പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിനിയുടെ മരണം: ​ഗുരുതര ആരോപണവുമായി അച്ഛൻ

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി അച്ഛൻ. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി രാഖിശ്രീയുടെ മരണം പുളിമൂട്ട് കടവ് സ്വദേശിയായ യുവാവിന്റെ ശല്യം സഹിക്കാൻ കഴിയാതെയാണെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. 28 വയസുകാരനായ യുവാവ് നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അച്ഛൻ പറഞ്ഞു. ആറ് മാസം മുമ്പ് ഒരു ക്യാമ്പിൽ വച്ചാണ് കുട്ടി ഇയാളുമായി പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്ക് ഒരു മൊബൈൽ ഫോൺ നൽകി. വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാൻ നമ്പറുകളും നൽകി. തന്നോടൊപ്പം വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നതടക്കമുള്ള ഭീഷണിയിലേക്ക് കാര്യങ്ങൾ നീങ്ങി. ഭീഷണിക്കത്തുകളും നൽകി. ഈ മാസം 16-ന് ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛൻ രാജീവൻ പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് രാഖിശ്രീയെ വീട്ടിലെ ശുചി മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു രാഖിശ്രീ ആർ എസ്. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷ ഫലം വന്നപ്പോൾ കുട്ടി എല്ലാ വിഷയത്തിലും എ പ്ലസ് വിജയം നേടി‌യിരുന്നു. അന്ന് സ്കൂളിൽ വിദ്യാർഥികൾ ഒത്തുകൂടുകയും ചെയ്തു. വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *