We Talk

ഒറ്റമുറിയില്‍ ലളിത ജീവിതം, അവിവാഹിതന്‍; ‘കൈക്കൂലി കോടിപതി’ സുരേഷ് കുമാറിന്റെ അമ്പരപ്പിക്കുന്ന ജീവിതം

പാലക്കാട്: ‘ലളിത ജീവിതം, ഉയര്‍ന്ന ചിന്ത’യെന്ന് ഫേസ്ബുക്കിലൊക്കെ, പലരും ട്രോളുന്നതുപോലെയാണ്, കൈക്കൂലി കോടിപതിയെന്ന് വിശേഷിപ്പിക്കപ്പെട്ട, മണ്ണാര്‍ക്കാട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, വി സുരേഷ്‌കുമാറിന്റെ ജീവിതം. കഴിഞ്ഞ ദിവസം വിജിലന്‍സ് റെയ്ഡില്‍ ഇയാളില്‍നിന്ന് ഒരുകോടിയിലേറെ രൂപ പിടിച്ചത് ഞെട്ടിച്ചിരുന്നു. പക്ഷേ ഒരു തികഞ്ഞ പാവത്താനെപ്പോലെ ആയിരുന്നു, തിരുവനന്തപുരം സ്വദേശിയായ സുരേഷിന്റെ ജീവിതം.

ഇയാള്‍ 20 വര്‍ഷമായി പാലക്കാടാണ് ജോലിയെടുക്കുന്നത്. മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ ലളിത ജീവിതമാണ് സുരേഷ് നയിച്ചിരുന്നത്. ചില്ലറ കൈക്കൂലിയൊക്കെ വാങ്ങുമെങ്കിലും ഇത്രയും വലിയ പുള്ളിയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ചെറിയ ഒറ്റമുറിയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ അലക്ഷ്യമായാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. കവറുകളും കടലാസ് പെട്ടികളും പൊടിയും മാറാലയും പിടിച്ചിരുന്നു. ഇവിടെയാണ് 35 ലക്ഷം സൂക്ഷിച്ചിരുന്നത്. മുറിയില്‍ സൂക്ഷിച്ച പണത്തിന് പുറമെ, സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപയുടെ രേഖയും കണ്ടെടുത്തു. 17 കിലോ നാണയവും കണ്ടെടുത്തു.

വിജിലന്‍സ് വീട് പരിശോധിച്ചപ്പോള്‍ പണത്തിന് പുറമെ, ഷര്‍ട്ട്, തേന്‍, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. വെറും 2500 രൂപ മാസവാടകയുള്ള മുറിയിലായിരുന്നു താമസം. സംശയം തോന്നാതിരിക്കാന്‍ മുറി പൂട്ടാതെയാണ് സുരേഷ് കുമാര്‍ പുറത്തേക്ക് പോവാറുള്ളത്. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതന്‍ ആയതിനാല്‍ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാള്‍ ഒരു മാസമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു.തിരുവനന്തപുരം ഊരൂട്ടമ്പലത്തെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. പക്ഷേ പണമോ രേഖകളോ ലഭിച്ചില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃതസമ്പാദ്യമാണ് ഇയാളില്‍നിന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത പണം നോട്ടെണ്ണുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് രാത്രി വൈകി എണ്ണിത്തിട്ടപ്പെടുത്തിയത്. സുരേഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താമസസ്ഥലത്തുനിന്നും അനധികൃതസമ്പാദ്യമെന്ന് സംശയിക്കുന്ന പണവും മറ്റു രേഖകളും കണ്ടെത്തിയത്. തൊട്ടടുത്ത വ്യാപാരസ്ഥാപനത്തില്‍നിന്നെടുത്ത നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

ആരോടും അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണ് ഇയാളുടേത്. മുറി വൃത്തിയാക്കുന്ന പതിവില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍പറയുന്നു. നേരത്തെ അട്ടപ്പാടി പാടവയല്‍ വില്ലേജിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്. 2009 മുതല്‍ 2022 വരെ മണ്ണാര്‍ക്കാടായിരുന്നു പ്രവര്‍ത്തനമേഖല. തുടര്‍ന്ന് പാലക്കയം വില്ലേജിലായിരുന്നു ജോലി. മഞ്ചേരി സ്വദേശി വിപിന്‍ ബാബുവില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ചൊവ്വാഴ്ച 10.30നാണ് സംഭവം. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ എം.ഇ.എസ് കോളേജില്‍ നടന്ന റവന്യൂ അദാലത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍.

പരാതിക്കാരനില്‍ നിന്ന് മുമ്പ് രണ്ടുതവണ ഈ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലക്കായം വില്ലേജ് പരിധിയിലുള്ള 45 ഏക്കര്‍ സ്ഥലത്തിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ദിവസങ്ങള്‍ക്ക് മുമ്പ് പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റിനായി ചെന്നപ്പോള്‍ സുരേഷ്‌കുമാറിനെ ബന്ധപ്പെടാന്‍ പറഞ്ഞു. ഫോണില്‍ വിളിച്ചപ്പോള്‍ 2500 രൂപ വേണമെന്നും റവന്യൂതല അദാലത്ത് നടക്കുന്ന കോളേജിലികേക് വരാനും ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ പാലക്കാട് വിജിലന്‍സിനെ വിവരം അറിയിച്ചു. അങ്ങനെയാണ് സുരേഷ് പിടിയിലായത്.

എന്നാല്‍ ഇയാള്‍ മറ്റുപലരുടെയും ബിനാമിയാണെന്നും, റവന്യൂവകുപ്പില്‍ വ്യാപകമായ അഴിമതിയുടെ കൃത്യമായ ഉദാഹരണമാണെന്നുമാണ്, സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. വലിയ ഒരു അഴിമതി മലയുടെ അവസാനത്തെ കണ്ണിമാത്രമാണ്, സുരേഷ് എന്നും ഇതിലെ മുഴുവന്‍ ആസൂത്രകരെയും പിടികൂടണമെന്നുമാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *