ദമ്പതികൾക്ക് നേരെ ഉണ്ടായ കയ്യേറ്റശ്രമം! പ്രതികളെ പരാതിക്കാരൻ തിരിച്ചറിഞ്ഞു.
കോഴിക്കോട് : നഗരമധ്യത്തിൽ യുവ ദമ്പതികള്‍ക്കു നേരെ കയ്യേറ്റശ്രമം നടത്തിയ പ്രതിയെ പരാതിക്കാരനായ അശ്വിൻ തിരിച്ചറിഞ്ഞു. കോഴിക്കോട് നടുവട്ടം സ്വദേശിയായ എ.പി.മുഹമ്മദ് അജ്മൽ എന്നയാളെയാണ് തിരിച്ചറിഞ്ഞത്. ഇയാളാണ് അശ്വിനെ ആക്രമിക്കുകയും ഭാര്യയെ അസഭ്യം പറയുകയും ചെയ്തത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ, അഞ്ച് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. അശ്വിന്റെ മൊഴിപ്രകാരം മറ്റു നാലുപേർക്ക് സംഭവത്തിൽ പങ്കില്ല. സംഭവത്തിൽ പരാതിയെടുക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരോപണമുയർന്നിരുന്നു. വിഷയത്തിൽ വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രി ബൈക്കില്‍ പോകുമ്പോഴാണ് അഞ്ചംഗ സംഘം ഇരിങ്ങാടന്‍പള്ളി സ്വദേശികളായ അശ്വിനെയും ഭാര്യയെയും ആക്രമിച്ചത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനമെന്ന് ആക്രമിക്കപ്പെട്ട അശ്വിൻ പറഞ്ഞു.