We Talk

ഗുസ്തി താരങ്ങളുടെ എഡിറ്റ് ചെയ്ത ചിത്രം; പിന്നില്‍ ബിജെപി ഐടി സെല്ലെന്ന് ആരോപണം

സമരത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടിന്റെയും സംഗീത ഫോഗട്ടിന്റെയും എഡിറ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. ലൈംഗികാരോപണക്കേസിൽ ഫെഡറേഷൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നുഗുസ്തി താരങ്ങളെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് വാഹനത്തിൽ നിന്നെടുത്ത ഒരു സെൽഫി വിനേഷ് ഫോഗട്ടും സംഗീത ഫോഗട്ടും പങ്കുവച്ചിരുന്നു. ഈ ചിത്രമാണ് ഇരുവരും പുഞ്ചിരിക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഗൗരവമുള്ളവതല്ലെന്ന അവകാശവാദത്തോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഒളിമ്പിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ, മാധ്യമപ്രവർത്തകൻ മൻദീപ് പുനിയ, എഎഫ്‌പിയിലെ മാധ്യമപ്രവർത്തകൻ ഉസൈർ റിസ്‌വി തുടങ്ങിയവർ രം​ഗത്തെത്തി. ബിജെപി ഐടി സെല്ലുകാരാണ് ഈ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതെന്നും ഈ ചിത്രം പോസ്റ്റ് ചെയ്തവർക്കെതിരെ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. ​ഗുരുതരമായ ലൈംഗികാരോപണങ്ങൾ നേരിടുന്ന പ്രതിക്കെതിരെ സർക്കാരോ പോലീസോ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു മാസത്തിലേറെയായി കായികതാരങ്ങൾ ജന്തർ മന്ദറിൽ പ്രതിഷേധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *