സിംബാബ്‌വേ ലോകത്തിലെ ഏറ്റവും ദുരിത രാഷ്ട്രം; പാക്കിസ്ഥാനില്‍ ഇന്ത്യയേക്കാള്‍ മൂന്നിരട്ടി ദുരിതം; ലോക ദുരിത സൂചിക ഇങ്ങനെ

ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികപോലെ, ഏറ്റവും ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയുമുണ്ട്. ഫിന്‍ലന്‍ഡ് അടക്കമുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ് ലോകത്തിന്റെ സന്തോഷ സൂചികയില്‍ ആദ്യ പത്തില്‍ വരാറുള്ളത്. എന്നാല്‍ ലോക ദുരിത സൂചികയില്‍ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് സിംബാബ്‌വേയാണ്. കറന്‍സിക്ക് വിലയിടിഞ്ഞ് പേപ്പറിന്റെ വിലപോലുമില്ലാത്ത ഈ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ഓരോ രാജ്യത്തും നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാര്‍ഷിക ദുരിത സൂചിക പ്രകാരമാണ് ലോകത്തെ ഏറ്റവും ദയനീയ രാജ്യമായി സിംബാബ്‌വെ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മുതല്‍ തുടങ്ങിയ പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ ഇതുവരെയും സിംബാബ്‌വേ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.

മുന്‍വര്‍ഷം 243.8 ശതമാനമായാണ് സിംബാബ്‌വേ പണപ്പെരുപ്പം ഉയര്‍ന്നത്. കൂടാതെ രൂക്ഷമായ തൊഴിലില്ലായ്മ, ഉയര്‍ന്ന പലിശ നിരക്ക്, പിന്നോട്ടുള്ള ജിഡിപി വളര്‍ച്ച തുടങ്ങിയവയാണ് പ്രധാന വിഷയമായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഭരിക്കുന്ന സിംബാബ്‌വേ ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടി പാട്രിയോട്രിക് ഫ്രണ്ട് എന്ന രാഷ്ട്രീയ കക്ഷിയുടെ നയങ്ങളാണ് രാജ്യത്തെ ദുരിതത്തിലേക്ക് നയിച്ചതെന്ന് ഹാങ്കേ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.പട്ടികയില്‍ മികച്ച സ്‌കോര്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനാണ്. കുവൈത്താണ് രണ്ടാമത്തെ സന്തുഷ്ടരാജ്യം. അയര്‍ലന്‍ഡ്, ജപ്പാന്‍, മലേഷ്യ, തയ്വാന്‍, നൈജര്‍, തായ്‌ലാന്‍ഡ്, ടോഗോ, മാള്‍ട്ട തുടങ്ങിയവയാണ് പിന്നീടുള്ള സ്ഥാനക്കാര്‍. ഇതില്‍ 134ാം സ്ഥാനത്താണ് അമേരിക്ക. ഇവിടെ തൊഴിലില്ലായ്മയ്‌ക്കൊപ്പം വിലക്കയറ്റവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

റാങ്കിംഗിനായി 157 രാജ്യങ്ങളെ പരിഗണിച്ചെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വെനസ്വേല, സിറിയ, ലെബനന്‍, സുഡാന്‍, അര്‍ജന്റീന, യെമന്‍, യുക്രൈന്‍, ക്യൂബ, തുര്‍ക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ ആദ്യ 15 പട്ടികയിലെ മറ്റ് രാജ്യങ്ങള്‍. ഈ പട്ടികയില്‍ 35ാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.അതേ സമയം ഇന്ത്യ ഈ പട്ടികയില്‍ 103 ാം സ്ഥാനത്താണ്. ഇന്ത്യയില്‍ താരതമ്യേന ജനങ്ങളുടെ ദുരിതം കുറവാണെന്ന് പട്ടിക വ്യക്തമാക്കുന്നു. രാജ്യത്ത് അനുദിനം ശക്തമാകുന്ന തൊഴിലില്ലായ്മയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ഹാങ്കെ ചൂണ്ടിക്കാട്ടുന്നു.

പട്ടികയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഫിന്‍ലാന്റ് ആണ്. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി ആറ് വര്‍ഷമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി റാങ്ക് ചെയ്യപ്പെട്ട ഫിന്‍ലന്‍ഡ് ദുരിത സൂചികയില്‍ 109ാം സ്ഥാനത്തെത്തി. ഇടക്കാലത്തുണ്ടായ തൊഴിലില്ലായ്മയിലെ വര്‍ധനയാണ് ഫിന്‍ലന്‍ഡിന് തിരിച്ചടിയായത്. 157 രാജ്യങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് ഏറ്റവും ദുരിതം കുറവുള്ള രാജ്യം. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ അപ്ലൈഡ് ഇക്കണോമിക്‌സ് പ്രൊഫസറായ സ്റ്റീവ് ഹാങ്കെയാണ് വാര്‍ഷിക ദുരിത സൂചിക സമാഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *