We Talk

മോഹന്‍ലാലിന്റെ മുഖം വികാരരഹിതമായോ; ഒടിയനിലെ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ ചതിച്ചോ?

നാലുദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ ജന്‍മദിനത്തിന്, ഒടിയന്‍ സിനിമയുടെ ഒരു പോസ്റ്റര്‍ ഇട്ടുകൊണ്ട് അതിന്റെ സംവിധായകന്‍, ശ്രീകുമാരമേനോന്‍ മലയാളത്തിന്റെ പ്രിയ നടന് ഒരു ആശംസ നേര്‍ന്നിരുന്നു. എന്നാല്‍ ഒരു ജന്‍മദിനാശംസക്ക് സാധാരണ പതിവില്ലാത്ത രീതിയില്‍, വന്‍ സൈബര്‍ ആക്രമണമാണ് ശ്രീകുമാരമോനോന് നേരെ ഉണ്ടായത്. ഏകദേശം ആയിരത്തിലേറെ കമന്റുകളാണ് ആ ഒരു ഒറ്റപോസ്റ്റില്‍ സംവിധായകനുനേരെ വന്നത്.

‘ഇങ്ങനെ നല്ല ഒരു പണി കൊടുത്തിട്ട്, ആ ഫോട്ടോ തന്നെ ഇട്ട് ആശംസകള്‍ അറിയിക്കണമെങ്കില്‍ അപാര കട്ടി തന്നെ വേണം’, ‘താടി വടിച്ച ലാലേട്ടനെ ഞങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയ മഹാനുഭവാന് നടുവിരല്‍ നമസ്‌കാരം’, ‘ഒടിയന്‍ ചെയ്തപ്പോള്‍ മുതലുള്ള എകസ്പ്രഷന്‍ ഇനിയും ലാലേട്ടന്റെ മുഖത്തു നിന്നും പോയിട്ടില്ല വേറൊരു എക്പ്രഷനും വരുന്നതും ഇല്ല… എന്നാലും ശ്രീകുമാരാ’, ‘എക്‌സ്പ്രഷന്‍ ഒക്കെ സിമ്പിള്‍ ആയി ചെയ്തു മലയാളത്തിലെ ഏറ്റവും മികച്ച നടന്‍ ആയിരുന്ന ഒരാളെ എക്‌സ്പ്രഷന്‍ വരാത്ത രൂപത്തില്‍ ആക്കി എന്തിനു താടി പോലും എടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആക്കിയ മഹാപാപീ’….. ഇങ്ങനെ പോകുന്നു ആ കമന്റുകള്‍.

ഇവരില്‍ ഏറെപ്പേരും, ചൂണ്ടിക്കാട്ടുന്നത് ഒടിയന്‍ എന്ന കഥാപാത്രത്തിന് യൗവനം കിട്ടാനായി മോഹന്‍ലാല്‍ എടുത്ത ബോട്ടോക്‌സ് എന്ന ഇഞ്ചക്ഷനെ കുറിച്ചാണ്. അതിനുശേഷമാണ് മോഹന്‍ലാലിന്റെ മുഖം ഭാവരഹിതമായിപ്പോയത് എന്നാണ് ഒരു പറ്റം ആരാധകരുടെ വാദം. പിന്നീട് വന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം, മോണ്‍സറ്റര്‍, എലോണ്‍, തുടങ്ങിയ ചിത്രങ്ങളിലെ ലാലിന്റെ താരതമ്യേന മോശം പ്രകടനത്തിന് പിന്നില്‍ ഈ ഇഞ്ചക്ഷന്‍ വഴി പേശി മരവിച്ച് പോയതാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തല്‍.

എന്താണ് ബോട്ടോക്‌സ് ഇഞ്ചക്ഷന്‍

മുഖത്തെ ചുളിവുകള്‍ മാറാന്‍ ഉപയോഗിക്കുന്ന ഒരു ചികിത്സയാണ് ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍. ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയയുടെ വിഷം, നേര്‍പ്പിച്ച് മുഖത്തെ മാംസപേശികളില്‍ കുത്തിവെക്കയാണ് ഇതില്‍ ചെയ്യുന്നത്. ഇതോടെ പ്രായാധിക്യം ഇല്ലാത്ത, ചുളിവുകളില്ലാത്ത ചെറുപ്പമായ മുഖം ഉണ്ടാവും. അതായത് പേശികളെ തളര്‍ത്താനുള്ള വിഷത്തിന്റെ കഴിവ് നേര്‍പ്പിച്ച് ഉപയോഗിച്ച് ചുളിവ് തടയുന്നു. വിഷത്തെ മെരുക്കിയെടുത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം.

ഒരുപാട് അസുഖങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ബോട്ടോക്‌സ് ഇഞ്ചക്ഷന്‍. തലച്ചോറിന്റെ പരിക്കുകളോ പക്ഷാഘാതമോ മൂലം കൈകാലുകള്‍ കോച്ചിപ്പിടിക്കുന്ന അവസ്ഥ, നാഡികളുടെ പ്രവര്‍ത്തനത്തിലുള്ള അപാകതകള്‍ മൂലം ഉണ്ടാകുന്ന ചില വേദനകള്‍ (ന്യൂറോപ്പതിക് പെയിന്‍), കോങ്കണ്ണ്, അമിതവിയര്‍പ്പ്, ചിലതരം മൈഗ്രെയ്ന്‍, ചില തരം രോഗങ്ങളുടെ ഫലമായി മൂത്രം അറിയാതെ പോകുക അല്ലെങ്കില്‍ എപ്പോഴും മൂത്രം ഒഴിക്കാനുള്ള ത്വരയുണ്ടാകുക, പാര്‍ക്കിന്‍സണ്‍ രോഗം പോലത്തെ അവസ്ഥകളില്‍ സദാ തുപ്പല്‍ ഒലിച്ചുകൊണ്ടിരിക്കുക എന്നിങ്ങനെ പല രോഗാവസ്ഥകളിലും സാധാരണയായി ഉപയോഗിക്കുന്നതാണ് ബോട്ടുലിന്‍ ഇഞ്ചകന്‍. ഇന്ന് ഹിന്ദിയില്‍ ഉള്‍പ്പെടുയുള്ള താരങ്ങള്‍ എടുക്കുന്ന സൗന്ദര്യവര്‍ധന ഇഞ്ചക്ഷനാണിത്. മിയ ഖലീഫ എന്ന നടി ഈയിടെ തന്റെ അമിതമായ വിയര്‍പ്പ് ഒഴിവാക്കാനായി കക്ഷത്തില്‍ ഈ ഇഞ്ചക്ഷന്‍ എടുത്തിരുന്നു.

പക്ഷേ എല്ലാവരിലും ഒരുപോലെ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ വിജയിച്ചുവന്ന് വരില്ല. ഭാവാഭിനയം കൊണ്ട് ചലച്ചിത്രപ്രേമികളെ അമ്പരിപ്പിച്ച ലാലിന്റെ മുഖത്ത് മരക്കാര്‍ സിനിമയില്‍ കണ്ട നിര്‍വ്വികാരത ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ പാളിയതിന്റെ സൂചനയാണെന്നാണ് നേരത്തെ ചില ശാസ്ത്രലേഖകരും ചൂണ്ടിക്കാട്ടിയിരുന്നു.

ബോട്ടോകസ് ഇഞ്ചക്ഷന്‍ മൂലം മുഖം മോശമായിപ്പോയ നടി ഖുശ്ബുവിന്റെ ഉദാഹരണമാണ് പലരും ഇതോടൊപ്പം ചൂണ്ടിക്കാട്ടുന്നത്. മൂക്കിന്റെ ഇരുവശത്തെ ചുളിവുകള്‍ മാറ്റാന്‍ ബോട്ടോക്‌സ് കുത്തിവെക്കുമ്പോള്‍ മേല്‍ചുണ്ട് ഒരു കര്‍ട്ടന്‍ പോലെ താഴേക്ക് നീങ്ങും. ഖുശ്ബുവിന്റെ ഇപ്പോഴത്തേ മുഖം ശ്രദ്ധിച്ചാല്‍ ഈ പറഞ്ഞ കാര്യം ബോധ്യപ്പെടും. അതുപോലെ നിരവധി ബോളിവുഡ് നടീ നടന്മാരും ബോട്ടോക്‌സിന്റെ കുരുക്കില്‍ പെട്ടിട്ടുണ്ട്. പുരുഷന്മാരില്‍ ഇതിന്റെ പ്രശ്‌നം താങ്ങേണ്ടി വരുന്നത് താടിക്കാണ്. മടക്കുകള്‍ വീഴുന്ന മുഖം മറയ്ക്കാനാണ് പലരും ഇപ്പോള്‍ താടി വളര്‍ത്തുന്നത്. ലാല്‍ മാത്രമല്ല മമ്മൂട്ടിയും താടി വളര്‍ത്തുന്നുണ്ട്. മമ്മൂട്ടിയൊക്കെ ക്‌ളോസ് അപ്പ് വരുന്ന സീനുകളില്‍ പ്രായം അറിയാതിരിക്കാന്‍ പരമാവധി അഡ്ജസ്റ്റ് ചെയ്താണ് നില്‍ക്കുന്നതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

ഒടിയന്’ പ്രതിവിധിയില്ലേ

2018ല്‍ ഇറങ്ങിയ ഒടിയനിലെ മോഹന്‍ലാലിന്റെ ചുള്ളന്‍ ലുക്ക്കണ്ട് ഏവരും അമ്പരന്നിരുന്നു. ഒടിയന്‍ ലുക്കില്‍ കൊച്ചിയിലെത്തിയ താരത്തെ കണ്ട് ആരാധകര്‍ ആരവം മുഴക്കി. ശരീരത്തിന്റെ വണ്ണം കുറച്ച് സ്ലിം ആയി, മീശയും താടിയും കളഞ്ഞ്, കൂളിങ് ഗ്ലാസ് ധരിച്ചെത്തിയ താരത്തെ കണ്ട് സിനിമാലോകം ഞെട്ടിയിരുന്നു. അന്ന് സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിങ്ങ് ബോട്ടോക്‌സ് ഇന്‍ജെക്ഷനും ലാലിന്റെ പുതിയ ലുക്കുമായിരുന്നു. പക്ഷേ അക്കാലത്തുതന്നെ അതിന്റെ അപകട സാധ്യതള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഫേസ്ബുക്കിലെ ആരോഗ്യവിദഗ്ധരുടെ കൂട്ടായ്മായ ഇന്‍ഫോക്ലിനിക്കില്‍ ഈ മേഖലയിലെ വിദഗ്ധനായ ഡോ കുഞ്ഞാലിക്കുട്ടിയുടെ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. ”മുഖത്തെ ചുളിവുകള്‍ മാറ്റി പ്രായം കുറവായി തോന്നിക്കാനും ആളുകള്‍ ബോട്ടോക്‌സ് ചെയ്യാറുണ്ട്. മുഖത്ത് ധാരാളം മാംസപേശികളുണ്ട്. ഈ മാംസപേശികളാണ് നമ്മെ ചിരിക്കാനും ഗോഷ്ടി കാണിക്കാനും കണ്ണടയ്ക്കാനും തുറക്കാനും ചുണ്ടുകള്‍ കൂര്‍പ്പിക്കാനും ഒക്കെ സഹായിക്കുന്നത്. പ്രായം ചെല്ലുന്തോറും ഈ മാംസപേശികളുടെ മുകളിലുള്ള ചര്‍മ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം ഈ പേശികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുണ്ടാകുന്നു. ബോട്ടുലിനം ടോക്‌സിന്‍ ഈ പേശികളില്‍ കുത്തിവച്ചാല്‍ അവ പ്രവര്‍ത്തിക്കാതാകുന്നത് മൂലം ചുളിവുകള്‍ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം. പക്ഷേ ഈ കുത്തിവെപ്പുകള്‍ സ്ഥായിയായ ഫലം നല്‍കുന്നില്ല, കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടതായി വരും. കുറേ പ്രാവശ്യം ചെയ്തു കഴിയുമ്പോള്‍, വ്യായാമമില്ലാത്ത ഏതു മാംസപേശിയും ചുരുങ്ങുന്നത് പോലെ ഇവയും ചുരുങ്ങും, അവസാനം ആളിന്റെ മുഖത്ത് ഒരു എക്‌സ്പ്രഷനും വരാത്ത സ്ഥിതിയാകും. പാടുപെട്ട് ശൃംഗാരരസം വരുത്തുമ്പോള്‍ കാണുന്നവര്‍ക്ക് പശു ചാണകമിടുമ്പോഴുള്ള ഭാവം ഓര്‍മ്മ വരും. പച്ചാളം ഭാസി പറഞ്ഞ പോലെ, സ്വന്തമായി ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത ഭാവങ്ങള്‍ ആവും പിന്നെ മുഖത്ത് വരിക. ” ഒടിയന്‍ ഇറങ്ങിയ സമയാണ് ഡോ കുഞ്ഞാലിക്കുട്ടി ഈ ലേഖനം എഴുതിയത്. അതില്‍ അദ്ദേഹം പറഞ്ഞതുപോലുള്ളതാണോ ഇപ്പോള്‍ ലാലില്‍ സംഭവിക്കുന്നത് എന്നാണ് സംശയം. മരക്കാറിലെ നിര്‍വികാര മുഖം ആരാധകരില്‍ ഭയം ജനിപ്പിക്കുന്നുണ്ട്.

പക്ഷേ ബോട്ടോക്‌സ്‌കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താനുള്ള സംവിധാനവും ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ടെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ പറയുന്നത്. മുഖ ഭാവം പഴയതാക്കാന്‍ കഴിയുന്ന റിവേഴ്‌സ് ഇഞ്ചക്ഷനുകള്‍ ഇന്ന് നിലവിലുണ്ട്. നടി ഖുശുബുവൊക്കെ ഈ ചികിത്സ എടുത്തിട്ടുണ്ട്. മാത്രമല്ല കുറച്ച് കാലത്തേക്ക് മാത്രമല്ലാതെ സ്ഥായിയായി മുഖഭാഗം മാറിപ്പോവുകയൊന്നുമില്ലെന്നാണ് ബോട്ടോക്‌സിന്‍െ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതായത് നൂറുകണക്കിന് ഭാവങ്ങള്‍ പൊട്ടിവിടര്‍ന്നിരുന്ന മോഹന്‍ലാലിന്റെ മുഖം വികാരരഹിതമായിപ്പോയി എന്ന് ചില ആരാധകര്‍ വിലപിക്കുന്നതില്‍ ഒന്നും വലിയ കഥയില്ല. അടുത്തകാലത്തായി ചില മോശം സിനിമകളും കഥാപാത്രങ്ങളും ചെയ്തതുകൊണ്ട് അങ്ങനെ തോന്നുതാണെന്നുമാണ് ഇവരുടെ വാദം. ഇനി വരുന്ന ലിജോജോസ് പെല്ലിശ്ശേരിയുടെ ‘മലക്കോട്ടയിലെ വാലിബന്‍’, പൃഥ്വീരാജിന്റെ എമ്പൂരാന്‍, ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് തുടങ്ങിയ ചിത്രങ്ങളിലെ നല്ല കഥാപാത്രങ്ങളെ കാണുമ്പോള്‍ ഈ മാറ്റം വ്യക്തമാവുമെന്നാണ് ഇവര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *