ചോറിനൊപ്പം വിളമ്പിയ മട്ടണ്‍കറി കുറഞ്ഞുപോയി; ജയിലിൽ അധികൃതരെ ആക്രമിച്ച് പ്രതി
തിരുവനന്തപുരം: ജയിലിൽ ചോറിനൊപ്പം വിളമ്പിയ മട്ടണ്‍കറി കുറഞ്ഞു എന്നാരോപിച്ച് അധികൃതര്‍ക്കെതിരെ പ്രതിയുടെ അക്രമം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത പ്രതി വയനാട് സ്വദേശി ഫൈജാസിനെതിരെ പോലീസ് കേസെടുത്തു. മയക്കുമരുന്ന് കേസിലെ പ്രതിയായാണ് ഇയാള്‍ ജയിലിലെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഊണിനൊപ്പം വിളമ്പിയ മട്ടണ്‍കറി കുറഞ്ഞു പോയി എന്ന് പറഞ്ഞ് ഡെപ്യൂട്ടി ജയിലറേയും മറ്റ് ഉദ്യോഗസ്ഥരേയും ഇയാള്‍ കൈയേറ്റം ചെയ്യുകയായിരുന്നു. എല്ലാ ശനിയാഴ്ചയും ജയിലില്‍ ഊണിനൊപ്പം മട്ടണ്‍ കറിയാണ്. ഒരാള്‍ക്ക് 100 ഗ്രാം കറി വീതമാണ് നല്‍കുക. ഇതിന്റെ അളവ് കുറഞ്ഞു പോയി എന്നു പറഞ്ഞ് ജയിലിന്റെ ടവറിന്റെ മുകളില്‍ കയറി ഫൈജാസ് ബഹളമുണ്ടാക്കുകയായിരുന്നു. ഇയാളെ അനുനയിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു പരാക്രമം. എന്നാൽ നിർദേശിച്ചിട്ടുള്ള അളവ് പ്രകാരമുള്ള കറി പ്രതിക്ക് നല്‍കിയിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ജയില്‍ ഉദ്യോഗസ്ഥരുടെ പരാതിയില്‍ പൂജപ്പുര പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഇയാളെ പ്രത്യേക സെല്ലിലേക്ക് മാറ്റി.