We Talk

ചെങ്കോലേന്തിയ മോദി; പാര്‍ലിമെന്റ് മന്ദിരം തുറക്കുമ്പോൾ  പൂജയും ഹവനവും; ഹിന്ദുരാഷ്ട്രത്തിലേക്ക് ഇനി എത്ര ദൂരം?

ഭക്രാനംഗല്‍ അണക്കെട്ടിന്റെ ഉദ്ഘാടനത്തിന് മുമ്പ് ക്ഷേത്ര ദര്‍ശനം നടത്തണം എന്ന് പറഞ്ഞവരോട്, അണക്കെട്ട് ചൂണ്ടിക്കാട്ടി ഇതാണ് ഇന്ത്യയുടെ ക്ഷേത്രം എന്ന് ധൈര്യപൂര്‍വം പറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. സാക്ഷാല്‍ .ജവാഹർ ലാൽ നെഹ്‌റു.  പക്ഷേ ഇന്ന്, ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് പറയുന്ന പാര്‍ലിമെന്റ് മന്ദിരം, ഒരു ക്ഷ്രേത്രത്തിന് സമാനമായ ചടങ്ങുകളോടെ ഉദ്ഘാടനം ചെയ്തത് കാണുമ്പോള്‍ അമ്പരന്നുപോവുന്നു. സന്യാസിമാരുടെ കാല്‍ക്കല്‍ വീഴുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി. രാജാധികാരത്തിന്റെ ചിഹ്‌നമായ ചെങ്കോല്‍ കൈമാറ്റം, ഒപ്പം പൂജയും യജ്ഞവും ഹവനവും. ലോകം ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ചിറകിലേറി കുതിക്കുമ്പോള്‍, ഭാരതം പുറംതിരിഞ്ഞ് നടക്കുകയാണ്.. നെഹ്‌റുവില്‍നിന്ന് മോദിയിലേക്കുള്ള ദൂരം നൂറ്റാണ്ടുകള്‍ അല്ല,  പ്രകാശ വര്‍ഷങ്ങളാണ്.

മതേതരത്വം എന്ന വാക്കിന്റെ അര്‍ത്ഥം, എല്ലാമതങ്ങളെയും തുല്യമായി പ്രീണിപ്പിക്കുക എന്നതാണ്  ഇതുവരെ ഇന്ത്യയില്‍ കണ്ടത്. ഒരു മൗലവിയും പള്ളീലച്ചനും  പൂജാരിയും ചേർന്നിരുന്നാൽ  നമുക്ക് മതേതരത്വമായി. പക്ഷേ നെഹ്‌റുവും അംബേ്ദക്കറും വിഭാവനം ചെയ്ത മതേതരത്വം  ശരിക്കും മത ഇതരം തന്നെയായിരുന്നു. രാഷ്ട്ര ശരീരത്തിലേക്ക് മതത്തെ അടുപ്പിക്കാതെ, രണ്ടിനെയും രണ്ടാക്കി നിര്‍ത്തുക എന്നതായിരുന്നു അത്.  പക്ഷേ കഴിഞ്ഞ കുറേക്കാലമായി  സെക്കുലറിസം നമ്മൾക്ക് , സര്‍വമത പ്രാര്‍ത്ഥനയൊക്കെയായുള്ള എല്ലാ മതങ്ങളെയും പ്രീണിപ്പെടുത്തുന്ന ഏർപ്പാടായി. 

എന്നാല്‍ ഇപ്പോള്‍ അതില്‍നിന്നും മാറി, കൃത്യമായ ഹിന്ദുരാഷ്ട്രത്തിലേക്ക് നാം കാലെടുത്തുവെക്കുന്നതിന്റെ  സൂചനകളാണ്, ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന്‌ ലഭിക്കുന്നത്.  1200 കോടിയുടെ പുതിയ ഹൈടെക്ക്  പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന കോലാഹലങ്ങളിലുടെ, ഇന്ത്യ എന്ന ഈ മഹാരാജ്യം എല്ലാവരുടേതുമല്ല ,ഹിന്ദുക്കളുടേത് മാത്രമാണെന്ന് അടിവരയിടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ചെയ്തത്. . ഒരു അമ്പലം തുറക്കുന്നതുപോലുള്ള പരിപാടികളാണ് അവിടെ നടന്നത്.

ചീപ്പ് മോദി ഷോ 

അത് മാത്രമല്ല,  ഒരു രാജ്യം, ഒരൊറ്റ നേതാവ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചുരുങ്ങുകയാണ്. . ഇന്ത്യന്‍ രാഷ്ട്രപതിപോലും ചടങ്ങില്‍ ക്ഷണിക്കപ്പെടുന്നില്ല.  ഗോത്രവര്‍ഗ്ഗക്കാരിയായ ദ്രൗപദി മുര്‍മു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ അവര്‍ക്കെതിരെ വെറുമൊരു കാലുമാറ്റ രാഷ്ട്രീയക്കാരനായ യശ്വന്ത് സിന്‍ഹയെ പൊക്കിക്കൊണ്ടു വന്ന പ്രതിപക്ഷത്തിന് പെട്ടെന്നുണ്ടായ  ഗോത്രവര്‍ഗപ്രേമം മഹാ കാപട്യമാണെങ്കിലും പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ നിന്ന് പ്രഥമപൗരയെ ഒഴിവാക്കിയത് അനൗചിത്യം തന്നെയാണ്.  രാഷ്ട്രപതി, ഈ മന്ദിരം ഉദ്ഘാടനം ചെയ്യുകയും, പ്രധാനമന്ത്രി അതിന് കാഴ്ചക്കാരനാവുകയും ചെയ്തിരുന്നെങ്കില്‍ എത്ര മഹത്തായ മൂഹുര്‍ത്തമായി അത് മാറുമായിരുന്നു.

ഇന്ത്യയുടെ ചരിത്രത്തിലെ ജനപ്രീതിയുള്ള നേതാക്കളിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണ് നരേന്ദ്രമോദി. രാജ്യത്തിനകത്തും പുറത്തും മോദിക്ക് ഉയർന്ന തലത്തിൽ സ്വീകാര്യതയുണ്ട്.  അദ്ദേഹത്തിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണകാലത്ത് ആര്‍ക്കും നിഷേധിക്കാൻ പറ്റാത്ത  കുറെയേറെ നല്ല കാര്യങ്ങൾ  നടന്നിട്ടുണ്ട്. തൊട്ടു മുൻപുള്ള യു പി എ സർക്കാരുമായി താരതമ്യം ചെയ്യുമ്പോൾ അഴിമതിയുടെ കാര്യത്തിൽ മാതൃകാപരമാണ് മോദിസർക്കാർ. പക്ഷേ , പ്രധാനമന്ത്രി ഒരു ഷോമാനായി തരംതാഴാന്‍ പാടില്ല. പാര്‍ലമെന്റ് ഉദ്ഘാടനം മോദിഷോ ആയി മാറ്റിയത്  വിലകുറഞ്ഞ പരിപാടിയാണ് .

പാര്‍ലമെന്ററി ഡമോക്രസിയുടെ മാതാവായ ബ്രിട്ടനില്‍ ചാള്‍സ് രാജകുമാരനെ  കിരീടധാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കോമഡികള്‍ അടുത്തിടെ നമ്മള്‍ കണ്ടതാണ്. അതിന് സമാനമായ അനുഷ്ഠാനങ്ങളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് നടന്നത്.

ചെങ്കോലേന്തിയ പ്രധാനമന്ത്രി

 കാലഹരണപ്പെട്ട ഫ്യൂഡല്‍ മുല്യങ്ങള്‍ തിരിച്ചു കൊണ്ടുവരാൻ  ബിജെപി വര്‍ഷങ്ങളായി ശ്രമിക്കുകയാണ്. ഒന്നൊന്നായി അത് പ്രവർത്തിപഥത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്. . ചാണകത്തില്‍ പ്ലുട്ടോണിയും ഉണ്ടെന്നത് തൊട്ട് പുഷ്പകവിമാനം വരെയുള്ള പ്രൊപ്പഗാന്‍ഡകള്‍ ഇതിന്റെ ഭാഗമാണ്. അതിന്റെ വിശാലമായ വേര്‍ഷന്‍ ആണ് പാര്‍ലിമെന്റ് ഉദ്ഘാടനത്തില്‍ ചെങ്കോലിലുടെ നാം കണ്ടത്. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍ ബലി കൊടുത്ത് ഒരു വ്യക്തി സര്‍വാഡംബരത്തോടെ സിംഹാസനവാഴ്ച നടത്തിയ കെട്ടകാലത്തിന്റെ അശ്‌ളീല ചിഹ്നമാണ് ചെങ്കോല്‍. ഒരു ജനാധിപത്യ റിപ്പബ്ലിക്കില്‍ പുരോഹിതന്റെ സ്ഥാനം ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനുള്ളിലാണ്. ചോര മണക്കുന്ന ഉടവാളും സര്‍വപ്രതാപത്തിന്റെ അധികാരദണ്ഡും കോലും കോപ്പും  കിരീടവുമൊക്ക ആര്‍ക്കിയോളജിക്കല്‍ മൂല്യം മാത്രമുള്ള  ഫ്യൂഡല്‍ ശേഷിപ്പുകളാണ് .ചോള- പാണ്ഡ്യ കത്തിക്കുത്തും കുതികാല്‍വെട്ടും വെട്ടിക്കൊലയും പ്രതീകവത്ക്കരിക്കുന്ന  ചെങ്കോലിനെ ജനാധിപത്യത്തിന്റെ ഇരിപ്പിടമായ പാര്‍ലമെന്റിന്റെ ഏഴയലത്ത് പോലും അടുപ്പിക്കാന്‍ പാടുള്ളതല്ല. ചരിത്രത്തിന്റെ ഇരുണ്ട നിലവറകളിലേക്ക് ഉപേക്ഷിച്ച് കളയേണ്ട അവശിഷ്ടങ്ങളെയാണ് എന്തോ മഹാസംഭവം പോലെ മോദി സര്‍ക്കാര്‍ എഴുന്നെള്ളിച്ചു കൊണ്ടുവരുന്നത്.

കുരുക്ഷേത്രയുദ്ധം ജയിച്ചിട്ടും ഒരു ദിവസം പോലും മനസ്സമാധാനത്തോടെ ജീവിക്കാന്‍ കഴിയാതിരുന്ന യുധിഷ്ഠിരനും, മഹായുദ്ധത്തില്‍ രാവണനെ  കീഴടക്കിയിട്ടും ദുഃഖം വിട്ടൊഴിയാതെ സരയൂ നദിയില്‍ ആത്മാഹുതി ചെയ്ത ശ്രീരാമചന്ദ്രനും , സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ചെങ്കോലുകളുടെ   നിരര്‍ത്ഥകതയെ ചൂണ്ടിക്കാട്ടുന്നു. അധികാരത്തിന്റെ ഡോഗ് ഷോകളെ ഇതിഹാസങ്ങളുടെ ക്‌ളൈമാക്‌സില്‍ പുച്ഛിച്ച് തള്ളിയവരാണ് വ്യാസനും വാത്മീകിയുമെന്നത് മറക്കരുത്. സിംഹാസനവും ദര്‍ബാറും ചെങ്കോലും അരങ്ങുവാഴുന്ന  വ്യവസ്ഥിതിയില്‍  ഒരു സാദാ ചായക്കടക്കാരന്റെ മകന് ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന് നരേന്ദ്രമോദി ഓര്‍ക്കേണ്ടതായിരുന്നു.

ഹിന്ദുരാഷ്ട്രത്തിലേക്ക് ഇനി അധികം ദൂരമില്ല എന്ന് കൃത്യമായി ഓര്‍മ്മിപ്പിച്ചുകൊണ്ടാണ്, പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന് തുടക്കമാവുന്നത്. ഞങ്ങള്‍ ഭരിക്കും, ഞങ്ങള്‍ തീരുമാനിക്കും, നിങ്ങള്‍ ആരാണ് ചോദിക്കാന്‍ ?  എല്ലാ ഒളിയും മറയും നീങ്ങി,  ഹിന്ദുരാഷ്ട്രം എന്ന അജണ്ട പരസ്യമായി പുറത്തുവരികയാണ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും സിഖും പാഴ്‌സിയും ജൈനനും എല്ലാം അടങ്ങുന്ന ഒരേ ഒരിന്ത്യ, ബഹുസ്വര ഇന്ത്യ , ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കു വലിച്ചെറിയപ്പെടുകയാണ്.  

Leave a Reply

Your email address will not be published. Required fields are marked *