കോവിഡിന് പിറകെ മറ്റൊരു മഹാമാരി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിന് പിറകെ ലോകത്തെ വിറപ്പിക്കാൻ മറ്റൊരു മഹാമാരി വരുന്നെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. എബോള, കോവിഡ് എന്നിവയെ പോലെ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന ‘സൂനോട്ടിക്’വിഭാഗത്തിൽപ്പെട്ട രോഗമായിരിക്കും മനുഷ്യരാശി അടുത്തതായി നേരിടാൻ പോകുന്നതെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
‘ഡിസീസ് എക്‌സ്’ (അജ്ഞാത രോഗം) എന്നാണ് പുതിയ രോഗത്തിന് പേരിട്ടിരിക്കുന്നത്. രോഗകാരണത്തെക്കുറിച്ച് വ്യക്തമായ കണ്ടെത്തൽ ഇനിയും നടത്തേണ്ടതിനാലാണ് ഇങ്ങിനെ പേരിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടന 2018 ൽ മുന്നറിയിപ്പ് നൽകിയശേഷം ഒരു വർഷത്തിനകം കോവിഡ് ലോകമെമ്പാടും വ്യാപിക്കാൻ തുടങ്ങിയ പശ്ചാതലത്തിൽ പുതിയ മുന്നറിയിപ്പിനെ ഗൗരവത്തോടെയാണ് ലോകം കാണുന്നത്.
അടുത്തതായി പടർന്ന് പിടിക്കാൻ സാധ്യതയുള്ള രോഗങ്ങളുടെ പട്ടികയും സംഘടന പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ എറ്റവും മുകളിലാണ് ‘ഡിസീസ് എക്‌സ്’ന്‍റെ സ്ഥാനം .
ലോകാരോഗ്യ സംഘടനയുടെ പട്ടികയിലെ മറ്റു രോഗങ്ങൾ മാർബർഗ് വൈറസ്, ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ, ലസ്സ ഫീവർ, നിപ്പ, ഹെനിപവൈറൽ രോഗങ്ങൾ, റിഫ്റ്റ് വാലി ഫീവർ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയാണ്.