ഹോട്ടലുടമയുടേത് ഡോ . ഓമന മോഡല്‍ കൊല

കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തിയിരുന്ന തിരൂര്‍ സ്വദേശി മേച്ചേരി  സിദ്ദിഖിനെ  കൊല ചെയ്ത് മൃതദേഹം മുറിച്ചു കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ കൊണ്ടുപോയ സംഭവം ഓര്‍മ്മിപ്പിക്കുന്നത് കാല്‍ നൂറ്റാണ്ടു മുന്‍പ് ഊട്ടിയില്‍ പയ്യന്നൂര്‍ സ്വദേശി  ഡോ . ഓമന നടത്തിയ കൊലപാതകത്തെയാണ്. പയ്യന്നൂരിലെ നേത്രരോഗ വിദഗ്ധയായ  ഓമന , സുഹൃത്തും പയ്യന്നൂരില്‍ ആര്‍ക്കിടെക്ടും  കരാറുകാരനുമായ കെ എം മുരളിധരനെ ഊട്ടിയില്‍   വിഷം കുത്തിവെച്ചു കൊന്ന ശേഷം മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസില്‍ നിറച്ചു ടാക്‌സി വിളിച്ചു കൊടൈക്കനാലിലെ  വനത്തില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണ്.ഈ സമയത്താണ് അവര്‍  പോലീസിന്റെ പിടിയിലായത്.  ജയില്‍ വാസത്തിനിടയില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഓമനയെ ഇന്റര്‍പോള്‍ അടക്കം അന്വേഷിച്ചിട്ടും  ഇതുവരെ പിടി കിട്ടിയിട്ടില്ല.

1996 ജൂലൈ 11 നു ഊട്ടിയില്‍ ഡോ ഓമന നടത്തിയ അതേ ശൈലിയിലുള്ള കൊലയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ ഇരുപത്തിരണ്ടുകാരനായ മുഹമ്മദ് ഷിബിലിയും സുഹൃത്ത് പതിനെട്ടുകാരിയായ ഖദീജത് ഫര്‍ഹാനയും ചേര്‍ന്ന് നടത്തിയത്. മെയ് 18 മുതല്‍ കാണാതായ സിദ്ദിഖിന് വേണ്ടി പോലീസ് നടത്തിയ അന്വേഷണമാണ് ഇവരിലേക്കെത്തിയത്. സിദ്ദിഖിനെ കൊന്നു മൃതദേഹം രണ്ടു ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്നു താഴേക്കെറിയുകയാണ് ചെയ്തത്. ഹോട്ടല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ഷിബിലി, സിദ്ദിഖിനെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ഫര്‍ഹാനയുടെയും വല്ലപ്പുഴ സ്വദശി ആഷിഖിന്റയും സഹായത്തോടെ കൊല നടത്തിയെന്നാണ് വിവരം. സിദ്ദിഖ് വന്ന ഹോണ്ട സിറ്റി കാറിലാണ് മൃതദേഹം ട്രോളികളിലാക്കി കൊണ്ടുപോയത്. കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ച ശേഷം ഷൊര്‍ണുരില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയിലേക്ക് കടന്ന പ്രതികളെ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക അപഹരണം അടക്കം ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഹോട്ടല്‍ ജോലിയില്‍ നിന്ന് ഷിബിലിയെ പിരിച്ചു വിട്ടത്. . അന്ന് മുതല്‍ക്കാണ് സിദ്ദിഖിനെ കാണാതായതും. ജോലിയില്‍ നിന്ന് പിരിച്ചു വിട്ടയാള്‍ വിളിച്ചിടത്തേക്കു സിദ്ദിഖ് എന്തിനു പോയി എന്ന ചോദ്യത്തിന്റെ ഉത്തരം പോലീസിന്റെ ചോദ്യം ചെയ്യലുകള്‍ക്കു ശേഷമേ വെളിപ്പെടൂ. അതിന്റെ പിന്നില്‍ ഹണി ട്രാപ്പ് ഉണ്ടായിരുന്നു എന്നാണ് സംശയിക്കുന്നത്. . ലോഡ്ജില്‍ രണ്ടു മുറികളിലായിട്ടാണ് സിദ്ദിഖും ഷിബിലിയും ഫര്‍ഹാനയും ഉണ്ടായിരുന്നത്. സിദ്ദിഖിന്റെ പേരിലാണ് മുറിയെടുത്തത് . കൊലക്കു ശേഷം സിദ്ദിഖിന്റെ എ ടി എം കാര്‍ഡ് തട്ടിയെടുത്ത പ്രതികള്‍ ഒരാഴ്ചക്കിടയില്‍ രണ്ടു ലക്ഷത്തോളം രൂപ പലയിടങ്ങളില്‍ നിന്നായി പിന്‍വലിച്ചിരുന്നു. ഹോട്ടലിലെ സി സി ടിവിയില്‍ മൂന്നു പേരും ഒരുമിച്ചു വരുന്നതായി കാണാം. തിരിച്ചു പോകുമ്പോള്‍ ഷിബിലിയും ഫര്‍ഹാനയും കയ്യില്‍ ട്രോളികളുമാണ് ഉണ്ടായിരുന്നത്.സ്ത്രീകള്‍ നടത്തിയ കൊലപാതകങ്ങളുടെ ചരിത്രത്തില്‍ രാജ്യശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു ഓമന നടത്തിയ കൊലപാതകം.കൊലക്കു ശേഷം മൃതദേഹം 20 കഷ്ണങ്ങളായി മുറിക്കുമ്പോള്‍ രക്തം വരാതിരിക്കാനുള്ള കുത്തിവെപ്പും മുരളീധരന്റെ മേല്‍ ഓമന എടുത്തിരുന്നു. ഭര്‍ത്താവില്‍ നിന്ന് തന്നെ അകറ്റിയ കാമുകനായ മുരളീധരനെ ഒഴിവാക്കാന്‍ വേണ്ടിയാണു ഓമന കൊല നടത്തിയതെന്നാണ് പറയപ്പെടുന്നത്. മധുര സെന്‍ട്രല്‍ ജയിലിലെ വനിതാ സെല്ലില്‍ അവര്‍ ദീര്‍ഘ കാലം ഉണ്ടായിരുന്നു. ജാമ്യം ലഭിച്ചിട്ടും ആള്‍ ജാമ്യം ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. കോഴിക്കോട്ടെ ഒരു ഡോക്ടറാണ് പിന്നീട് ആള്‍ജാമ്യത്തിനു തയ്യാറായത്. അന്ന് മുങ്ങിയ ഓമന മലേഷ്യയിലേക്ക് കടന്നതായി അഭ്യൂഹം ഉണ്ടായിരുന്നു. കൊലാലമ്പൂരില്‍ ഒരു ആശുപത്രിയില്‍ അവര്‍ മുന്‍പ് ജോലി ചെയ്തിരുന്നു. ഇന്റര്‍പോള്‍ മുഖാന്തരം അന്വേഷിച്ചിട്ടും ആളെ കണ്ടെത്താനായില്ല. സുകുമാര കുറുപ്പിനെ പോലെ എവിടെയോ ഡോ ഓമനയും ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *