ഡോ മുഹമ്മദ് അഷ്റഫിന്റെ ‘മാന്ത്രികബൂട്ടുകൾ’ പ്രകാശനം ചെയ്തു

തിരുവനന്തപുരം : യാതനകളെ അതിജീവിച്ച ഫുട്ബോള്‍ പ്രതിഭകളുടെ ജീവിതമാണ്‌ ‘മാന്ത്രിക ബൂട്ടുകളെ’ന്ന് മുന്‍വിദ്യാഭ്യാസ വകുപ്പുമന്ത്രി എം എ ബേബി. ലോകഫുട്ബോളിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ 26 ഫുട്ബാേള്‍ താരങ്ങളുടെ വ്യത്യസ്തമായ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന, പ്രശസ്ത കളിയെഴുത്തുകാരന്‍ ഡോ മുഹമ്മദ്‌ അഷ്‌റഫ് രചിച്ച് കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മാന്ത്രിക ബൂട്ടുകൾ’ എന്ന പുസ്തകം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ്‌ പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എ. ലീന, എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ രവിമേനോൻ, എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോർ, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ സെക്രട്ടറി പി. എസ്. മനേക്ഷ് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകര്‍ത്താവിനുവേണ്ടി കാലിക്കറ്റ് സര്‍വകലശാല മുന്‍ ഡെപ്യൂട്ടി രെജിസ്ട്രാര്‍ സ്റ്റാലിന്‍ വി സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക്കേഷന്‍ വിഭാഗം അസി. ഡയറക്ടർ ഡോ. പ്രിയ വർഗീസ് സ്വാഗതവും പി.ആര്‍.ഒ റാഫി പൂക്കോം നന്ദിയും പറഞ്ഞു.
സാദിയോ മനേ, കെവിന്‍ ഡി. ബ്രൂണ, ഗബ്രിയേല്‍ ഫെര്‍ണാണ്ടോ ഡെ ജീസസ്, കിലിയന്‍ എംബാപ്പെ, മുഹമ്മദ്‌ സലാ, തിമോ വെര്‍നര്‍, കേലേച്ചി യെനെച്ചോ, ഹാരി കെയിന്‍, ടോണി ക്രോസ്സ്, ഐ. എം. വിജയന്‍, പൗലോ ഡിബാല, റാഷ് ഫോര്‍ഡ്, ലൂക്കാ മോഡ്രിച്ചു, റോബര്‍ട്ട്‌ ലെവണ്ടോവ്സ്കി, എര്‍ലിങ്ങ് ഹാലന്‍ഡ്‌, ജോര്‍ജിയോ കെല്ലിനി, ലയണല്‍ മെസ്സി, മാര്‍ക്കോ അസന്‍സിയോ, എന്‍ ഗോളോ കോണ്‍ന്റെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്രിസ്റ്റ്യന്‍ എറിക്സന്‍, പാട്രിക് ശിക്, റഹീം ഷകീല്‍ സ്റ്റലിങ്ങ്, സണ്‍ ഹെയുങ്ങ്, മിന്‍, കായ് ഹാവര്‍ട്ട്സ്, സുനില്‍ ചേത്രി എന്നീ ഇരുപത്തിയാറ് ഫുട്ബോള്‍ പ്രതിഭകളുടെ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണിത്.
ജർമ്മൻ സ്പോർട്സ് ആൻഡ് ഹെൽത്ത് ഫെഡറേഷനിലെ മുൻ അഡ്മിനിസ്ട്രേറ്റര്‍, സംസ്ഥാന സ്പോർട്സ് യുവജനകാര്യവകുപ്പ് മുന്‍ അഡീഷണൽ ഡയറക്ടര്‍, സംസ്ഥാന സ്പോർട്സ് വകുപ്പ് മുന്‍ഡയറക്ടര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി, യുവജനക്ഷേമബോര്‍ഡ് മുന്‍ മെമ്പര്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചയാളാണ് ഡോ. മുഹമ്മദ്‌ അഷ്‌റഫ്‌. വ്യത്യസ്തമായ എഴുത്തുരീതികൊണ്ട് ശ്രദ്ധേയമായ ഡോ. മുഹമ്മദ്‌ അഷ്‌റഫിന്റെ സ്പോർട്സുമായി ബന്ധപ്പെട്ട പത്താമത്തെ പുസ്തകമാണ് ‘മാന്ത്രിക ബൂട്ടുകൾ’. 110 രൂപയാണ് പുസ്തകത്തിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *