാവിലായി. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ നോട്ടു നിരോധം ലക്ഷ്യം കണ്ടില്ല. 500 നു പുറമെ പുതുതായി ഇറക്കിയ 2000 രൂപ കള്ളപ്പണ, ഹവാല ഇടപാടുകൾക്ക് ഏറ്റവും സുരക്ഷിത മാർഗമായിത്തീരുകയും ചെയ്തു. . പാകിസ്ഥാനിൽ അച്ചടിച്ച രണ്ടായിരത്തിന്റെ കറൻസി രാജ്യത്തു പലയിടത്തും പിടിക്കപ്പെട്ടതോടെ ഇൗ നോട്ടിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെട്ടു. രണ്ടായിരത്തിന്റെ കറൻസി അച്ചടിച്ചിറക്കുമ്പോൾ അതിൽ രഹസ്യ ചിപ്പ് ഉണ്ടെന്ന തള്ളലുകൾ അതോടെ തുറന്നു കാട്ടപ്പെട്ടു. .


നിലവിൽ പിൻവലിക്കപ്പെട്ട 2000 രൂപ ഒരിക്കലും അസാധു ആകുന്നില്ലെന്നതാണ് ഇപ്പോഴത്തെ നടപടിയുടെ പ്രത്യേകത. കൂടുതൽ നോട്ടുകൾ കയ്യിൽ വെച്ചിരിക്കുന്നവർക്കു അത് ബാങ്കുകളിൽ നിക്ഷേപിക്കാം. കുറഞ്ഞ നോട്ടുകളാണ് ഉള്ളതെങ്കിൽ ദിവസം പത്തെണ്ണം വരെ ഏതു ബാങ്കിൽ നിന്നും അക്കൗണ്ട് ഇല്ലാതെ മാറ്റി വാങ്ങാം.ഇതിനൊന്നും പ്രത്യേക രേഖകളോ അപേക്ഷ നൽകലോ ആവശ്യമില്ല. സെപ്റ്റംബർ 30 വരെയാണ് നോട്ടുകൾ മാറി വാങ്ങാൻ സമയം നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതിനു ശേഷവും നോട്ട് അസാധുവാകുന്നില്ല. ഉറവിടം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകി ബാങ്കുകളിൽ നിക്ഷേപിക്കാം.
സാധാരണക്കാരുടെ കയ്യിൽ വളരെ കുറച്ചു നോട്ടുകൾ മാത്രമാണ് രണ്ടായിരത്തിന്റേതായി ഉള്ളത്. നിലവിൽ രാജ്യത്തു പ്രചാരത്തിലുള്ള മൊത്തം കറൻസിയുടെ 10 .8 ശതമാനം മാത്രമേ രണ്ടായിരത്തിന്റെ കറൻസി ഉള്ളൂ.. അതിനാൽ ഇൗ നോട്ടുകൾ പിൻവലിക്കുന്നത് സാധാരണക്കാരനെയോ ഇടത്തരക്കാരനെയോ ബാധിക്കുന്നതല്ല.. എന്നാൽ, റിയൽ എസ്റ്റേറ്റ് , ഹവാല ഇടപാടുകൾക്ക് വലിയ തോതിൽ വിനിമയം ചെയ്യപ്പെടുന്നത് രാണ്ടായിരത്തിന്റെ നോട്ടുകളാണ്. അഞ്ഞൂറും ആയിരവും നിരോധിക്കുമ്പോൾ അതിനേക്കാൾ മൂല്യമുള്ള 2000 ബദലായി ഇറക്കിയത് ബുദ്ധിപരമായ തീരുമാനം ആയിരുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. 2018 നു ശേഷം ഇൗ കറൻസി അച്ചടിക്കാതിരുന്നത് അത് വൈകാതെ പിൻവലിക്കേണ്ടി വരുമെന്ന് ഉറപ്പായിരുന്നതിനാലാണ്.
ലോകത്തിലെ സുശക്തമായ രാജ്യങ്ങൾക്കൊന്നും ഉയർന്ന മൂല്യമുള്ള കറൻസികൾ ഇല്ല എന്നതാണ് വസ്തുത. . നേരെമറിച്ചു ദരിദ്ര രാജ്യങ്ങളാണ് ഉയർന്ന മൂല്യമുള്ള നോട്ടുകൾ ഉപയോഗിക്കുന്നത്. . ഡിജിറ്റൽ ഇടപാട് വലിയ അളവിൽ വര്ധിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നഗരങ്ങളെ ഇൗ നടപടി ബാധിക്കുകയേയില്ല. ഗ്രാമങ്ങളിൽ ഇൗ കറൻസി പൊതുവെ കുറവാണു താനും. ആകെ ബാധിക്കുക കള്ളപ്പണം രണ്ടായിരത്തിൽ കെട്ടി വെച്ചവരെയും റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇൗ കറൻസി തുടർച്ചയായി ഉപയോഗിക്കുന്നവരെയുമാണ്. ഇതേസമയം, ഇടയ്ക്കിടെ നോട്ടുകൾ പിൻവലിക്കുന്നത് സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന് ഗുണകരമായ നടപടിയല്ല.

Leave a Reply

Your email address will not be published. Required fields are marked *