We Talk

മരുന്ന് ഗോഡൗണിലെ തീപിടിത്തത്തിൽ ദുരൂഹത

അഴിമതിയാരോപണം ഉയരുമ്പോൾ ബന്ധപ്പെട്ട സ്ഥാപനത്തിന് തീ പിടിക്കുന്നത് സർവ്വ സാധാരണമായി മാറി. . ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് തിരുവനന്തപുരം കിൻഫ്ര പാർക്കിലേത്. മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് ഗോഡൗണിലെ തീ അണയ്ക്കുന്നതിനിടയിൽ ഫയർമാൻ ജെ എസ് രഞ്ജിത്തിന് മരണം സംഭവിക്കുകയും ചെയ്തു. ബ്ലീച്ചിങ് പൌഡർ സൂക്ഷിച്ച കെട്ടിടത്തിൽ അർധരാത്രി കഴിഞ്ഞാണ് തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടായത്. .

ഇതിനു ഒരാഴ്ച മുൻപാണ് കൊല്ലത്തെ മെഡിക്കൽ സർവീസ് കോർപറേഷൻ ഗോഡൗണിനു തീപിടിച്ചത്. അതിന്റെ കാരണവും ബ്ലീച്ചിങ് പൗഡറാണ് . കോവിഡ് കാലത്തെ കോടികളുടെ അഴിമതി ആരോപണത്തിന്മേലുള്ള അന്വേഷണങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ രണ്ടു സംഭരണശാലകൾ കത്തി കോടികളുടെ നഷ്ടം സംഭവിച്ചതിൽ വലിയ ദുരൂഹത തന്നെയാണുള്ളത്. കേസിലെ നിർണായക തെളിവുകളായ മെഡിക്കൽ ഉപകരണങ്ങളും ഉൽപ്പന്നങ്ങളും കത്തി നശിച്ചവയിൽ പെടും. . കോവിഡ് കാലത്തെ മരുന്ന് വാങ്ങലുമായി ബന്ധപ്പെട്ട ആറായിരത്തോളം കമ്പ്യൂട്ടർ ഫയലുകൾ മുൻപ് കെഎംഎസ് സി എൽ അധികൃതർ തന്നെ നശിപ്പിച്ചു കളഞ്ഞ സാഹചര്യത്തിൽ തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാൻ കഴിയില്ല. കൊല്ലത്തും തിരുവനന്തപുരത്തും ഒരാഴ്ചക്കിടയിൽ ഉണ്ടായ തീപിടുത്തത്തിന് കാരണമായ ബ്ലീച്ചിങ് പൗഡർ മെഡിക്കൽ സർവീസ് കോർപറേഷൻ വാങ്ങിയത് ടെണ്ടർ ക്ഷണിക്കാതെ നേരിട്ടാണ്. കാരുണ്യ മുഖേന കഴിഞ്ഞ ജൂലൈയിലാണ് 4.04ലക്ഷം കിലോഗ്രാം ബ്ലീച്ചിങ് പൗഡറിന്റെ ദുരൂഹ ഇടപാട് നടന്നത്. അവശ്യമരുന്ന് സംഭരിക്കാനുള്ള പട്ടികയിൽപെടുത്തി പൊതു ടെൻഡർ വഴി വർഷം തോറും ബ്ലീച്ചിങ് പൗഡർ വാങ്ങാറുണ്ട്. . കാരുണ്യ വഴിയാകുമ്പോൾ ഉത്പന്നതിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന എൻഎബിഎൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത്പോലെയുള്ള കർക്കശ വ്യവസ്ഥകളില്ല. ബ്ലീച്ചിങ് പൌഡർ സൂക്ഷിച്ച കൊല്ലത്തെയും തിരുവനന്തപുരത്തെയും ഗോഡൗണുകൾക്കു കോർപറേഷൻ ലൈസൻസ് ഇല്ലെന്നും തെളിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ബ്ലീച്ചിങ് പൗഡറിന് പുറമെ പിപിഇ കിറ്റ്, ഗ്ലൗസ്, മാസ്ക്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ടും വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ അഴിമതി നടന്നു എന്ന് പറയുന്നത് പിപിഇ കിറ്റിന്റെയും , ഗ്ലൗസിന്റെയും സംഭരണത്തിലാണ്. 

കൊല്ലത്ത് 10 കോടി രൂപയുടെയും തിരുവനന്തപുരത്ത് 1.22 കോടി രൂപയുടെയും നഷ്ടമാണ് ഉണ്ടായത്. ഇവിടെയാണ് ദുരൂഹതകൾ നിറയുന്നത്. തീപിടിത്തങ്ങളും അഴിമതിയും ചർച്ചയായിട്ടും കാര്യമായ അന്വേഷണം നടത്താത്തതും ഗോഡൗണുകളിൽ അഗ്നിശമന സൗകര്യങ്ങൾ ഒരുക്കാത്തതും എന്തുകൊണ്ട്? ചട്ടവിരുദ്ധമായി വാങ്ങി കൂട്ടിയ മരുന്നുകളും ഉപകരണങ്ങളും നശിപ്പിക്കാൻ ഗോഡൗണുകളിൽ തീപിടിത്തം ഉണ്ടാക്കുന്നതാണോ എന്ന ചോദ്യം ഉയരുക സ്വാഭാവികം.

അഴിമതിയുടെ നിഴൽ വീണ ഇടങ്ങളിലെല്ലാം എങ്ങനെയാണ് തീപിടിത്തം ഉണ്ടാകുന്നത് ?പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം ഈ ചോദ്യം ഉന്നയിച്ചിരുന്നു. ബ്രഹ്മപുരത്തെ അഴിമതിയുടെ വിഷപ്പുക കൊച്ചി നിവാസികൾ ശ്വസിച്ചത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതാണ്. ആദായ നികുതി വകുപ്പ് 

 കെൽട്രോണിനോട് AI ക്യാമറയുടെ കരാർ ഫയലുകൾ ആവശ്യപ്പെട്ട സമയത്താണ് സെക്രട്ടറിയേറ്റിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ ഓഫീസിൽ തീപിടിത്തം ഉണ്ടായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ സൂക്ഷിച്ച സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വകുപ്പിൽ 2020 ൽ തീപിടിത്തമുണ്ടായി. . ഇqതൊക്കെ സൂചിപ്പിക്കുന്നത് ഒന്ന് തന്നെയാണ് . അഴിമതി എവിടെയുണ്ടോ, അവിടെ തീയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *