സിവില്‍ സര്‍വീസസ് പരീക്ഷാഫലം: ആറാം റാങ്ക് മലയാളിയായ ഗഹന നവ്യയ്ക്ക്
2022-ലെ സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ, ഉമാ ഹരതി എന്‍, സ്മൃതി മിശ്ര എന്നിവരാണ് തൊട്ടുപിന്നിലുള്ളവര്‍. മലയാളി ഗഹാന നവ്യ ജെയിംസ് ആറാം റാങ്ക് നേടി. കോട്ടയം പാലാ സ്വദേശിയാണ്. ആദ്യ പത്തു റാങ്കുകളില്‍ ഏഴും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. ആര്യ വി എം 36-ാം റാങ്കും അനൂപ് ദാസ് 38-ാം റാങ്കും കരസ്ഥമാക്കി. എസ് ഗൗതം രാജ് 63–ാം റാങ്ക് നേടി. ഐഎഎസിലേക്ക് 180 പേരുള്‍പ്പെടെ 933 പേരാണ് വിവിധ സർവീസുകളിലേക്കുള്ള അവസാന റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 2022 ജൂണിലാണ് യുപിഎസ്‌സി പ്രിലിംസ് പരീക്ഷ നടത്തിയത്. സെപ്തംബറിൽ മെയിന്‍ പരീക്ഷയും നടത്തി. ഡിസംബറിലായിരുന്നു ഫലപ്രഖ്യാപനം. തുടർന്ന് ജനുവരി മുതല്‍ മെയ് വരെയുളള കാലയളവിലാണ് ഇന്റര്‍വ്യൂ അടക്കമുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.