ഒറ്റമുറിയിൽ ലളിത ജീവിതം, അവിവാഹിതൻ; ‘കൈക്കൂലി കോടിപതി’ സുരേഷ് കുമാറിന്റെ അമ്പരപ്പിക്കുന്ന ജീവിതം

പാലക്കാട്: ‘ലളിത ജീവിതം, ഉയർന്ന ചിന്ത’യെന്ന് ഫേസ്ബുക്കിലൊക്കെ, പലരും ട്രോളുന്നതുപോലെയാണ്, കൈക്കൂലി കോടിപതിയെന്ന് വിശേഷിപ്പിക്കപ്പെട്ട, മണ്ണാർക്കാട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വി സുരേഷ്കുമാറിന്റെ ജീവിതം. കഴിഞ്ഞ ദിവസം വിജിലൻസ് റെയ്ഡിൽ ഇയാളിൽനിന്ന് ഒരുകോടിയിലേറെ രൂപ പിടിച്ചത് ഞെട്ടിച്ചിരുന്നു. പക്ഷേ ഒരു തികഞ്ഞ പാവത്താനെപ്പോലെ ആയിരുന്നു, തിരുവനന്തപുരം സ്വദേശിയായ സുരേഷിന്റെ ജീവിതം.

ഇയാൾ 20 വർഷമായി പാലക്കാടാണ് ജോലിയെടുക്കുന്നത്. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയിൽ ലളിത ജീവിതമാണ് സുരേഷ് നയിച്ചിരുന്നത്. ചില്ലറ കൈക്കൂലിയൊക്കെ വാങ്ങുമെങ്കിലും ഇത്രയും വലിയ പുള്ളിയാണെന്ന് ആർക്കും അറിയില്ലായിരുന്നു. ചെറിയ ഒറ്റമുറിയിൽ കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ അലക്ഷ്യമായാണ് നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്. കവറുകളും കടലാസ് പെട്ടികളും പൊടിയും മാറാലയും പിടിച്ചിരുന്നു. ഇവിടെയാണ് 35 ലക്ഷം സൂക്ഷിച്ചിരുന്നത്. മുറിയിൽ സൂക്ഷിച്ച പണത്തിന് പുറമെ, സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപയുടെ രേഖയും കണ്ടെടുത്തു. 17 കിലോ നാണയവും കണ്ടെടുത്തു.

വിജിലൻസ് വീട് പരിശോധിച്ചപ്പോൾ പണത്തിന് പുറമെ, ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. വെറും 2500 രൂപ മാസവാടകയുള്ള മുറിയിലായിരുന്നു താമസം. സംശയം തോന്നാതിരിക്കാൻ മുറി പൂട്ടാതെയാണ് സുരേഷ് കുമാർ പുറത്തേക്ക് പോവാറുള്ളത്. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നൽകി. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.തിരുവനന്തപുരം ഉൗരൂട്ടമ്പലത്തെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. പക്ഷേ പണമോ രേഖകളോ ലഭിച്ചില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പിടിച്ചെടുത്ത പണം നോട്ടെണ്ണുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് രാത്രി വൈകി എണ്ണിത്തിട്ടപ്പെടുത്തിയത്. സുരേഷ് കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താമസസ്ഥലത്തുനിന്നും അനധികൃതസമ്പാദ്യമെന്ന് സംശയിക്കുന്ന പണവും മറ്റു രേഖകളും കണ്ടെത്തിയത്. തൊട്ടടുത്ത വ്യാപാരസ്ഥാപനത്തിൽനിന്നെടുത്ത നോട്ടെണ്ണൽ യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

ആരോടും അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണ് ഇയാളുടേത്. മുറി വൃത്തിയാക്കുന്ന പതിവില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർപറയുന്നു. നേരത്തെ അട്ടപ്പാടി പാടവയൽ വില്ലേജിലാണ് ഇയാൾ ജോലിചെയ്തിരുന്നത്. 2009 മുതൽ 2022 വരെ മണ്ണാർക്കാടായിരുന്നു പ്രവർത്തനമേഖല. തുടർന്ന് പാലക്കയം വില്ലേജിലായിരുന്നു ജോലി. മഞ്ചേരി സ്വദേശി വിപിൻ ബാബുവിൽ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ചൊവ്വാഴ്ച 10.30നാണ് സംഭവം. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ എം.ഇ.എസ് കോളേജിൽ നടന്ന റവന്യൂ അദാലത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ.

പരാതിക്കാരനിൽ നിന്ന് മുമ്പ് രണ്ടുതവണ ഇൗ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. പാലക്കായം വില്ലേജ് പരിധിയിലുള്ള 45 ഏക്കർ സ്ഥലത്തിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്ക് മുമ്പ് പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. സർട്ടിഫിക്കറ്റിനായി ചെന്നപ്പോൾ സുരേഷ്കുമാറിനെ ബന്ധപ്പെടാൻ പറഞ്ഞു. ഫോണിൽ വിളിച്ചപ്പോൾ 2500 രൂപ വേണമെന്നും റവന്യൂതല അദാലത്ത് നടക്കുന്ന കോളേജിലേക്ക് വരാനും ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരൻ പാലക്കാട് വിജിലൻസിനെ വിവരം അറിയിച്ചു. അങ്ങനെയാണ് സുരേഷ് പിടിയിലായത്.

എന്നാൽ ഇയാൾ മറ്റുപലരുടെയും ബിനാമിയാണെന്നും, റവന്യൂവകുപ്പിൽ വ്യാപകമായ അഴിമതിയുടെ കൃത്യമായ ഉദാഹരണമാണെന്നുമാണ്, സാമൂഹിക പ്രവർത്തകർ പറയുന്നത്. വലിയ ഒരു അഴിമതി മലയുടെ അവസാനത്തെ കണ്ണിമാത്രമാണ്, സുരേഷ് എന്നും ഇതിലെ മുഴുവൻ ആസൂത്രകരെയും പിടികൂടണമെന്നുമാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *