കൈക്കൂലിക്കാരെ സർക്കാരിന് പേടിയോ?
പാലക്കാട്ടെ ഒരു വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്‌റ്റന്റ് സുരേഷ്‌കുമാറിൽ നിന്ന് വിജിലൻസ് കണ്ടെടുത്തത് നോട്ടുകെട്ടുകളും ബാങ്ക് രേഖകളുമായി ഒരുകോടിയിലധികം വരുന്ന സമ്പാദ്യത്തിന്റെ തെളിവുകളാണ്. ഒരു വില്ലേജ് ഓഫീസറോ അവിടെയുള്ള ജീവനക്കാരോ കൈക്കൂലി വാങ്ങുന്നത് കേരളത്തിൽ വാർത്തയേയല്ല. വില്ലേജ് ഓഫീസുകൾ, ആർടിഒ ഓഫീസുകൾ, കോർപറേഷൻ–മുനിസിപ്പാലിറ്റി ഓഫീസുകൾ, പ്രമാണം രജിസ്‌റ്റർ ചെയ്‌ത് കൊടുക്കുന്ന രജിസ്‌ട്രാർ ഓഫീസുകൾ, ചെക്ക് പോസ്‌റ്റുകൾ, സിവിൽ സപ്ലൈസ് തുടങ്ങിയവ കൈക്കൂലി കേന്ദ്രങ്ങളാണെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടതാണ്.
സബ് രജിസ്‌ട്രാർ ഓഫീസുകളിലെയും ആർടി ഓഫീസുകളിലെയും ചില പൊതുമരാമത്ത് വകുപ്പ് ഓഫീസുകളിലെയും ഉദ്യോഗസ്‌ഥർ എങ്ങനെയാണ് ചുരുങ്ങിയ കാലം കൊണ്ട് കോടികളുടെ സ്വത്ത് ഉണ്ടാക്കുന്നതെന്ന് മനസ്സിലാകാത്തവരായി ആരുണ്ട്? എന്നിട്ടെന്തേ വിജിലൻസ് ഒരു അന്വേഷണവും പരിശോധനയും നടത്താത്തത്? പല കാരണങ്ങളുണ്ട്. ഒന്നാമതായി വിജിലൻസിലുള്ളവരും അത്ര നല്ല പുള്ളികളല്ല. പണമുണ്ടാക്കാനുള്ള മാർഗം തേടുന്നവർ അവിടെയും കുറവല്ല. കുറുന്തോട്ടിക്ക് തന്നെ വാതം. മറ്റൊന്ന്, സർക്കാർ സർവീസിലെ അഴിമതിക്കാർക്കെതിരെ വിജിലൻസിനെ ഉപയോഗിക്കാൻ സർക്കാരിനും താൽപ്പര്യമില്ല. താൽപ്പര്യമില്ലെന്ന് മാത്രം പറഞ്ഞാൽ പോര. അതൊന്നും വേണ്ട എന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്. അക്കാര്യത്തിൽ ഈ സർക്കാരും മുൻ സർക്കാരുകളുമായി ഒരു വ്യത്യാസവുമില്ല. കാരണം ഉദ്യോഗസ്‌ഥർ പിണങ്ങിയാൽ സംഘടനകൾ ഇടയും. ഉദ്യോഗസ്‌ഥരുടെ സംഘടനകളെ പിണക്കാനോ എതിരാക്കാനോ ഒരു സർക്കാരിനും താൽപ്പര്യമില്ല.
സുരേഷ് കുമാർ എന്ന ഫീൽഡ് അസിസ്‌റ്റന്റ് ഒരു മരമണ്ടനായിരുന്നു എന്ന് പറഞ്ഞാൽ, സർക്കാർ സർവീസിലെ മുഴുവൻ പേരും തലകുലുക്കി സമ്മതിക്കും. കക്കാൻ പഠിച്ചാൽ മാത്രം പോരല്ലോ. നിൽക്കാനും പഠിക്കേണ്ടേ? നോട്ടുകൾ കെട്ടുകളാക്കി താമസസ്‌ഥലത്ത് ഒളിപ്പിച്ചുവെച്ച ഇയാളെപ്പറ്റി എന്തുപറയാൻ? മറ്റുള്ളവരൊക്കെ ഭൂമിയിലും സ്വർണത്തിലും പണം നിക്ഷേപിക്കുകയും ബന്ധുക്കളുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടുകയും ചെയ്യുമ്പോൾ ഈ പാവം കട്ടിലിനടിയിൽ നോട്ടുകൾ ഒളിപ്പിച്ചുവെച്ചു. ഇക്കാര്യങ്ങളൊക്കെ ഓരോരുത്തരും സ്വയം അഭ്യസിക്കണം എന്നായിരിക്കും സർക്കാർ സർവീസിലെ രീതി. നോട്ടുകെട്ടുകൾ കൂട്ടിവെച്ച സുരേഷ് കുറ്റവാളി; ഭൂമിയിലും സ്വർണത്തിലും ബിനാമികളിലും പണം സുരക്ഷിതമായി നിക്ഷേപിച്ചവർ മാന്യന്മാർ! ഇതെന്ത് നീതി?
പിണറായി സർക്കാർ കേരളം ഭരിക്കാൻ തുടങ്ങിയിട്ട് വർഷം ഏഴായി. രണ്ടാം സർക്കാരിന്റെ രണ്ടാം വാർഷികമാണ് ഇപ്പോൾ പൊടിപൊടിക്കുന്നത്. സർക്കാരിന് പറയൻ നേട്ടങ്ങൾ ഒരുപാടുണ്ട്. സർക്കാർ വിദ്യാലയങ്ങളും ആശുപത്രികളും നന്നാക്കിയതടക്കം ചെറുതും വലുതുമായ കാര്യങ്ങൾ. സർക്കാരിന് ഒരുപാട് അവകാശവാദങ്ങളുണ്ട്. എന്നാൽ സർക്കാർ ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കിയെന്നോ കുറച്ചുവെന്നോ നിയന്ത്രിച്ചുവെന്നോ മുഖ്യമന്ത്രിയോ മന്ത്രിമാരോ മുഖ്യഭരണകക്ഷിയായ സിപിഎമ്മോ ഇതുവരെ ഒരിടത്തും പറഞ്ഞതായി കേട്ടിട്ടില്ല. അത്രയും സത്യസന്ധത അവർക്കുണ്ടെന്ന് നാം സമ്മതിച്ചുകൊടുക്കണം.
ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ഏഴുവർഷം മുമ്പ് വികാരഭരിതനായി പറഞ്ഞയാളാണ് പിണറായി വിജയൻ. അതിൽ ആത്മാർഥതയുടെ അംശമുണ്ടായിരുന്നുവെങ്കിൽ നടപടിയെടുക്കാൻ അദ്ദേഹത്തിന് വേണ്ടത്ര സമയമുണ്ടായിരുന്നു. സർക്കാർ സർവീസിലെ അഴിമതിക്കെതിരെ ഗവർമെണ്ട് ചെറുവിരൽ അനക്കാത്തതിന്റെ ഫലമായി ഓഫീസുകളിൽ കൈക്കൂലി ഭീകരമായി വർധിച്ചു. വാങ്ങുന്നവരുടെ എണ്ണം മാത്രമല്ല കൂടിയത്. വാങ്ങുന്ന തുകയുടെ വലുപ്പവും വർധിച്ചു. പല ഓഫീസുകളിലും പണം കൊടുക്കാതെ ഒരു കാര്യവും നടക്കില്ല എന്ന അവസ്ഥയായി. കൈക്കൂലി കൊടുക്കാതെ ഒരു ഓട്ടോറിക്ഷക്ക് മോട്ടോർ വാഹന വകുപ്പ് ഫിറ്റ്‌നസ് കൊടുക്കുമോ ? ഇന്നേ വരെ കൊടുത്തിട്ടുണ്ടോ ? സർക്കാർ നിശ്‌ചയിച്ച റജിസ്‌ട്രേഷൻ ഫീസ് മാത്രം അടച്ചാൽ പ്രമാണം റജിസ്‌റ്റർ ചെയ്യാൻ കഴിയുമോ? വില്ലേജ് ഓഫീസിലെ മറ്റു ജീവനക്കാർ അറിയാതെ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാർ ഇത്രകാലം അഴിമതി നടത്തുമോ എന്ന് മുഖ്യമന്ത്രി തന്നെ ചോദിക്കുന്നുണ്ട്. ഇതിനൊരു മറു ചോദ്യമുണ്ട്. മുഖ്യമന്ത്രി അറിയാതെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരുന്നു അഴിമതി നടത്തുമോ? പിണറായി വിജയൻ മറുപടി പറയേണ്ടതുണ്ട്. അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയ ശിവശങ്കറിനെതിരെ വിജിലൻസ് കേസ് നിലനിൽക്കേ സർവീസിൽ തിരിച്ചെടുത്തത് മുഖ്യമന്ത്രി അല്ലേ? നിരവധി ആരോപണങ്ങൾക്ക് വിധേയനായ ലോകനാഥ് ബെഹ്‌റയെ അഞ്ചു കൊല്ലം ഡിജിപി ആയി നില നിർത്തിയത് പിണറായി വിജയൻ അല്ലേ? റിട്ടയർ ചെയ്ത ഉടനെ ബെഹ്‌റയെ കൊച്ചി മെട്രോയുടെ തലപ്പത്ത് അവരോധിച്ചതിനു പിന്നിൽ എന്തു ഉപകാര സ്മരണയാണുള്ളത്? ആശാനക്ഷരം ഒന്നു പിഴച്ചാൽ അമ്പത്താറ് പിഴയ്ക്കും ശിഷ്യന് എന്നാണ്ല്ലോ. സർക്കാർ സർവീസിൽ അഴിമതി നടത്തിയതിനു ആത്യന്തികമായി ഒരാളും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ആദ്യം സസ്‌പന്റ് ചെയ്യപ്പെടുന്നവർ മാധ്യമങ്ങൾ ശ്രദ്ധിക്കാതാകുമ്പോൾ ജോലിയിൽ തിരിച്ചു കയറും. കോടതിയിലുള്ള കേസാണെങ്കിൽ സർക്കാർ വക്കീൽ ഉഴപ്പി ഉദ്യോഗസ്‌ഥനെ രക്ഷിക്കും.
സർക്കാർ ഉദ്യോഗസ്‌ഥർക്ക് ഇപ്പോൾ കിട്ടുന്നത് ആകർഷകമായ ശമ്പളമാണ്. സമൂഹത്തിൽ മറ്റാർക്കും ഇല്ലാത്ത പ്രിവിലേജുകൾ അവർക്കുണ്ട്. വർഷത്തിൽ 80000 കോടി രൂപയാണ് ശമ്പളവും പെൻഷനും കൊടുക്കാൻ പൊതു ഖജനാവിൽ നിന്നു ചെലവഴിക്കുന്നത്. ഇതിനു പൊതു സമൂഹത്തിനു അവർ തിരിച്ചു കൊടുക്കുന്നത് എന്താണ്? ന്യായമായി കിട്ടേണ്ട സേവനങ്ങൾക്ക് കൈക്കൂലി നിർബന്ധം എന്ന അവസ്ഥയല്ലേ?
അഴിമതി ഇല്ലാതാക്കാൻ ഉപദേശമോ ശകാരമോ ഇടയ്ക്കുള്ള വിജിലൻസ് പിടുത്തമോ അല്ല പരിഹാരം. കൈക്കൂലിക്കാരെ പിരിച്ചു വിടാൻ സർക്കാർ തയ്യാറാകണം. നാലുപേരെ പിരിച്ചുവിട്ടാൽ അത്രയെങ്കിലും അഴിമതി കുറയും. സംഘടനാ നേതാക്കളെ സർക്കാർ ആപ്പീസ് ഭരിക്കാൻ അനുവദിക്കരുത്. ഭരണകക്ഷി യൂണിയനുകളാണ് ഇപ്പോൾ സ്‌ഥലംമാറ്റം അടക്കം നടത്തുന്നത്. ഒപ്പിടുന്ന പണിയേ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്കുള്ളു. ആപ്പീസ് മേധാവിയുടെ തലയിൽ കയറിയിരിക്കാൻ ഒരു സംഘടനാ നേതാവിനെയും അനുവദിക്കരുത്. ഇതാണ് അഴിമതി നിയന്ത്രിക്കാനുള്ള മാർഗം. സർക്കാർ ജീവനക്കാരെല്ലാം കൂടി ചേർന്നാൽ അഞ്ചുലക്ഷം വരും. അവരുടെ വോട്ടുള്ള കുടുംബാംഗങ്ങൾ കൂടി ചേർന്നാൽ പതിനഞ്ചു ലക്ഷമാകും. ഈ പതിനഞ്ചു ലക്ഷത്തെ സർക്കാർ എന്തിന് പേടിക്കണം? . കേരളത്തിൽ രണ്ടര കോടി വോട്ടർമാരുണ്ട്. സർക്കാർ ജീവനക്കാരെ വരുതിക്കു നിർത്താൻ കഴിയുന്ന സർക്കാരിന് ജനങ്ങൾ എത്ര കാലം വേണമെങ്കിലും തുടർഭരണം നൽകും.