Health TalkWe Talk

ശക്തമായ ആന്റിബയോട്ടിക്ക് വരുന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ

വൈദ്യശാസ്ത്രരംഗം ഇന്ന് നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നാണ് മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ സാന്നിധ്യം. വളരെ ശക്തമായ ആന്റിബയോട്ടിക്കുകളെ പോലും പ്രതിരോധിക്കുന്ന ‘അസിനെറ്റോബാക്റ്റർ ബൗമാനി’ (Acinetobacter baumannii) എന്ന ബാക്ടീരിയയാണ് ഇതിലൊന്ന്. ലോകാരോഗ്യ സംഘടന മനുഷ്യജീവന് ‘നിർണായക ഭീഷണി’എന്ന് വിശേഷിപ്പിച്ച ബാക്ടീരിയകളിൽ ഒന്നാണിത്. ആഗോളതലത്തിൽ പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ആളുകൾ ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഇത്തരം ബാക്ടീരിയകൾ മൂലം മരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ന്യൂമോണിയ ബാധിച്ചും മുറിവുകൾ ഉണങ്ങാതെയും ആന്തരികാവയവങ്ങളിലെ അണുബാധ മൂലവുമാണ് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചിട്ടും രോഗികൾ മരിക്കുന്നത്.
ഈ പ്രതിസന്ധിയെ നേരിടാൻ ഫലപ്രദമായ പുതിയ ആന്റിബയോട്ടിക്ക് വികസിപ്പിച്ചിരിക്കുകയാണ് കാനഡയിലെയും യുഎസിലെയും ഗവേഷകർ. ‘അബൗസിൻ’ (Abaucin) എന്ന് പേരിട്ടിരിക്കുന്ന ഈ ആന്റിബയോട്ടികിന്റെ പ്രത്യേകത ഇത് കണ്ടെത്തിയത് നിർമ്മിതബുദ്ധി (Artificial intelligence) യുടെ സഹായത്തോടെയാണ് എന്നതാണ്.
ആയിരക്കണക്കിന് രാസവസ്തുക്കളെ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ പല അളവിലും വ്യത്യസ്ഥമായ സംയുക്തങ്ങളിലൂടെയും നിരവധി തവണ ഉപയോഗിച്ചുനോക്കിയതിലൂടെയാണ് പുതിയ ആന്റിബയോട്ടികിന് ആവശ്യമായ രാസസംയുക്തം കണ്ടെത്തിയിരിക്കുന്നത്.
മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Massachusetts Institute of Technology) യിലെ പ്രൊഫ ജെയിംസ് കോളിൻസ്, ഡോ ജോനാഥൻ സ്റ്റോക്സ്, ഗവേഷകയായ ഡെനിസ് കാറ്റകുറ്റൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ​ഗവേഷണങ്ങൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഡോക്ടർമാർ ഈ കണ്ടെത്തലിനെ വിലയിരുത്തുന്നത്.
കാനഡയിലെയും യുഎസിലെയും 240 ലബോറട്ടറികളിലാണ് ഇതുസംബന്ധിച്ച പരീക്ഷണങ്ങൾ നടന്നത്. ഇതിന്റെ ഫലമായി ഒമ്പത് ആൻറിബയോട്ടിക്കുകൾ കണ്ടെത്തിയെങ്കിലും അവയിലൊന്ന് അവിശ്വസനീയമാംവിധം ഫലമുള്ളതായിരുന്നു.
‘അസിനെറ്റോബാക്റ്റർ ബൗമാനി’ഗണത്തിൽപ്പെട്ട എല്ലാ ബാക്ടീരികളെയും ​നേരിടാൻ കഴിവുള്ള ഈ രാസസംയുക്തത്തിനാണ് ഗവേഷകർ ‘അബൗസിൻ’ എന്ന് പേരിട്ടിരിക്കുന്നത്. എലികളിൽ നടത്തിയ പരീക്ഷണങ്ങൾ പൂർണ്ണ വിജയത്തിലെത്തിയതിലൂടെ മനുഷ്യരിൽ ഉപയോഗിക്കാവുന്ന ആന്റിബയോട്ടിക് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.

Leave a Reply

Your email address will not be published. Required fields are marked *