വെള്ളിയാഴ്ചപ്പേടി, ജ്യോതിഷികളുടെ സമ്മര്‍ദ്ദം; ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോല്‍ എത്തിയ കഥ
ന്യൂഡല്‍ഹി: മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവ ചര്‍ച്ചയായ സമയമാണല്ലോ ഇത്. വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭു, ജവഹര്‍ലാല്‍ നെഹ്‌റുവിന് നല്‍കിയ, പഴയ ചോള വംശത്തിന്റെ അധികാരചിഹ്‌നമായ ചെങ്കോല്‍ വീണ്ടും വാര്‍ത്തയാവുമ്പോള്‍, ഇന്ത്യാ ചരിത്രത്തിലെ ഒരുപാട് ഓര്‍മ്മകളിലൂടെയാണ് അത് കടന്നുപോവുന്നത്.
സത്യത്തില്‍ ഇന്ത്യന്‍ ജ്യോതിഷികളുടെയും വിശ്വാസികളുടെയും സമ്മര്‍ദത്തിന്റെ ഭാഗമായാണ് ഇത്, അധികാരകൈമാറ്റത്തിലേക്ക് കടന്നുവന്നത്. കിരീടവും ചെങ്കോലും അടങ്ങുന്ന രാജ ഭരണത്തിന്റെ ചിഹ്‌നങ്ങളെ ആധുനികനും നിരീശ്വരവാദിയുമായ നെഹ്‌റു എതിര്‍ത്തിരുന്നു. പക്ഷേ വിശ്വാസികളുടെ മുറവിളിക്കും പാര്‍ട്ടിയില്‍നിന്നുള്ള സമ്മര്‍ദത്തിനും അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നു.
വെള്ളിയാഴ്ച സ്വാതന്ത്ര്യദിനമോ?
ഓഗസ്റ്റ് 15, എങ്ങനെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി മാറിയത് എന്ന്, ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു എഴുതിയിട്ടുണ്ട്. അധികാര കൈമാറ്റത്തിനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടക്കവെ, ഒരു വാര്‍ത്താ സമ്മേളനത്തില്‍ പൊടുന്നനെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നാണ് ആ തീയതി എന്ന ചോദ്യം ഉന്നയിക്കുമ്പോള്‍, മൗണ്ട് ബാറ്റന്റെ മനസ്സ് ശൂന്യമായിരുന്നു. നേരത്തെ ആലോചിച്ച് ഉറപ്പിച്ചതല്ലായിരുന്നു, ഇന്ത്യക്ക് ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം കൊടുക്കണം എന്നത്. പെട്ടെന്ന് ഒരു തീയതി ഓര്‍ത്തപ്പോള്‍ മൗണ്ട് ബാറ്റന്റെ മനസ്സില്‍ ആദ്യം വന്നത് ഓഗസ്റ്റ് 15 ആയിരുന്നു. കാരണം, രണ്ടുവര്‍ഷം മുമ്പ് ഇതേ ദിവസമാണ്, ചരിത്ര പ്രസിദ്ധമായ ജപ്പാന്റെ രണ്ടാംലോകമഹായുദ്ധത്തിലെ കീഴടങ്ങല്‍ ഉണ്ടായത്. ഹിരോഷിമയില്‍ 1945 ഓഗസ്റ്റ് 6നും, നാഗസാക്കിയിയില്‍ ഓഗസ്റ്റ് 9നും അമേരിക്ക അണുബോംബിട്ട് ആയിരങ്ങളെ കൊന്നതിന് പിന്നാലെ ഓഗസ്റ്റ് 15നാണ് ജപ്പാന്‍ കീഴടങ്ങുന്നതായി പ്രഖ്യാപിച്ചത്. ജാപ്പനിസ് ചക്രവര്‍ത്തി ഹിരോഹിതോ റേഡിയോയിലൂടെ കീഴടങ്ങല്‍ പ്രഖ്യാപനം വായിച്ചതോടെ, രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.
ചരിത്ര പ്രസിദ്ധമായ ആ ദിവസത്തിന്റെ ഓര്‍മ്മയ്ക്കാണ് അതേ ദിവസം മൗണ്ട്ബാറ്റന്‍ പ്രഭു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. പക്ഷേ അതിന് അദ്ദേഹം ഏറെ പഴികേട്ടു. കാരണം ഓഗസ്റ്റ് 15 ഒരു വെള്ളിയാഴ്ചയായിരുന്നു. ഇന്ത്യയില്‍ ഒരു ശുഭകാര്യവും വെള്ളിയാഴ്ച നടക്കാറില്ല. പുതിയ രാജ്യത്തിന്റെ ഭാവിയോര്‍ത്ത് ജ്യോതിഷികള്‍ വിലപിച്ചു. അതോടെ വലിയ ആശങ്ക പൊതുസമൂഹത്തിലും ഉണ്ടായി. എന്നാല്‍ പുരോഗമനവാദിയായ നെഹ്‌റു മൗണ്ട് ബാറ്റണു പിന്നില്‍ ഉറച്ചുനിന്നു. പക്ഷേ വെള്ളിയാഴ്ചപ്പേടി ഗാന്ധിജി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളിലേക്ക് പടര്‍ന്നു. എവിടെയും ഇതുതന്നെയായി ചര്‍ച്ച. അപ്പോഴാണ് ഒരു സവവായം എന്ന നിലയില്‍ ഓഗസ്റ്റ് 14 അര്‍ധരാത്രി അധികാരക്കെമാറ്റമാക്കാന്‍ നിര്‍ദ്ദേശം വന്നത്. അങ്ങനെയാണ് ഇന്ത്യക്ക് അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയത്. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പുസ്തകത്തില്‍ ലാറി കോളിന്‍സും ഡൊമനിക്ക് ലാപ്പിയറും ഇതു വിശദമായി എഴുതിയിട്ടുണ്ട്.
ചെങ്കോല്‍ വരുന്നു
അതുപോലെ തന്നെ വിശ്വാസപരമായ മറ്റൊരു പ്രശ്‌നമായിരുന്നു, യാന്ത്രികമായി ഒപ്പിട്ട് ഹസ്തദാനം നല്‍കുന്നതിന് പകരം, അധികാരക്കെമാറ്റത്തിന് ആചാരപരവും വിശ്വാസപരവുമായ ഒരുപാരമ്പര്യം ഉയര്‍ത്തിപ്പടിക്കണം എന്നത്. ജ്യോതിഷികള്‍ ഇക്കാര്യത്തിലും ശക്തമായ സമ്മര്‍ദം ഉയര്‍ത്തി. മുഗള്‍ രാജാക്കന്മാരുടെ കിരീടം തൊട്ട് രജപുത്രന്മാരുടെ തലപ്പാവുവരെയുള്ള പല അധികാര ചിഹ്നങ്ങളും ഇതിനായി ചര്‍ച്ചയില്‍ വന്നു. പക്ഷേ ഒന്നിലും സവവായം ഉണ്ടായില്ല. അപ്പോഴാണ്, നേരത്തെ അര്‍ധരാത്രിയില്‍ സ്വാതന്ത്ര്യം വാങ്ങാനുള്ള ഫോര്‍മുലയുണ്ടാക്കിയവരില്‍ പ്രധാനിയായ സി രാജഗോപാലാചാരി അതിലും ഇടപെട്ടത്്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമായിരുന്നു ചെങ്കോല്‍ എന്ന അധികാര ചിഹ്നത്തിന്റെ കൈമാറ്റം. അങ്ങനെ മൗണ്ട് ബാറ്റണും നെഹ്‌റുവും ചെങ്കോല്‍ കൈമാറിയാണ് ഈ രാജ്യം പിറന്നത്.
ചോള രാജവംശത്തിന്റെ ചെങ്കോല്‍ ആണ് 1947ല്‍ മാതൃകയാക്കിയത്. ഈയിടെ രണ്ടുഭാഗങ്ങളായി ഇറങ്ങിയ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രം പറയുന്നത് ചോള രാജവംശത്തിന്റെ കഥയാണ്്. ഈ രാജാക്കന്മാരുടെ സ്ഥാനാരോഹണച്ചടങ്ങില്‍ രാജാധികാരകൈമാറ്റം സൂചിപ്പിക്കാന്‍ ചെങ്കോല്‍ ഉപയോഗിച്ചിരുന്നു. അധികാരത്തിന്റെ വിശുദ്ധ പ്രതീകമായും, ഒരു രാജാവില്‍നിന്നു മറ്റൊരു രാജാവിലേക്ക് അധികാരം കൈമാറ്റം ചെയ്യുന്നതിന്റെ ചിഹ്നമായും ഇത് ഉപയോഗിച്ചു പോന്നു. . തമിഴ്‌നാട്ടില്‍ മാത്രമല്ല ഉത്തേരേന്ത്യയിലെ രാജക്കന്മാര്‍ക്കിടയിലും, ആദിവാസികള്‍ അടക്കമുള്ള വിവിധ ഗോത്രങ്ങളുടെ ഇടയിലും അധികാരസ്ഥാനമായി ചെങ്കോല്‍ ഉണ്ടായിരുന്നു. രാജാക്കന്മാരുടെയും ഗോത്രങ്ങളുടെയും സമ്പത്ത് അനുസരിച്ച് അതില്‍ സ്വര്‍ണ്ണമോ, വെള്ളിയോ, കെട്ടും. ഒന്നുമില്ലാതെ വെറും ദണ്ഡ് ചെങ്കോല്‍ ആയി ഉപയോഗിച്ചവരും ഉണ്ട്.
ഈ ചോള വംശത്തിന്റെ, ചെങ്കോലിന്റെ കഥ നന്നായി അറിയാവുന്ന സി രാജഗോപാചാരി ഇതിനെ ഇന്ത്യന്‍ സ്വാതന്ത്ര്യ ചടങ്ങുകളിലേക്കും കൊണ്ടുവരികയായിരുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ മയിലാടുതുറൈയിലെ മയൂരനാഥസ്വാമി ക്ഷേത്രം പരിപാലിക്കുന്ന അധീനമായ തിരുവാവടുതുറൈ അധീനത്തെയാണ് ചെങ്കോലിന്റെ ആവശ്യത്തിനായി രാജഗോപാലാചാരി സമീപിച്ചത്. ശിവാരാധന നടത്തുന്ന വിഭാഗമായിരുന്നു അധീനം മഠത്തിലുള്ളവര്‍. 500 വര്‍ഷം മുന്‍പുതൊട്ടേ ചരിത്രത്തില്‍ ഇവരെപ്പറ്റി പരാമര്‍ശമുണ്ട്. ന്യായത്തിന്റെയും ശരിയുടെയും തത്വങ്ങളില്‍ അധിഷ്ഠിതമായാണ് അവരുടെ പ്രവര്‍ത്തനം. ചെങ്കോല്‍ തയാറാക്കാന്‍ ഇവരുടെ സഹായമാണ് തേടിയതെന്ന് കേന്ദ്രത്തിന്റെ ആര്‍ക്കൈവുകളില്‍ രേഖയുണ്ട്.
അഞ്ചടി നീളമുള്ള ചെങ്കോലിന്റെ മുകളറ്റത്ത് ശിവവാഹനമായ നന്ദിയുടെ രൂപം കൊത്തിയിട്ടുണ്ട്. ഇതു നീതിയെ പ്രതിനിധീകരിക്കുന്നു. ചെന്നൈയിലെ അന്നത്തെ പ്രമുഖ സ്വര്‍ണവ്യവസായികളാണ് ചെങ്കോല്‍ നിര്‍മ്മിച്ചത്. ചെങ്കോലിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തവരില്‍ വുമ്മിഡി എതിരാജുലു (96) വുമ്മിഡി സുധാകര്‍ (88) എന്നിവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
നെഹ്‌റു ഒടുവില്‍ സമ്മതിക്കുന്നു
നെഹ്‌റുവിന് ഇത്തരം ചടങ്ങുകളോട് പൊതുവില്‍ യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ നെഹ്‌റുവിന്റെ വീട്ടില്‍ ഇത് എത്തിക്കാമെന്ന് അവര്‍ തീരുമാനിക്കുന്നു. 1947 ഓഗസ്റ്റ് 14ന് തമിഴ്‌നാട്ടില്‍ നിര്‍മ്മിച്ച ചെങ്കോലുമായി മൂന്നുപേര്‍ ഡല്‍ഹിയിലെത്തി. തിരുവാവടുതുറൈ അധീനം മഠത്തിന്റെ പൂജാരി, നാദസ്വരം വായനക്കാരനായ രാജരത്തിനം പിള്ള, പാട്ടുകാരന്‍ എന്നിവരാണ് ചെങ്കോലുമായി വന്നത്. ഇവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
പൂജാരി ചെങ്കോല്‍ എടുത്ത് ആദ്യം മൗണ്ട്ബാറ്റന്‍ പ്രഭുവിന് കൈമാറി. പിന്നാലെ തിരിച്ചെടുത്തു. തുടര്‍ന്ന് ഗംഗാജലം തളിച്ച് ചെങ്കോല്‍ ശുദ്ധീകരിച്ചശേഷം ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്ന ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ വീട്ടിലേക്കു ഘോഷയാത്രയായി കൊണ്ടുപോയി. അവിടെവച്ച് പൂജാരി നെഹ്‌റുവിനു ചെങ്കോല്‍ കൈമാറി. നെഹ്‌റു അത് ഏറ്റുവാങ്ങിയതോടെ അധികാരക്കൈമാറ്റമായി.
ഇങ്ങനെ ചരിത്ര പ്രസിദ്ധമായി മാറിയ ചെങ്കോല്‍, പക്ഷേ, 1947 ഓഗസ്റ്റ് 15 ന് ശേഷം പിന്നെ കണ്ടിട്ടില്ല. എല്ലാവരും അത് മറന്നുപോയി. അലഹബാദിലെ മ്യൂസിയത്തില്‍ അത് സൂക്ഷിച്ചിരിക്കുകയായിരുന്നു. 1978 ഓഗസ്റ്റ് 15ന് കാഞ്ചി മഠത്തിലെ ചന്ദ്രശേഖരേന്ദ്ര സരസ്വതി ഒരു സംഭാഷണത്തില്‍ ഈ സംഭവം അനുസ്മരിച്ചു. ചരിത്രകാരന്‍ ഡോ.ബി.ആര്‍.സുബ്രഹ്മണ്യവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. സുബ്രഹ്മണ്യം തന്റെ പുസ്തകത്തിലും ഈ ചര്‍ച്ചയ്ക്ക് ഇടം നല്‍കി. വിവിധ തമിഴ് മാധ്യമങ്ങളില്‍ ഈ ഓര്‍മ്മക്കുറിപ്പിന് മുന്‍ഗണന നല്‍കി. അതോടെ ചെങ്കോല്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായി.
ഇപ്പോഴിതാ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ കൈമാറ്റം വീണ്ടും നടക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് കൈമാറുമെന്നാണ് അറിയുന്നത്. അതിന് ശേഷം സ്പീക്കറുടെ കസേരയ്ക്ക് സമീപം സൂക്ഷിക്കും. കാലം എത്ര കഴിഞ്ഞാലും ഇന്ത്യയില്‍ വിശ്വാസങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ലെന്ന് ഈ അനുഭവം അടിവരയിടുന്നു.