ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യാലയ മന്ത്രാലയത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: ഫോണ്‍ കോളുകളിലൂടെയും ടെക്‌സ്റ്റ് മെസേജുകളിലൂടെയും തട്ടിപ്പുകള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചില പ്രത്യേക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യാലയ മന്ത്രാലയം നിര്‍ദേശം നല്‍കി്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പുകള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്. ചില സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കളോട് അവരുടെ മൊബൈല്‍ നമ്പറുകള്‍ ചോദിക്കാറുണ്ട്. മൊബൈല്‍ നമ്പറുകള്‍ നല്‍കാന്‍ തയാറാകാത്തവര്‍ക്ക് ചില്ലറ വില്‍പ്പനക്കാര്‍ സേവനം നല്‍കാന്‍ വിസമ്മതിക്കുന്നതായി നിരവധി ഉപഭോക്താക്കളാണ് പരാതി നല്‍കിയത്.
എന്നാല്‍ വ്യക്തിഗത കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കാതെ തങ്ങള്‍ക്ക് ബില്ലടിക്കാന്‍ സാധിക്കില്ലെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമാണെന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിന് പിന്നില്‍ യാതൊരു യുക്തിയുമില്ലെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് ചൂണ്ടികാട്ടി. എന്തെങ്കിലും വിതരണം ചെയ്യാനോ ബില്‍ ജനറേറ്റ് ചെയ്യാനോ വേണ്ടി ചില്ലറ വ്യാപാരികള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കേണ്ട ആവശ്യമില്ലെന്നും ഇതില്‍ സ്വകാര്യതയുടെ പ്രശ്‌നമുണ്ടെന്നും രോഹിത് കുമാര്‍ സിങ് കൂട്ടിച്ചേര്‍ത്തു