മരുന്നുസംഭരണശാലയിലെ തീപിടിത്തം; തീപിടിച്ച ഭിത്തി ദേഹത്തേക്ക് വീണ് ഫയര്‍മാന്‍ മരിച്ചു.
തിരുവനന്തപുരം: തുമ്പ കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മരുന്ന് സംഭരണകേന്ദ്രത്തിലെ തീപിടിത്തം അണയ്ക്കുന്നതിനിടെ ഫയര്‍മാന്‍ ആറ്റിങ്ങല്‍സ്വദേശി രഞ്ജിത് (32) മരിച്ചു. തീയണക്കാനായി ഭിത്തി പൊളിച്ചുകേറുമ്പോള്‍ ഭിത്തി തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെ രഞ്ജിത്തിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ച കെട്ടിടത്തിനാണ് തീപ്പിടിച്ചത്. ചൂടിനെ തുടര്‍ന്ന് ബ്ലീച്ചിങ് പൗഡറിന് തീപ്പിടിച്ചത് പടരുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. തീപ്പിടിത്തത്തിലും ഫയര്‍മാന്റെ മരണത്തിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. കെട്ടിടത്തില്‍ പവര്‍ കണക്ഷന്‍ ഇല്ലായിരുന്നു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. കൊല്ലത്തെ തീപ്പിടിത്തത്തിന് ശേഷം ബ്ലീച്ചിങ് പൗഡര്‍ മാറ്റി സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇവിടെ മരുന്നുകളില്‍ നിന്ന് മാറ്റിയാണ് കെമിക്കല്‍സ് സൂക്ഷിച്ചത്. ഫോറന്‍സിക് പരിശോധന നടത്തും. സംഭവത്തില്‍ അട്ടിമറി സംശയമില്ല,
പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രാസവസ്തുകള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍ കെട്ടിടം വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂണിറ്റുകളും എത്തിയാണ് തീയണച്ചത്.