കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കാക്കാൻ ബൗൺസർമാർ
ബാറുകൾ, റസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകൾ, സെലിബ്രിറ്റി ഇവന്റുകൾ തുടങ്ങിയ വേദികളിൽ സുരക്ഷയ്ക്കായി നിയോഗിക്കുന്ന സെക്യൂരിറ്റി ഗാർഡുകളാണ് ബൗൺസർമാർ. എന്നാൽ ഇനി മുതൽ കേരളത്തിലെ ആശുപത്രികളിൽ പോയാൽ കറുത്ത ടീ-ഷർട്ടും പാന്റും തിളങ്ങുന്ന കറുത്ത ഷൂസും ധരിച്ച ആരെയും നേരിടാൻ കരുത്തുള്ള ബൗൺസർമാരെ കാണാം. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കുമെതിരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങൾ തടയാനാണ് നടപടി. കൊച്ചി ആസ്ഥാനമായുള്ള ഒരു സ്വകാര്യ ആശുപത്രി നാല് ബൗൺസർമാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തിൽ ചേർത്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന ഡോ വന്ദന ദാസിന്റെ കൊലപാതകത്തെത്തുടർന്ന് കേരള ഹെൽത്ത് കെയർ സർവീസ് പേഴ്സൺസ് ആൻഡ് ഹെൽത്ത് കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷനുകൾ (അക്രമവും സ്വത്ത് നാശവും തടയൽ നിയമം) ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് കേരള സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ ഭേദഗതി അനുസരിച്ച്, ആരോഗ്യ പ്രവർത്തകർക്കെതിരെ ഗുരുതരമായ ശാരീരിക അതിക്രമം നടത്തുന്ന കുറ്റവാളിക്ക് ഒരു വർഷത്തിൽ കുറയാതെ, പരമാവധി ഏഴ് വർഷം വരെ തടവും ഒരു ലക്ഷം മുതൽ പരമാവധി 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ആശുപത്രികളിലെ അക്രമ സംഭവങ്ങൾ വർധിക്കുന്നതായും അത് തടയാനുള്ള നടപടികൾ വേണമെന്നും ഡോക്ടർമാരുടെ സംഘടനകളും നാളുകളായി ആവശ്യപ്പെടുന്നുണ്ട്.
ആശുപത്രിയിലെത്തുന്ന ആളുകൾ അക്രമാസക്തരാകുന്നതിനെ തുടർന്നാണ് ബൗൺസർമാരെ നിയമിക്കാൻ നിർബന്ധിതരായതെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു. ആശുപത്രിയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ആശുപത്രി ജീവനക്കാർക്കും പരിശീലനം നൽകിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് മുന്നറിയിപ്പ് പുറപ്പെടുവിക്കും, ഇത് അവരവരുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ വേഗത്തിൽ ഒത്തുചേരാൻ ജീവനക്കാരെ പ്രേരിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ക്രമസമാധാന പ്രശ്‌നങ്ങളിൽ ഇടപെടരുതെന്നും എന്നാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആശുപത്രി ജീവനക്കാരെ സഹായിക്കണമെന്നും ബൗൺസർമാർക്ക് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ടെന്ന് ബൗൺസർമാരെ റിക്രൂട്ട് ചെയ്ത സ്വകാര്യ സുരക്ഷാ ഏജൻസിയുടെ മാനേജിങ് ഡയറക്ടർ പറയുന്നു. ശക്തരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം അക്രമം ഉണ്ടാക്കുന്നതിൽ നിന്ന് എല്ലാവരെയും പിന്തിരിപ്പിക്കും. കൊച്ചിയിലെ ഒരു ആശുപത്രി കൂടി ബൗൺസർമാരുടെ സേവനം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.