We Talk

ഉണ്ണി മുകുന്ദനെതിരായ കേസ് തുടരും; സ്ഥാനാർഥിയാക്കാനിരുന്ന ബിജെപിക്കും തിരിച്ചടി

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ എഫ്ഐആർ റദ്ദാക്കണമെന്ന നടൻ ഉണ്ണി മുകുന്ദന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാമെന്ന് ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടു. ഇതോടെ പാലക്കാട് മണ്ഡലത്തിൽ താരത്തിനെ സ്ഥാനാർഥിയാക്കാൻ ലക്ഷ്യമിട്ടിരുന്ന ബിജെപിക്ക് കൂടിയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നായിരുന്നു നടന്റെ ഹർജി. എന്നാൽ കീഴ്കോടതി നടപടി തുടരാനാണ് ഹൈക്കോടതി നിർദേശം. തിരക്കഥ ചർച്ചയുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ അപമാനിച്ചു എന്നാണ് ഉണ്ണി മുകുന്ദനെതിരായ കേസ്. കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയ സംഭവത്തില്‍ ഉണ്ണി മുകുന്ദനോട് വിശദീകരണം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു.

കോട്ടയം സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. ഉണ്ണിമുകുന്ദൻ ക്ഷണിച്ചതനുസരിച്ച് സിനിമാക്കഥ പറയാൻ ചെന്ന തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. 2017 ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തിൽ സെപ്തംബർ 15 ന് പരാതി നൽകിയിരുന്നു. യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നൽകിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസിൽ കുടുക്കാതിരിക്കാൻ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടൻ പരാതിയിൽ പറയുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദൻ മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഹർജികൾ നൽകിയിരുന്നു. എന്നാൽ രണ്ട് ഹർജികളും ബന്ധപ്പെട്ട കോടതികൾ തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയിൽ ഹാജരാവുകയും 2021 ൽ പരാതിക്കാരിയുമായി വിഷയം ഒത്തുതീർപ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ട് സ്റ്റേ വാങ്ങുകയായിരുന്നു. സ്റ്റേ നീക്കണമെന്ന് പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. .ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകൻ വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് കോടതിയിൽ വ്യക്തമാക്കുന്നത്. കേസ് ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു. തുടർന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിൽ വിശദീകരണം നൽകാൻ നടൻ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു. കോടതിയിൽ തട്ടിപ്പ് നടന്നിരിക്കുന്നുവെന്ന് ജസ്റ്റിസ് കെ. ബാബു ചൂണ്ടിക്കാണിച്ചു. അതീവ ഗൗരവമുള്ള വിഷയമാണിതെന്നും കോടതി പറഞ്ഞു.

കുറച്ച് നാളുകളായി പരസ്യമായി തന്നെ ബിജെപി, സംഘപരിവാർ അനുഭാവം കാട്ടുന്ന ഉണ്ണി മുകുന്ദനെ പാർട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പി ൽ പാലക്കാട് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതായി സൂചനകളുണ്ടായിരുന്നു. എന്നാൽ കേസ് മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ ബിജെപിയുടെ ആ മോഹങ്ങൾ ഏതാണ്ട് പൊലിഞ്ഞ മട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *