തമിഴ്നാടിന് തലവേദനയായി അരിക്കൊമ്പൻ കമ്പം ടൗണിലെത്തി; അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു
ഇടുക്കി: ചിന്നക്കനാലിൽനിന്ന് പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം ടൗണിലെത്തി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ ആന എത്തിയത്. അഞ്ച് വാഹനങ്ങള്‍ തകർക്കുകയും ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു . രാവിലെ കമ്പം ബൈപ്പാസിനും പ്രധാന റോഡിനും ഇടയിലുള്ള പുളിമരത്തോപ്പിലാണ് ആന നിലയുറപ്പിച്ചിരുന്നത്. ഇവിടെനിന്നും ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടൗണിലേക്ക് നീങ്ങിയത്.

കമ്പം ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. ആനയെ നഗരപ്രദേശത്തുനിന്ന് മാറ്റാനുള്ള നടപടികൾ തമിഴ്‌നാട് വനംവകുപ്പ് ഊര്‍ജിതമാക്കി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനയുടെ കഴുത്തിലുള്ള റേഡിയോ കോളറിൽനിന്ന് കാര്യമായ സിഗ്നലുകൾ ലഭിക്കാത്തതാണ് ആന ജനവാസമേഖലയിൽ എത്തിയ വിവരം അറിയാൻ വനപാലകർ വൈകിയത്. അരികൊമ്പനെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് തമിഴ്നാട് അറിയിച്ചു.