ശ്രീനിജന് എന്തും ആകാം, മുഖ്യമന്ത്രിക്കു കഴിയുമോ നിയന്ത്രിക്കാന്‍?
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കുട്ടികള്‍ കേരളാ ബ്ലാസ്‌റ്റേഴസിന്റെ ഫുട്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സിനായി വരുമ്പോള്‍, ആ ഗ്രൗണ്ട് പൂട്ടിയിടാന്‍ നിര്‍ദേശം കൊടുത്തതിലുടെ വിവാദ നായകനായിരിക്കയാണ് എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ പി വി ശ്രീനിജന്‍ എംഎല്‍എ. ഇത്തരം ആളുകളെ നിയന്ത്രിക്കാന്‍ എന്തുകൊണ്ടാണ് നമ്മുടെ മുഖ്യമന്ത്രിക്ക് കഴിയാത്തത്?
എം റിജു
കൊച്ചി: അധികാരത്തിന്റെ ലഹരി പലര്‍ക്കും പലതുപോലെയാണ് ബാധിക്കാറുള്ളത്.
ഇവിടെ, ഇതാ, ഒരു ഇടതു എംഎല്‍എ ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ആള്‍രൂപമായിരിക്കാണ്. അതാണ് പി വി ശ്രീനിജന്‍ എന്ന കുന്നത്തുനാട് എം എല്‍എ. എറണാകുളം സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം യാതൊരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുമില്ലാതെ, കുട്ടികളെ കഷ്ടപ്പെടുത്തിയാണ് തന്റെ ഈഗോ തീര്‍ത്തത്.
തിങ്കളാഴ്ച കൊച്ചിയിലുണ്ടായ സംഭവങ്ങള്‍ നോക്കുക. നമ്മുടെ അഭിമാനമായ
കേരള ബ്‌ളാസ്റ്റേഴ്സ് ടീമിന്റെ, അണ്ടര്‍ 17 ഫുട്ബോള്‍ സെലക്ഷന്‍ ട്രയല്‍സ് കൊച്ചി പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ നടക്കുകയാണ്. പുലര്‍ച്ചെ 5 മണിമുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ ഇവിടേക്ക് എത്തിത്തുടങ്ങി. പക്ഷേ 10 മണിയായിട്ടും ഗേറ്റ് തുറന്നില്ല. ഗ്രൗണ്ടിന്റെ നിയന്ത്രണം ജില്ലാ സ്‌പോർട്സ് കൗണ്‍സിലിനാണത്രേ. സ്പോര്‍ട്സ് കൗണ്‍സിലിന്, ബ്‌ളാസ്‌റ്റേഴ്‌സ് വാടക നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് ഗേറ്റ് തുറന്നു കൊടുക്കേണ്ട എന്ന് ശ്രീനിജൻ നിർദേശിച്ചത്. മണിക്കൂറുകള്‍ നിന്ന് മടുത്തതോടെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. ചാനലുകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ ഗേറ്റ് തുറന്നു കൊടുക്കാന്‍ കായിക മന്ത്രി വി അബ്്ദുറഹിമാന്‍ ഉത്തരവിട്ടു. അതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.
അതിനിടെ തന്നെ എംഎല്‍എ പറഞ്ഞത് കളവാണെന്ന വാര്‍ത്തകളും പുറത്തുവന്നു. കഴിഞ്ഞ എട്ടു മാസത്തെ വാടകയായ 8 ലക്ഷം രൂപ ബ്ലാസ്‌റ്റേഴ്‌സ് കുടിശ്ശിക വരുത്തിയെന്നാണ് ശ്രീനിജന്‍ പറഞ്ഞത്. എന്നാല്‍, വാടക കൃത്യമായി നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കി ബ്‌ളാസ്റ്റേഴ്സ് അധികൃതര്‍ രംഗത്തെത്തി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലുമായാണ് കരാറെന്നും ബ്‌ളാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് ചൂണ്ടിക്കാട്ടി. കേരള സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലിയും, ബ്ലാസ്‌റ്റേഴ്‌സിന് കുടിശ്ശികയില്ലെന്ന് സ്ഥിരീകരിച്ചു.
എന്നിട്ടും തന്റെ നടപടി ശരിയാണെന്ന നിലപാടിലാണ് ശ്രീനിജന്‍നിന്നത്. ”സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറില്‍ ഏര്‍പ്പെട്ടെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഇതുവരെ ഒരു അറിയിപ്പും വന്നിട്ടില്ല. പൂട്ടിയിടാന്‍ പറഞ്ഞിട്ടില്ല, തുറന്ന് കൊടുക്കരുത് എന്നാണ് പറഞ്ഞത് – ശ്രീനിജന്‍ പറയുന്നു.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രീനിജനെതിരെ വലിയ പ്രതിഷേധം പടർന്നു. ഇത്രയും അഹങ്കാരം ഒരു ഇടത് എംഎൽ എ ക്കു ആകാമോ എന്ന ചോദ്യം ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഇതുപോലുള്ള അവതാരങ്ങളെ എന്തുകൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന സംശയം ഉന്നയിക്കപ്പെട്ടു.
എന്നും വിവാദത്തിലൂടെയായിരുന്നു ശ്രീനിജന്റെ യാത്ര. അനധികൃത സ്വത്ത് സമ്പാദനമായിരുന്നു അതില്‍ പ്രധാനം. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവായ ശ്രീനിജന്റെ പേരിൽ തെരെഞ്ഞടുപ്പുകാലത്തുയർന്ന ആരോപണങ്ങൾക്ക് കയ്യും കണക്കുമില്ല.
ശരിക്കു പറഞ്ഞാല്‍ ഒരു രാഷ്ട്രീയ അത്ഭുതം തന്നെയാണ് ശ്രീനിജന്‍. പറയത്തക്ക യാതൊരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാഞ്ഞിട്ടും കണ്ണടച്ച് തുറക്കും മുമ്പ് അയാള്‍ കോണ്‍ഗ്രസില്‍ ഉന്നതങ്ങളില്‍ എത്തി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി. ജസ്റ്റിസ് കെജിബാലകൃഷ്ണന്റെ മരുമകന്‍ എന്നതായിരുന്നു ശ്രീനിജന്റെ ബലം. 2006 ല്‍ സംവരണ മണ്ഡലമായിരുന്ന ഞാറയ്്ക്കല്‍ സീറ്റ് കോൺഗ്രസിൽ ശ്രീനിജന്‍ സ്വന്തമാക്കിയപ്പോള്‍ എല്ലാവരും ഞെട്ടി.
ഡോ. എം എ കുട്ടപ്പന്റെ സ്ഥിരം സീറ്റായിരുന്നു അത്. ഡല്‍ഹിയില്‍ നിന്നുള്ള പിന്തുണയോടെയാണ് സീറ്റ് കരസ്ഥമാക്കിയത്. പക്ഷേ ഞാറയ്ക്കലില്‍ ശ്രീനിജന്‍ തോറ്റു. പിന്നീട് ഭാര്യാപിതാവായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. എന്നാൽ ശ്രീനിജനെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞില്ല. യൂത്ത് കോണ്‍ഗ്രസില്‍ ഇതിനിടെ ശ്രീനിജനെതിരെ വലിയ പടനീക്കങ്ങള്‍ നടന്നു. ഇനി സീറ്റ് കിട്ടില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി.
അതോടെ 2011ല്‍ സിപിഎമ്മിലേക്ക് വന്നു. ശ്രീനിജന് എതിരെ ഉയർത്തിയ ആരോപണങ്ങളെല്ലാം വിഴുങ്ങാൻ സിപിഎം തയ്യാറായി. എറണാകുളം ഏരിയ കമ്മറ്റിക്ക് കീഴിലുള്ള കറുകപ്പള്ളി ബ്രാഞ്ചില്‍ പാര്‍ട്ടി അംഗമായി. 2016 ൽ ഇടതു സ്വതന്ത്രനായി ഒരു ടിക്കറ്റ് തരപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രീനിജന്റെ കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടാക്കാന്‍ പാര്‍ട്ടിക്കു കഴിയാതെ വന്നതോടെ ഷിജി ശിവജി കുന്നത്തുനാട്ടിലെ ഇടതു സ്ഥാനാര്‍ത്ഥിയായി.. പക്ഷേ നേരിയ വോട്ടിന് കോൺഗ്രസിലെ വി പി സജീന്ദ്രനാണു ജയിച്ചത്. ഇടതു സ്ഥാനാര്‍ത്ഥിക്കു വേണ്ടി ശ്രീനിജൻ അന്നു അരയും തലയും മുറുക്കിയിറങ്ങിയിരുന്നു. ഇടതുപക്ഷം അധികാരത്തില്‍ വന്നതോടെ ശ്രീനിജന്റെ ഭാര്യ കെ ബി സോണി ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍ ആയി. സജീവരാഷ്ട്രീയത്തില്‍ നിന്നു പിന്മാറി അഭിഭാഷകവൃത്തിയിൽ ശ്രദ്ധിച്ച ശ്രീനിജന്‍ സിപിഎം സഹയാത്രികനെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോയി.
2018 മെയില്‍ വീണ്ടും ശ്രീനിജനും ജസ്റ്റിസ് കെ ജി ബാലകൃഷ്‌ണനും അഴിമതിയാരോപണങ്ങളിൽ നിറഞ്ഞു നിന്നു. എന്നാൽ 2021ല്‍ കുന്നത്തുനാട്ടില്‍ ശ്രീനിജന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാവുന്ന കാഴ്ചയാണ് ഏവരും കണ്ടത്.
ഇതോടെ പാര്‍ട്ടികകത്തു ആരോപണ- പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നു..ശ്രീനിജനെതിരെ സിപിഎം അണികള്‍ പരസ്യപ്രതിഷേധം ഉയര്‍ത്തി. പാർട്ടിയിൽ പേയ്‌മെന്റ് സീറ്റ് ആരോപണം ഉയർന്നു.
പക്ഷേ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. സംസ്ഥാനമൊട്ടാകെ വീശിയടിച്ച പിണറായി തരംഗത്തില്‍ ശ്രീനിജനും കടന്നു കയറി. സജീന്ദ്രനെ ശ്രീനിജൻ അടിയറവു പറയിച്ചു. യുഡിഎഫും എല്‍ഡിഎഫും ട്വന്റി ട്വന്റിയുമായി ത്രികോണ മത്സരത്തില്‍ വോട്ട് ഭിന്നിച്ചതാണ് ശ്രീനിജനെ വിജയിപ്പിച്ചത്. ആ അര്‍ഥത്തില്‍ ശ്രീനിജന്റെ വിജയത്തിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് 20 ട്വന്റിയോടാണ്. പക്ഷേ എം എൽ എ ആയി അധികം കഴിയുന്നതിന് മുമ്പ്, 20 ട്വന്റിയുടെയും കിറ്റക്‌സിന്റെയും ബദ്ധ എതിരാളിയായി ശ്രീനിജന്‍.
ശ്രീനിജന്റെയടക്കം ശല്യം കാരണമാണ് നാടുവിടേണ്ട അവസ്ഥ തങ്ങള്‍ക്കുണ്ടായതെന്നു കിറ്റക്‌സ് എം ഡി സാബു എം ജേക്കബ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, കൊച്ചുകുട്ടികളോട് പോലും, ഈഗോ കാട്ടുന്ന രീതിയില്‍, ഈ എംഎല്‍എ മാറുന്നത് കേരളത്തിന് നാണക്കേടാണ്. ഇതുപോലെയുള്ളവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ അതും വലിയ നാണക്കേട് തന്നെ.