ചരിത്രത്തിലാദ്യമായി ഫാറൂഖ് കോളേജിന് വനിത പ്രിൻസിപ്പൽ
കോഴിക്കോട്: ഫാറൂഖ് കോളേജിന്റെ പിറവിക്ക് നേതൃത്വം കൊടുത്ത കെ എം സീതി സാഹിബിന്റെ കുടുംബത്തിൽ നിന്ന് തന്നെ ചരിത്രത്തിലാദ്യമായി ഫാറൂഖ് കോളേജിന് ആദ്യത്തെ വനിതാ പ്രിൻസിപ്പൽ. ഇംഗ്ലീഷ് വിഭാഗത്തിലെ അസോസിയറ്റ് പ്രഫസറും സീതി സാഹിബിന്റെ കൊച്ചു മരുമകളും ആയ ഡോ. ആയിഷ സ്വപ്നയാണ് ആദ്യ വനിത പ്രിൻസിപ്പലാകുന്നത്. കെ എം സീതിസാഹിബിന്റെ അതിയായ ആഗ്രഹമായിരുന്നു മലബാറിലൊരു ഫസ്റ്റ് ഗ്രേഡ് കോളേജ്. അങ്ങനെയാണ് 1948 ൽ ഓഗസ്റ്റ് 12ാം തിയതി ഫാറൂഖ് കോളേജ് പ്രവർത്തനമാരംഭിക്കുന്നത്. അന്ന് മലബാർ പ്രദേശത്തെ ആദ്യ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയിരുന്നു ഇത്. 1948ൽ സ്ഥാപിതമായ ഫാറൂഖ് കോളേജിൽ ഒരു പെൺകുട്ടി ആദ്യമായി പഠിക്കാനെത്തിയത് 1957 ലാണ്. എന്നാൽ ഇന്ന് 75 ശതമാനത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന കാമ്പസാണ് ഫാറൂഖ് കോളേജ്. ഓരോ വർഷവും ഉന്നത പഠനത്തിനെത്തുന്ന പെൺകുട്ടികളുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുകയാണ്.
2008 ലാണ് ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ആയിഷ സ്വപ്ന ചേർന്നത്. നിലവിൽ ഫാറൂഖ് കോളേജിലെ ഐ.ക്യു.എ.സി (ഇന്റേർണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ) കോഡിനേറ്ററാണ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ബിഎഡും കരസ്ഥമാക്കിയ ആയിഷ സ്വപ്ന, മികച്ച സംഘാടകയും പ്രഭാഷകയുമാണ്.
ഭർത്താവ് ഡോ. സി.കെ. മഖ്ബൂൽ ജെ.ഡി.ടി ഇസ്‍ലാം ആർട്സ് ആൻഡ് സയൻസ് കോളജിന്റെ പ്രിൻസിപ്പലാണ്. മക്കൾ: അദ്നാൻ, അഫ്രീൻ.