ഹോട്ടല്‍ ഉടമയുടെ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍ ; അട്ടപ്പാടി ചുരത്തില്‍ ട്രോളിബാഗുകളിലായാണ് സിദ്ധിഖിന്റെ മൃതദേഹം കണ്ടെത്തിയത്
കോഴിക്കോട്: തിരൂരില്‍ നിന്ന് കാണാതായ വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന സിദ്ധിഖിന്റെ (58) ഹോട്ടലിലെ ജീവനക്കാരായ ഷിബിലി (22), ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന (18) എന്നിവരും മറ്റൊരാളുമാണ് ചെന്നൈ എഗ്ഗ്‌മോര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്. പ്രതികള്‍ ചെര്‍പ്പുളശ്ശേരി സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.സിദ്ധിഖിനെ കാണാതായതിനെ തുടര്‍ന്ന് മകന്‍ പരാതി നല്‍കിയിരുന്നു.
ഈ കൊലപാതകത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.മൃതദേഹം ശരീരത്തിന്റെ നേര്‍ പകുതിയായി മുറിച്ചാണ് വെട്ടി നുറുക്കി പെട്ടിയിലാക്കിയത്.രണ്ട് ഭാഗങ്ങളും രണ്ട് പെട്ടിയിലാക്കി. ശരീരത്തിന്റ എല്ലാ ഭാഗങ്ങളും ഈ രണ്ട് പെട്ടിയിലുമുണ്ടെന്നാണ് വ്യക്തമാകുന്നത്.തിരക്കില്ലാത്ത അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്നാണ് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. പ്രതികള്‍ഹോട്ടല്‍ ഉടമ സിദ്ധിഖിന്റെ മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു.
മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. മൊബൈലും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയും ചില സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരങ്ങളിലൂടെയുമാണ് മൃതദേഹം അട്ടപ്പാടിയില്‍ നിന്ന് കണ്ടെത്താനായത്. മറ്റ് തൊഴിലാളികള്‍ ഷിബിലിയുടെ പെരുമാറ്റ ദൂഷ്യത്തെ പറ്റി പരാതിപ്പെട്ടിരുന്നു. ജോലിചെയ്ത ദിവസത്തെ ശമ്പളം കൊടുത്ത് ഷിബിലിയെ പറഞ്ഞു വിട്ടിരുന്നു. ഇതിനു ശേഷമാണ് കൊലപാതകം നടന്നത്. സിദ്ധിഖിനെ കാണാതായതിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് തുടര്‍ച്ചയായി പലയിടങ്ങളില്‍ നിന്നായി പണം പിന്‍വലിച്ചിരുന്നെന്ന് മകന്‍ പറഞ്ഞു.കൊലപാതകത്തിന് പിന്നില്‍ ഹണി ട്രാപ്പാണോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ് . സിദ്ധിഖിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.