13ാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടു; പിന്നെ പ്രതി ഷിബിലിയുമായി സൗഹൃദം; പതിനെട്ടുകാരി ഫര്‍ഹാന എങ്ങനെ കൊലക്കേസ് പ്രതിയായി?

കോഴിക്കോട്: വെറും 18 വയസ്സു മാത്രമുള്ള ഒരു പെണ്‍കുട്ടിക്ക് ഇത്രമേൽ ക്രിമിനല്‍ ആകാന്‍ കഴിയുമോ? കോഴിക്കോട് എരഞ്ഞിപ്പാലത്തു ലോഡ്ജ് മുറിയിൽ കൊല ചെയ്ത ശേഷം വെട്ടിനുറുക്കി ട്രോളി ബാഗിൽ കൊണ്ടു പോയ ഒളവണ്ണയിലെ ഹോട്ടൽ ഉടമ തിരൂർ സ്വദേശി സിദ്ദീഖിന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന പൊലീസിനെ പോലും അമ്പരപ്പിക്കുന്നതാണിത്. വെള്ളിയാഴ്ച രാവിലെയാണ് അട്ടപ്പാടി ചുരത്തില്‍ നിന്ന് സിദ്ദിഖിന്റെ മൃതദേഹ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തത്. മൃതദേഹം മൂന്ന് കഷണങ്ങളാക്കി ട്രോളി ബാഗുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിദ്ദീഖിന്റെ ഹോട്ടലിലെ മുന്‍ ജീവനക്കാരന്‍ മുഹമ്മദ്‌ ഷിബിലി, ഫര്‍ഹാന, സുഹൃത്ത് ആഷിക്ക് എന്നിവര്‍ അറസ്റ്റിലാവുന്നത്.

എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച് സിദ്ദീഖിനെ കൊന്ന് മൃതദേഹം കട്ടര്‍ കൊണ്ടു മുറിച്ചു ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തില്‍ കൊണ്ടുപോയി ഇടുകയായിരുന്നു ഇവർ. സിദ്ദീഖിന്റെ അക്കൗണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപയും സംഘം തട്ടിയെടുത്തു. ഒളവണ്ണയിലെ ഹോട്ടലിൽ നിന്നു സ്വഭാവദൂഷ്യത്തെ തുടര്‍ന്നാണ് ഷിബിലിയെ സിദ്ദിഖ്‌ പറഞ്ഞു വിട്ടത്. ഷിബിലിയുടെ സുഹൃത്താണ് ഫര്‍ഹാന. ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂറും കേസില്‍ അറസ്്റ്റിലായിട്ടുണ്ട്. ഷിബിലിയുടെ പ്രേരണയില്‍ ഉണ്ടായ ഹണി ട്രാപ്പാണോ ഇതെന്നു പൊലീസ് സംശയിക്കുന്നുണ്ട്.

ദുരൂഹതകളുടെ ഫര്‍ഹാന

2021 ജനുവരിയില്‍ ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ ഷിബിലിയുടെ പേരില്‍ ഫര്‍ഹാനയുടെ വീട്ടുകാര്‍ പോക്സോ കേസ് ഫയല്‍ചെയ്തിരുന്നു. ആ കേസിനുശേഷമാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായതെന്നാണ് സൂചന.
2018-ല്‍ നെന്മാറയില്‍ വഴിയരികില്‍വെച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. അന്ന് ഫര്‍ഹാനയ്ക്ക് 13 വയസ്സായിരുന്നു. കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ഷിബിലി ആലത്തൂര്‍ സബ് ജയിലില്‍ കഴിഞ്ഞു. അതിനു ശേഷം ഫര്‍ഹാനയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

അടുത്തിടെ കാറല്‍മണ്ണയിലെ ഒരു ബന്ധുവീട്ടില്‍ വിവാഹ ചടങ്ങിനെത്തിയ ഫര്‍ഹാന സ്വര്‍ണവുമായി മുങ്ങിയതായി പരാതിയുണ്ട്. സ്വര്‍ണമെടുത്തത് താനാണെന്ന് കത്തെഴുതിവെച്ചാണ് ഫര്‍ഹാന പോയതെന്നാണ് വിവരം. അന്ന് ഫര്‍ഹാന ഷിബിലിക്കൊപ്പം ചെന്നൈയിലേക്കാണ് മുങ്ങിയത്. സിദ്ദിഖിന്റെ കൊല കഴിഞ്ഞു മൃതദേഹം അട്ടപ്പാടി ചുരത്തിൽ എറിഞ്ഞ ശേഷവും പ്രതികൾ ഷൊർണൂർ വഴി ചെന്നൈക്കാണ് പോയത്. കൊലക്കേസിൽ ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂറിനെയും ചളവറയിലെ വീട്ടിലെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. സിദ്ദിഖിനെ മൂവര്‍സംഘം കൊലപ്പെടുത്തിയെന്ന് കരുതുന്ന ഹോട്ടലില്‍നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളില്‍ ഗഫൂറും ഉള്ളതായാണ് പോലീസ് സംശയിക്കുന്നത്.

23 മുതല്‍ ഫര്‍ഹാനയെ കാണാനില്ലെന്ന് കുടുംബം ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതിനല്‍കിയിരുന്നു. 24-ന് രാത്രി ഫര്‍ഹാനയുടെ വീട്ടില്‍ മൂന്നു വാഹനങ്ങളിലായാണ് മഫ്ടിയില്‍ പോലീസ് എത്തിയത്. പിറ്റേന്ന് വീണ്ടുമെത്തിയ പോലീസ് ഫര്‍ഹാനയുടെ പിതാവ് വീരാന്‍കുട്ടിയെ കൊണ്ടുപോയെങ്കിലും വൈകീട്ട് തിരിച്ചെത്തിച്ചു. വീരാന്‍കുട്ടിയുടെപേരില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനു പോലീസില്‍ പരാതിയുണ്ട്. ഈ മാസം 13-ന് അയല്‍വാസിയാണ് പരാതിനല്‍കിയത്.
കൊലപാതകത്തിനുശേഷം ജാര്‍ഖണ്ഡിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പ്ലാന്‍ പക്ഷേ. കേസ് അന്വേഷിച്ച തിരൂര്‍ പൊലീസിന് കൃത്യമായ വിവരം കിട്ടിയതിനെ തുടര്‍ന്ന് ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ഇവര്‍ അറസ്റ്റിലാവുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *