ഡെലിവറി ബോയിക്കു നേരെ നായ കുരച്ചുചാടി ; ഫ്ലാറ്റില്‍നിന്ന് വീണ് കാലുകൾ ഒടിഞ്ഞു.

ഹൈദരാബാദ് : ഡെലിവറി ബോയിക്ക് ലാബ്രഡോര്‍ ഇനത്തില്‍പെട്ട വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. നായയില്‍നിന്ന് രക്ഷപ്പെടാനായി ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍നിന്ന് എടുത്തുചാടിയാണ് പ്രമുഖ ഇ–കൊമേഴ്സ് സൈറ്റിന്റെ ഡെലിവറി ബോയി മുഹമ്മദ് ഇല്യാസിന്റെ കാലുകൾ ഒടിഞ്ഞത് . നായയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. റെയ്ദുര്‍ഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ടയിലെ ഫ്ലാറ്റില്‍ ഡെലിവറിക്കെത്തിയതായിരുന്നു മുഹമ്മദ് ഇല്യാസ്. ബെൽ അടിച്ചതിനു പിന്നാലെ അഴിച്ചുവിട്ടിരുന്ന ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായ കുരച്ചുചാടി. ആക്രമിക്കുമെന്നുറപ്പായതോടെയാണ് ഇല്യാസ് ഓടിയത് . രക്ഷപ്പെടാനായി മറ്റുമാര്‍ഗങ്ങളൊന്നും കാണാതിരുന്ന ഇല്യാസ് മൂന്നാം നിലയില്‍നിന്ന് എടുത്തുചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ഫ്ലാറ്റിന്റെ മുറ്റത്തു കിടന്നിരുന്ന ഇല്യാസിനെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. ഇരുകാലുകളുടെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍, സമാന രീതിയിലുള്ള നായയുടെ ആക്രമണത്തിൽ ഭക്ഷണ വിതരണക്കമ്പനി ജീവനക്കാരനായ മുഹമ്മദ് റിസ്വാന്‍ എന്നയാള്‍ ഫ്ലാറ്റില്‍നിന്ന് വീണുമരിച്ചിരുന്നു. ഈ കേസില്‍ ഇയാളുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *