വിദ്യാര്‍ത്ഥിനിയെ പൊള്ളിച്ച സംഭവത്തില്‍ ദുരൂഹത ; പ്രതിയെ രക്ഷിക്കാന്‍ നീക്കങ്ങള്‍
വെള്ളായണി കാർഷിക കോളേജ് ഹോസ്റ്റലിൽ ആന്ധ്ര സ്വദേശിനിയായ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ ദുരൂഹതകളേറെ. ഹോസ്റ്റൽ വാർഡൻ കൂടിയായ സ്റ്റുഡന്റസ് ഡീനും കോളേജ് അധികൃതരും വിവരം അറിഞ്ഞിട്ടും സംഭവം മൂടി വെക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്. ഗുരുതരമായ ക്രിമിനൽ കുറ്റം നടന്നിട്ടും പോലീസിൽ അറിയിക്കാൻ ബോധപൂർവം വൈകിച്ചു. പൊള്ളലേറ്റ ദീപികക്കു പ്രതി ലോഹിതയിൽ നിന്ന് നിരന്തരം മാനസികവും ശാരീരികവുമായ പീഡനം ഏറ്റിരുന്നുവെന്നാണ് വിശ്വാസയോഗ്യമായ വിവരം. ഹോസ്റ്റലിലെ അസിസ്റ്റന്റ് വാർഡൻ ഇതെന്തു കൊണ്ട് റിപ്പോർട്ട് ചെയ്തില്ലെന്നതും ദുരൂഹമാണ്.
ദീപികയുടെ മുഖത്ത് തുപ്പുക, മുഖത്തേക്ക് ചൂട് ചായ ഒഴിക്കുക തുടങ്ങിയ ഹീനമായ പ്രവർത്തികൾ മുമ്പ് നടന്നിട്ടുണ്ട്. ഹോസ്റ്റൽ മുറിയിൽ നിന്ന് ഇടയ്ക്ക് കരച്ചിൽ കേട്ട് അടുത്ത മുറിയിലെ വിദ്യാർത്ഥികൾ വരുമ്പോൾ കതക് തുറക്കില്ല. ലോഹിതയുടെ തുണികൾ കഴുകുക, ഭക്ഷണം കൊണ്ടുകൊടുക്കുക, പാത്രങ്ങൾ കഴുകുക തുടങ്ങിയവ തന്റെ ജോലിയാണ് ദീപിക കണ്ടത്. ശാരീരിക പീഡനങ്ങൾ ഏറ്റിട്ടും പരാതി പറയാതെ സഹിക്കുകയായിരുന്നു. ഒടുവിൽ അതീവ ഗുരുതരമാംവിധം ശരീരത്തിൽ പൊള്ളലേൽപ്പിച്ചപ്പോൾ ആരോടും പറയാതെ ഹോസ്റ്റൽ വിട്ടു നാട്ടിലേക്ക് പോകുകയാണ്. . ഇസ്തിരിപ്പെട്ടി ചൂടാക്കി ദീപികയുടെ കയ്യിലും ഇൻഡക്ഷൻ കുക്കറിൽ പാത്രം ചൂടാക്കി പുറത്തും മുതുകിനും പൊള്ളലേൽപ്പിച്ച ലോയുടെ നടപടി സാഡിസത്തിനും അപ്പുറത്താണ്. പ്രൊഫഷണൽ കോളേജുകളിൽ റാഗിങ്ങ് നടക്കാറുണ്ടെങ്കിലും ഇത്തരത്തിൽ മൃഗീയ പ്രവർത്തകർ സഹപാഠികളോട് ചെയ്യുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. ഹോസ്റ്റലിൽ ഇവരോടൊപ്പം താമസിച്ചിരുന്ന മലയാളി വിദ്യാർത്ഥിനി ജിൻസി ലോഹിതയുടെ പീഡനത്തിന് കൂട്ടുനിൽക്കുകയോ വിവരം ഹോസ്റ്റൽ അധികൃതർ അറിയിക്കാതിരിക്കുകയോ ചെയ്തു. പൊള്ളലേറ്റ ശേഷം ഹോസ്റ്റലിൽ നിന്ന് രക്ഷപ്പെട്ട ദീപികയെ തേടി ലോഹിതയും ജിൻസിയും ലോഹിതയുടെ സുഹൃത്തും അഖിലും കോട്ടയം വരെ പോയതായും വിവരമുണ്ട്.
ഈ മാസം 18 നു സംഭവം നടന്ന ശേഷം നാട്ടിലേക്ക് പോയ ദീപിക പൊള്ളലേറ്റ ഭാഗങ്ങൾ ഡ്രസ്സ് ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ഹോസ്റ്റൽ വിദ്യാർത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് വിഷയം പുറത്തു വന്നത്. ഗ്രൂപ്പിൽ ഇടുന്നതിനു മുൻപ് ഉത്തരവാദപ്പെട്ട ചിലർക്ക് ദീപിക വിഡിയോയും ചിത്രവും അയച്ചെങ്കിലും അവർ അനങ്ങിയില്ല. ഹോസ്റ്റൽ വാർഡൻ കൂടിയായ സ്റ്റുഡന്റസ് ഡീനിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ അലംഭാവം ഈ വിഷയത്തിൽ ഉണ്ടായതായി ആക്ഷേപമുണ്ട്. ഗുരുതരമായ ക്രിമിനൽ കുറ്റം ആയിട്ടും പ്രതിയെ രക്ഷിക്കാനുള്ള നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. പ്രതിയെ നെയ്യാറ്റിങ്കര മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.