അരിക്കൊമ്പൻ കുമളിക്ക് സമീപമെത്തി ; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്
ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ നിന്ന് അരിക്കൊമ്പൻ കുമളിക്ക് സമീപമെത്തിയെന്ന് റിപ്പോർട്ട്. ജി.പി.എസ് കോളർ വഴിയുള്ള സിഗ്നൽ പ്രകാരം കുമളിക്ക് ആറു കിലോമീറ്റർ അടുത്തെത്തിയതായാണ് കണ്ടെത്തൽ. ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലായിരുന്നു അരിക്കൊമ്പനെ ഇറക്കിവിട്ടത്. ആകാശദൂരം അനുസരിച്ച്, അരിക്കൊമ്പൻ ബുധനാഴ്ച ആറുകിലോമീറ്റർ വരെ കുമിളിക്കു സമീപം എത്തിയെന്നാണ് വനംവകുപ്പ് അറിയിച്ചത്. ഇതിനുശേഷം ആനയെ തുറന്നുവിട്ട മേദകാനം ഭാഗത്തേക്ക് തന്നെ മടങ്ങി. ജി.പി.എസ് കോളറിലൂടെയും വി.എച്ച്.എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും വനംവകുപ്പ് തുടരുന്നുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് അറിയിച്ചു. കൂടാതെ, അരിക്കൊമ്പന് ചിന്നക്കനാലിലേക്ക് എത്തുക അത്ര എളുപ്പമല്ലെന്നാണ് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മടങ്ങിയെങ്കിലും നിരീക്ഷണം ശക്തമാക്കാനാണ് വനംവകുപ്പ് നിർദേശിച്ചിരിക്കുന്നത്.